വാട്‌സ്ആപ്പ് വഴി മ്യൂച്വൽ ഫണ്ട് നിക്ഷേപസൗകര്യവുമായി യുടിഐ
കൊച്ചി: മ്യൂച്വൽ ഫണ്ട് സ്ഥാപനമായ യുടിഐ മ്യൂച്വൽ ഫണ്ട് രാജ്യത്താദ്യമായി നിക്ഷേപകർക്ക് വാട്‌സ്ആപ്പിലൂടെ നിക്ഷേപ പ്രക്രിയ പൂർത്തിയാക്കാനുള്ള അത്യാധുനിക സൗകര്യം അവതരിപ്പിച്ചു. പേയ്‌മെന്റുകൾ ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും വാട്‌സ്ആപ്പിലൂടെ തന്നെ നിർവ്വഹിക്കാൻ സാധിക്കും. കോടിക്കണക്കിന് ഇന്ത്യക്കാർ ദിവസേന ഉപയോഗിക്കുന്ന വാട്‌സ്ആപ്പിൽ ഒരു സന്ദേശം അയക്കുന്നത് പോലെ ലളിതമായി ഇനി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ നടത്താം. മറ്റൊരു ആപ്പിലേക്കോ ബ്രൗസറിലേക്കോ റീഡയറക്ട് ചെയ്യാതെ തന്നെ ഒറ്റത്തവണ പേയ്‌മെന്റുകളും യുപിഐ വഴിയുള്ള ഇടപാടുകളും വാട്‌സ്ആപ്പ് ചാറ്റിലൂടെ നേരിട്ട് നടത്താനാകും. ഇടപാടുകൾക്കിടയിൽ ലിങ്കുകൾ മാറുന്നത് മൂലം സാധാരണയായി സംഭവിക്കാറുള്ള പണമിടപാട് തടസ്സങ്ങൾ ഒഴിവാക്കാൻ ഈ പുതിയ സംവിധാനം സഹായിക്കും. പ്രമുഖ പേയ്‌മെന്റ് പാർട്ണറായ കാംസ്പേ, കോൺവർസേഷണൽ പ്ലാറ്റ്‌ഫോമായ ഗപ്ഷപ്, മെറ്റയുടെ വാട്‌സ്ആപ്പ് ബിസിനസ്സ് എന്നിവയുടെ സഹകരണത്തോടെയാണ് യുടിഐ മ്യൂച്വൽ ഫണ്ട് ഈ ഡിജിറ്റൽ സൗകര്യം ഒരുക്കിയിരിക്കുന്നത്.
