വേണമോ വേണ്ടെയോ? ചൈനീസ് നിക്ഷേപം; അനിശ്ചിതാവസ്ഥ തുടരുന്നു
പുതിയ നിക്ഷേപകരെ തേടി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍
ചൈനയ്ക്കായി വാതില്‍ തുറന്നിടാന്‍ സാധ്യത കുറവ്
ന്യൂഡെല്‍ഹി: ചൈനയില്‍ നിന്നും നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) സ്വീകരിക്കുന്ന കാര്യത്തില്‍ രാജ്യത്ത് അനിശ്ചിതാവസ്ഥ തുടരുന്നു. കമ്യൂണിസ്റ്റ് രാജ്യത്തില്‍ നിന്ന് എഫ്ഡിഐ സ്വീകരിക്കുന്നത് പുനരാരംഭിക്കുമെന്ന് അടുത്തിടെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ചൈനയ്ക്ക് മുന്നില്‍ വാതിലുകള്‍ മലര്‍ക്കെ തുറന്നിടുന്ന സമീപനമായിരിക്കില്ല ഇന്ത്യ സ്വീകരിക്കുകയെന്ന് കേന്ദ്ര സര്‍ക്കാരിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ചൈനീസ് നിക്ഷേപം അത്യന്താപേക്ഷിതമായ, പ്രാദേശിക കമ്പനികള്‍ക്ക് സ്വാധീനം ചെലുത്താന്‍ സാധിക്കാത്ത, ദേശീയ സുരക്ഷയെ ബാധിക്കാത്ത മേഖലകളില്‍ മാത്രം ശക്തമായ നിരീക്ഷണത്തോടെ ചൈനീസ് നിക്ഷേപം സ്വീകരിക്കാമെന്ന നയമായിരിക്കും ഇന്ത്യ കൈക്കൊള്ളുകയെന്നാണ് വിവരം.
ചൈനീസ് നിക്ഷേപത്തിന് മേല്‍ ഇന്ത്യ പിടിമുറുക്കിയതോടെ നിന്നു പോയ പദ്ധതികളാണ് വീണ്ടും പൊടിതട്ടിയെടുക്കാനും ശ്രമമുണ്ടായിരുന്നു. ഏകദേശം രണ്ട് ബില്യണ്‍ ഡോളറിലധികം വരുന്ന 150 നിക്ഷേപ പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈന കൈയടിക്കിവച്ചിരിക്കുന്ന ഹോങ്കോംഗ് വഴി നിക്ഷേപം വഴി തിരിച്ചുവിട്ട യുഎസ്, ജപ്പാന്‍ കമ്പനികള്‍ക്കും ഇന്ത്യയുടെ നയത്തിന്‍റെ ആഘാതമേറ്റു.
150ല്‍ 45 നിക്ഷേപ പദ്ധതികള്‍ക്കാണ് ആദ്യഘട്ടത്തില്‍ കേന്ദ്രം അനുമതി നല്‍കാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞയാഴ്ച്ച വാര്‍ത്ത വന്നിരുന്നു. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ പ്രശ്നങ്ങളില്ലാത്തതാകും പദ്ധതികള്‍. അമിതമായി ചൈനീസ് നിക്ഷേപം പ്രോല്‍സാഹിപ്പിച്ചാല്‍ ആര്‍എസ്എസ് സംഘടനകള്‍ ശക്തമായ എതിര്‍പ്പുന്നയിക്കാനും സാധ്യതയുണ്ട്. ഇതുകൂടി കണക്കിലെടുത്താകും മോദി സര്‍ക്കാരിന്‍റെ തീരുമാനങ്ങള്‍.
ചൈനയിലെ വമ്പന്‍ കമ്പനികളായ ഗ്രേറ്റ് വാളും സായ്ക്കും നിക്ഷേപം അനുവദിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയിലുണ്ടാകുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു.
സ്റ്റാര്‍ട്ടപ്പുകളുടെ പ്രതിസന്ധി
ചൈനീസ് വിരുദ്ധ വികാരം ശക്തമായതോടെ പ്രതിസന്ധിയിലായത് അവിടെ നിന്നും വലിയ തോതില്‍ പണം സ്വീകരിച്ച ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകളായിരുന്നു. നിലവിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ചൈനയ്ക്ക് പകരം മറ്റ് രാജ്യങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാനുള്ള ശ്രമത്തിലാണ് അവര്‍. നിലവിലെ ചൈനീസ് നിക്ഷേപകരെ പങ്കെടുപ്പിക്കാതെയാണ് പല സ്റ്റാര്‍ട്ടപ്പുകളും പുതിയ ഫണ്ടിംഗ് റൗണ്ട് നടത്തുന്നത്. കാഷിഫൈ ഉള്‍പ്പടെയുള്ള സ്റ്റാര്‍ട്ടപ്പുകള്‍ ഈ പട്ടികയിലുണ്ട്.
ചൈനീസ് നിക്ഷേപകര്‍ക്ക് അവരുടെ ഓഹരിയുമായി പുറത്തുപോകാനുള്ള അവസരവും ചില സ്റ്റാര്‍ട്ടപ്പുകള്‍ ഒരുക്കുന്നുണ്ടത്രേ. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് എഫ്ഡിഐ നിയമങ്ങള്‍ മോദി സര്‍ക്കാര്‍ മാറ്റിയത്. ചൈനീസ് മൂലധനമെത്തുന്ന കമ്പനികളെ ഉന്നമിട്ടായിരുന്നു അത്.
ചെറുകിട ചൈനീസ് സ്ഥാപനങ്ങള്‍ക്ക് പുറമെ ആലിബാബ, ടെന്‍സന്‍റ് തുടങ്ങിയ വമ്പന്മാര്‍ക്ക് പേടിഎം, ബിഗ്ബാസ്ക്കറ്റ്, സൊമാറ്റോ, പോളിസി ബസാര്‍, സ്വിഗ്ഗി, ഉഡാന്‍, ബൈജൂസ് തുടങ്ങി ഇന്ത്യയിലെ നിരവധി മുന്‍നിര സ്റ്റാര്‍ട്ടപ്പുകളില്‍ വമ്പന്‍ നിക്ഷേപമുണ്ട്.