ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയുമായി വി
1 min read51 രൂപ, 301 രൂപ വില വരുന്ന രണ്ട് വൗച്ചറുകളാണ് വി പുതുതായി അവതരിപ്പിച്ചത്. ഈ പ്ലാനുകളിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും
ന്യൂഡെല്‍ഹി: ഉപയോക്താക്കള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയാണ് വി (വോഡഫോണ്‍-ഐഡിയ). ആദിത്യ ബിര്‍ള ഹെല്‍ത്ത് ഇന്‍ഷുറന്‍സുമായി ചേര്‍ന്നാണ് രണ്ട് റീചാര്‍ജ് വൗച്ചറുകള്‍ക്കൊപ്പം വി ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുന്നത്. ടെലികോം കമ്പനികള്‍ തങ്ങളുടെ പ്ലാനുകള്‍ക്കൊപ്പം ഇത്തരം ആരോഗ്യ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നല്‍കുന്നത് ഇതാദ്യമായല്ല. എയര്‍ടെല്‍ നേരത്തെ തന്നെ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നല്‍കിവരുന്നു.
51 രൂപ, 301 രൂപ വില വരുന്ന രണ്ട് വൗച്ചറുകളാണ് വി പുതുതായി അവതരിപ്പിച്ചത്. ഈ പ്ലാനുകളിലൂടെ ഉപയോക്താക്കള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ‘വി ഹോസ്പികെയര്‍’ എന്ന് ഈ പ്ലാനുകള്‍ അറിയപ്പെടും. ഈ പ്ലാനുകള്‍ തെരഞ്ഞെടുക്കുന്ന എല്ലാ ഉപയോക്താക്കള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്ന് വി അറിയിച്ചു. എയര്‍ടെല്ലും രണ്ട് പ്ലാനുകള്‍ക്കൊപ്പമാണ് ഇന്‍ഷുറന്‍സ് ആനുകൂല്യം നല്‍കുന്നത്.
51 രൂപയുടെ പ്ലാനിലൂടെ ഉപയോക്താക്കള്‍ക്ക് കോളിംഗ്, ഡാറ്റ ആനുകൂല്യങ്ങള്‍ നല്‍കുന്നില്ല. 500 സൗജന്യ മെസേജുകള്‍ മാത്രമായിരിക്കും ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 28 ദിവസമാണ് വാലിഡിറ്റി. ഈ പ്ലാന്‍ വഴി ഉപയോക്താക്കള്‍ക്ക് ആശുപത്രി ചെലവുകള്‍ക്കായി 1,000 രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ് ലഭിക്കും. രണ്ടാമത്തെ വൗച്ചറിന് 301 രൂപയാണ് വില. ദിവസേന 1.5 ജിബി ഡാറ്റയും ദിവസവും 100 മെസേജുകളും 28 ദിവസത്തേക്ക് നല്‍കുന്നതാണ് ഈ പ്ലാന്‍. അണ്‍ലിമിറ്റഡ് കോളിംഗ് ലഭിക്കും. ഈ പ്ലാന്‍ 2 ജിബി ബോണസ് ഡാറ്റയും 1,000 രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കും.
രണ്ട് പ്ലാനുകളും 1,000 രൂപയുടെ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളാണ് നല്‍കുന്നത്. എന്നാല്‍ ഉപയോക്താവിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചാല്‍ തുക ഇരട്ടിയാകുമെന്ന് കമ്പനി അറിയിച്ചു. ഈ വൗച്ചറുകള്‍ 18 നും 55 നും ഇടയില്‍ പ്രായമുള്ള ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും ലഭിക്കുന്നത്. കൂടുതല്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനും നിലവിലുള്ള ഉപയോക്താക്കളെ നിലനിര്‍ത്താനുമാണ് ഇത്തരം പ്ലാനുകള്‍ വി അവതരിപ്പിച്ചത്.