കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഒക്ടോബറോടെ വ്യവസായ പദവി: മന്ത്രി
തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഒക്ടോബറോടെ വ്യവസായ പദവി നല്‍കുമെന്ന് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. മേഖലയുടെ ദീര്‍ഘകാലമായുള്ള ആവശ്യം പരിഗണിച്ചും ഘടനാപരമായ പരിഷ്കരണത്തിന്‍റെ ഭാഗമായുമാണ് പദവി നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഓണം ടൂറിസം വാരാഘോഷങ്ങളുടെ പ്രധാന വേദിയായ കനകക്കുന്ന് കൊട്ടാരം സന്ദര്‍ശിക്കവേയാണ് ഇക്കാര്യം മന്ത്രി അറിയിച്ചത്. ടൂറിസം മേഖലയ്ക്ക് വ്യവസായ പദവി നല്‍കുന്നതിനുള്ള കരട് നിര്‍ദേശം തയ്യാറാക്കിയിട്ടുണ്ട്. മേഖലയിലെ വിവിധ വിഭാഗങ്ങളുമായി കൂടിയാലോചനകള്‍ പുരോഗമിക്കുകയാണ്. വ്യവസായ പദവി ലഭിക്കുന്നതോടെ ബാങ്ക് സബ്സിഡി, ഏകജാലക അനുമതി തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കും. രാജ്യത്തിനകത്തും പുറത്തും നിന്നുള്ള വലിയ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ ഇത് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വേകുന്നതിനായി നിരവധി പദ്ധതികളും നടപടികളും സര്‍ക്കാര്‍ ആവിഷ്കരിച്ചതായി മന്ത്രി വ്യക്തമാക്കി. അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയും സാംസ്കാരിക ടൂറിസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യം ആഗോള ടൂറിസം വിപണിക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. നിലവിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പലതും അവയുടെ പരമാവധി ശേഷിയിലേക്ക് എത്തുന്ന സാഹചര്യത്തില്‍ പുതിയ കേന്ദ്രങ്ങളുടെ വികസനത്തിനാണ് സര്‍ക്കാര്‍ പ്രധാന്യം നല്‍കുന്നത്. തിരക്കേറിയ സ്ഥലങ്ങളിലേക്ക് പോകാന്‍ സഞ്ചാരികള്‍ താത്പര്യപ്പെടുന്നില്ല, അതിനാല്‍ പുതിയ കേന്ദ്രങ്ങള്‍ വികസിപ്പിക്കാനാണ് തീരുമാനം. ഔദ്യോഗികമായി ടൂറിസം കേന്ദ്രമായി അംഗീകരിച്ചിട്ടില്ലെങ്കിലും കോഴിക്കോട് അകലാപ്പുഴയില്‍ നാല്പതോളം ഹൗസ് ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അകലാപ്പുഴയെ വികസിപ്പിച്ച് വിനോദസഞ്ചാര കേന്ദ്രമാക്കുമെന്ന് മന്ത്രി അറിയിച്ചു. മാലി ദ്വീപിന് സമാനമായ വിനോദസഞ്ചാര സാധ്യതയുള്ള കൊല്ലത്തെ മണ്‍റോതുരുത്തിനെയും വികസിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഇതിന് ശക്തമായ മാര്‍ക്കറ്റിംഗ് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ഓരോ ജില്ലയിലും അധികം അറിയപ്പെടാത്ത നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. ഇവ വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതോടെ നിലവിലെ പ്രധാന കേന്ദ്രങ്ങള്‍ക്കപ്പുറത്തേക്ക് ടൂറിസം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ സാംസ്കാരിക പരിപാടികളും ടൂറിസം വകുപ്പിന്‍റെ വാര്‍ഷിക കലണ്ടറില്‍ ഉള്‍പ്പെടുത്തും. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് കേരളത്തിന്‍റെ തനതും സമ്പന്നവുമായ പൈതൃകം ആസ്വദിക്കാന്‍ ഇതിലൂടെ അവസരമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ കണ്ണൂരില്‍ അരങ്ങേറുന്ന തെയ്യം, സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പടയണി തുടങ്ങിയ സാംസ്കാരിക പരിപാടികള്‍ ഉദാഹരണമായി മന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലേക്ക് യാത്ര ആസൂത്രണം ചെയ്യുന്ന സഞ്ചാരികള്‍ക്ക് ഇത്തരം പരിപാടികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിയുന്ന തരത്തില്‍ അവയ്ക്ക് പ്രചാരണം നല്‍കുകയാണ് ലക്ഷ്യം. ‘കേരളം സന്ദര്‍ശിക്കാനുള്ള കേവലമൊരു സ്ഥലമല്ല; അനുഭവിച്ചറിയുകയും ആസ്വദിക്കുകയും ചെയ്യേണ്ട ഇടമാണെന്ന്’ മന്ത്രി പറഞ്ഞു. അനുഭവവേദ്യമായ ടൂറിസം തേടിയെത്തുന്ന വിദേശസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ടൂറിസം വകുപ്പ് ആവിഷ്കരിച്ച ‘ബി മലയാളി ഫോര്‍ എ ഡേ’ ക്യാമ്പെയ്നിനെ പറ്റിയും മന്ത്രി പരാമര്‍ശിച്ചു. ഓണത്തെ പ്രധാന ടൂറിസം ഉത്പന്നമായി ഉയര്‍ത്തിക്കൊണ്ട് വരുന്നതിനുള്ള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണ്. കേരളത്തെ ആയുര്‍വേദത്തിന്‍റെ ആധികാരിക കേന്ദ്രമായി ലോകത്തിന് മുന്നില്‍ അവതരിപ്പിക്കേണ്ടതിന്‍റെ ആവശ്യകതയും മന്ത്രി ചൂണ്ടിക്കാട്ടി. ശ്രീലങ്ക ഉള്‍പ്പെടെയുള്ള മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ആയുര്‍വേദത്തെ തങ്ങളുടെ ടൂറിസം ഉത്പന്നമായി പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിന്‍റെ തനത് ആയുര്‍വേദ പാരമ്പര്യത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രകൃതിസൗന്ദര്യത്തില്‍ കേരളത്തെ തോല്‍പ്പിക്കാന്‍ ആര്‍ക്കും സാധിക്കില്ല. മെഡിക്കല്‍, വെല്‍നെസ് ടൂറിസത്തിന് വലിയ സാധ്യതയാണ് ഇത് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. വയനാടിനെ കേന്ദ്രീകരിച്ചുള്ള പ്രത്യേക ടൂറിസം ക്യാമ്പയിനും സര്‍ക്കാര്‍ ആവിഷ്കരിക്കുന്നുണ്ട്. അസാധാരണമായ സൗന്ദര്യമുളള വിനോദസഞ്ചാര കേന്ദ്രമാണ് വയനാട് എന്ന് മന്ത്രി വിശേഷിപ്പിച്ചു. അടുത്തിടെ ഉണ്ടായ പ്രകൃതിദുരന്തങ്ങളെ തുടര്‍ന്ന് വയനാടിനെക്കുറിച്ച് സഞ്ചാരികള്‍ക്കിടയില്‍ രൂപപ്പെട്ടിട്ടുളള ആശങ്കകള്‍ മാറ്റുന്നതിനുളള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഒരു പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ മാത്രമാണ് ദുരന്തത്തിന്‍റെ ആഘാതമുണ്ടായതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഹോംസ്റ്റേകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഏകജാലക സംവിധാനത്തിലൂടെ ലളിതമാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായി മന്ത്രി അറിയിച്ചു. പരിശീലനത്തിനായി ഹോംസ്റ്റേ ഉടമകളെ മലബാര്‍, മധ്യകേരളം, തെക്കന്‍ കേരളം എന്നിങ്ങനെ മുന്ന് മേഖലകളായി തിരിക്കും. ഹോംസ്റ്റേ നടത്തിപ്പുകാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ വിവിധ ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. കൂടാതെ, ടൂറിസം സംരംഭകരെന്ന നിലയില്‍ അവരുടെ കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിനായി ചിട്ടയായ പരിശീലന പരിപാടി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഹോംസ്റ്റേ നടത്തുന്നതിനുള്ള ആവശ്യതകളും സഞ്ചാരികളെ സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പരിശീലനത്തില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
