എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുമായി വാട്‌സ്ആപ്പ് മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് വരും
മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ടിന് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകാവുന്ന വെല്ലുവിളികള്‍ പരിഹരിച്ചതായി മാര്‍ക്ക് സക്കര്‍ബര്‍ഗ് പ്രസ്താവിച്ചിരുന്നു
വാട്‌സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്ന മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് ഫീച്ചര്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സഹിതമായിരിക്കും. ഉപയോക്താക്കളുടെ സ്വകാര്യതാ ഉറപ്പുവരുത്തുന്നതിന് ടെക്സ്റ്റ് മെസേജുകള്‍, വോയ്‌സ് മെസേജുകള്‍, ഫോട്ടോകള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍, കോളുകള്‍ എന്നിവ അയച്ചയാള്‍ക്കും സ്വീകര്‍ത്താവിനും ഒഴികെ മറ്റാര്‍ക്കും ലഭിക്കില്ലെന്നും സുരക്ഷിതമായിരിക്കുമെന്നുമാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പ് വര്‍ഷങ്ങളായി അവകാശപ്പെടുന്നത്. എന്നാല്‍ ആശയവിനിമയം നടത്തുന്ന കൂടുതല്‍ ഡിവൈസുകളുമായി ഇതേ സുരക്ഷ നല്‍കുന്നത് എളുപ്പമായിരിക്കില്ല. സാങ്കേതിക വെല്ലുവിളികള്‍ നേരിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സഹിതം മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് ഫീച്ചര്‍ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ വാട്‌സ്ആപ്പ് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് അവതരിപ്പിക്കുന്നത് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സഹിതമായിരിക്കുമെന്ന് വാട്‌സ്ആപ്പ് ബീറ്റ വിവരങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്ന ഡബ്ല്യുഎബീറ്റഇന്‍ഫൊ റിപ്പോര്‍ട്ട് ചെയ്യുന്നു.
വാട്‌സ്ആപ്പില്‍ മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് പ്രയോജനപ്പെടുത്തുമ്പോള്‍ ചാറ്റുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കുമെന്ന് ഈ മാസമാദ്യം മാര്‍ക്ക് സക്കര്‍ബര്‍ഗ് വെളിപ്പെടുത്തിയിരുന്നു. കൂടുതല്‍ ഡിവൈസുകളുമായി മെസേജിംഗ് ആപ്പ് ഉപയോഗിക്കുമ്പോള്‍ യൂസര്‍മാര്‍ തമ്മിലുള്ള ചാറ്റുകള്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതായും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകാവുന്ന വെല്ലുവിളികള്‍ പരിഹരിച്ചതായും ഫേസ്ബുക്ക് സിഇഒ പ്രസ്താവിച്ചിരുന്നു.
2019 ജൂലൈ മുതല്‍ മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലാണ് വാട്‌സ്ആപ്പ്. ഒരേസമയം നാല് ഡിവൈസുകളില്‍ വരെ വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ കഴിയുന്നതാണ് മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് ഫീച്ചര്‍. ആഭ്യന്തരമായി നടത്തുന്ന പരീക്ഷണങ്ങളുടെ അന്തിമ ഘട്ടത്തിലാണ് ഈ ഫീച്ചര്‍ എന്ന് തോന്നുന്നു. അടുത്ത ഒന്നോ രണ്ടോ മാസങ്ങള്‍ക്കുള്ളില്‍ പബ്ലിക് ബീറ്റ വേര്‍ഷനായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞേക്കുമെന്ന് വാട്‌സ്ആപ്പ് മേധാവി വില്‍ കാത്കാര്‍ട്ട് പറഞ്ഞിരുന്നു.
മള്‍ട്ടി ഡിവൈസ് സപ്പോര്‍ട്ട് പ്രയോജനപ്പെടുത്തുമ്പോള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സുരക്ഷ ലഭിക്കുന്നതുകൂടാതെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ബാക്ക്അപ്പ് സൗകര്യവും വാട്‌സ്ആപ്പ് അവതരിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. പബ്ലിക് ബീറ്റ ടെസ്റ്റര്‍മാര്‍ക്കായി പുതിയ ഫീച്ചറുകളുടെ അവതരണം സംബന്ധിച്ച കൃത്യമായ സമയക്രമം പ്രഖ്യാപിച്ചിട്ടില്ല.
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആശയവിനിമയത്തിനായി സിഗ്നല്‍ ആപ്പിന്റെ എന്‍ക്രിപ്ഷന്‍ പ്രോട്ടോക്കോളാണ് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. ഡിജിറ്റല്‍ ആക്റ്റിവിസ്റ്റുകള്‍ ഉയര്‍ത്തുന്ന സ്വകാര്യതാ ആശങ്കകള്‍ പരിഹരിക്കുന്നതിന് ഗൂഗിള്‍ മെസേജസ് ഉള്‍പ്പെടെയുള്ള എതിരാളികളും ഇതേ സുരക്ഷാ മാര്‍ഗം ഉപയോഗിക്കുന്നു. ഇത്തരം പ്ലാറ്റ്‌ഫോമുകളിലെ ആശയവിനിമയങ്ങള്‍ നിരീക്ഷിക്കുന്നതിന് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ തടയുമെങ്കിലും ഇന്ത്യ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളിലെ സര്‍ക്കാരുകളും അന്വേഷണ ഏജന്‍സികളും പിന്‍വാതില്‍ വഴി ഉള്ളടക്കം ലഭിക്കണമെന്ന് ആവശ്യപ്പെടുന്നു.