Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കേരളത്തെ എഐ-നൂതനസാങ്കേതികവിദ്യാ ഹബ്ബാക്കും: മുഖ്യമന്ത്രി

1 min read

കൊച്ചി: നിര്‍മ്മിതബുദ്ധി- നൂതനസാങ്കേതികവിദ്യാ മേഖലയിലെ രാജ്യത്തെ ഹബ്ബായി സംസ്ഥാനത്തെ മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു. ആഗോള യാത്രാ വ്യവസായ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ട് ഐബിഎസ് സോഫ്റ്റ്‌വെയര്‍ ഗ്രൂപ്പ് ആരംഭിച്ച എഐ കമ്പനിയായ നാവിക് ടെക്നോളജി ഇൻഫോപാര്‍ക്ക് ഫേസ് ഒന്നിലെ ഐബിഎസ് ടവറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ലോകമെമ്പാടും വിജ്ഞാന വിസ്ഥോടനമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറ‍ഞ്ഞു. എന്തിനും ഏതിനുമുള്ള ഉപകരണമായി നിര്‍മ്മിതബുദ്ധി മാറുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എഐ ഡാഷ് ബോര്‍ഡിന്റെ സഹായത്തോടെ നിക്ഷേപ പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നത് ആരംഭിച്ചു കഴിഞ്ഞു. ഈ ദശകത്തിന്റെ അവസാനമാകുമ്പോഴേക്കും മനുഷ്യബുദ്ധിക്കൊപ്പം നിര്‍മ്മിതബുദ്ധി എത്തുമെന്നാണ് ആഗോളതലത്തിലുള്ള വിദഗ്ധര്‍ കണക്കുകൂട്ടുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടിക്കടി മാറുന്ന ഈ സാഹചര്യം പഠിക്കുന്നതിനു വേണ്ടി ഗ്ലോബല്‍ ജോബ് വാച് ടവര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിയമിച്ച വിദഗ്ധരുടെ റിപ്പോര്‍ട്ട് പരിഗണിച്ച് കരിക്കുലത്തിനും പാഠ്യപദ്ധതിയിലും മാറ്റങ്ങള്‍ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതികവിദ്യയ്ക്കൊപ്പം സമൂഹവും സര്‍ക്കാരും മാറണമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന വ്യവസായ-ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ നിരന്തരമായ മാറ്റത്തിന് വിധേയമാവുകയാണ്. എഐ മേഖലയിലുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണം. ഇതില്‍ നയപരമായ മാറ്റമെന്ന രീതിയലാണ് സംസ്ഥാന ഐടി മിഷന്‍ ഫ്യൂച്ചര്‍ ടെക്നോളജി മിഷനായി മാറുന്നത്. ഇതിലൂടെ വിവിധ മേഖലകളെ സംയോജിപ്പിച്ചു കൊണ്ടുള്ള പുരോഗതി ഉറപ്പാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍തലത്തിലും വ്യക്തിഗത തലത്തിലു്ം എഐ ഉപയോഗം അത്യാവശ്യമാണെന്ന് ഐടി സെക്രട്ടറി സീറാം സാംബശിവറാവു പറഞ്ഞു. ഐഐഐടി എം -കേരളയുടെ കീഴിലുള്ള ഇലക്ട്രോണിക് ഇന്‍കുബേറ്ററിനെ സെമികോണ്‍ കേരളയാക്കി മാറ്റുകയാണ്. സെമികണ്ടക്ടര്‍ മേഖലയില്‍ മൂന്നേ നടക്കാനാണ് കേരളം ശ്രമിക്കുന്നത്. ഇതോടൊപ്പം നൈപുണ്യശേഷി വികസനത്തിനും പ്രാധാന്യം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. ഐടി വ്യവസായത്തിന്റെ അടുത്ത ഘട്ടത്തിലേക്കുള്ള നാഴികക്കല്ലാണ് നാവിക്കിന്റെ പിറവിയെന്ന് ഐബിഎസ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് ചൂണ്ടിക്കാട്ടി. ലോകത്തിന്റെ ആകെ വരുമാനത്തിന്റെ 25 ശതമാനമുള്ള ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെ പ്രവര്‍ത്തന ഇന്ധനമായി നിര്‍മ്മിതബുദ്ധി മാറാന്‍ പോവുകയാണ്. ഈ അവസരം ഉപയോഗപ്പെടുത്തണം. ലോകത്തെ സാങ്കേതികവിദ്യാ ചെലവ് 6.35 ട്രില്യണ്‍ ഡോളറാണ്. ഇതില്‍ 30 ശതമാനം ഐടിയില്‍ നിന്നുമാണ്. അതില്‍ ഇന്ത്യയുടെ സംഭാവന 20 ശതമാനമാണ്. എഐ നിന്നുള്ള വരുമാനം അമ്പത് ശതമാനത്തിനടുത്താണ് വളര്‍ച്ച നേടുന്നത്. എഐ വഴിയുള്ള തൊഴില്‍ നഷ്ടം ഏതാണ്ട് 45 ശതമാനത്തിനടത്തു വരും. ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ എഐ പഠിക്കുകയെന്നത് മാത്രമാണ് പോംവഴി. പുതിയ സാങ്കേതികവിദ്യയില്‍ തത്പരരല്ലാത്തവര്‍ ഐടി വ്യവസായത്തിന് അനഭിമതരാകുമെന്നത് കാലത്തിന്റെ അനിവാര്യതയാണെന്നും വി കെ മാത്യൂസ് പറഞ്ഞു. രണ്ടര ദശകമായി ഐബിഎസ് നല്‍കിവരുന്ന യാത്രാ വ്യവസായ നൈപുണ്യത്തെ നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ നവീകരിക്കുകയാണ് നാവിക് ടെക്നോളജി ചെയ്യുന്നത്. ഐബിഎസിലെ അനുബന്ധ കമ്പനികളില്‍ നിന്ന് സ്വതന്ത്രമായാണ് നാവിക് ടെക്നോളജി പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്രരംഗത്തെ പ്രമുഖ എയര്‍ലൈനുകള്‍, വിമാനത്താവളങ്ങള്‍, ക്രൂയിസ് ലൈനുകള്‍, വെക്കേഷന്‍ പ്രൊവൈഡേഴ്സ്, ഹോസ്പിറ്റാലിറ്റി ഗ്രൂപ്പുകള്‍ എന്നിവയുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ നാവിക് ഉപയുക്തമാക്കും. ബിസിനസ് പരിവര്‍ത്തനങ്ങള്‍, ആധുനികവല്‍ക്കരണം, പുതിയ വരുമാന സ്രോതസ്സുകള്‍ സൃഷ്ടിക്കുക എന്നിവയ്ക്കായി എഐ ഉപയോഗം വര്‍ധിപ്പിക്കാനാണ് നാവിക് ടെക്നോളജിയിലൂടെ ഉദ്ദേശിക്കുന്നത്. ലോകമെമ്പാടുമായി 16-ലധികം ഓഫീസുകള്‍ നാവിക് ടെക്നോളജിക്കായി ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. ലോകമെമ്പാടുമുള്ള പുതു തലമുറ ട്രാവല്‍ ടെക്നോളജി പ്രൊഫഷണലുകളെ ആകര്‍ഷിക്കുന്നതിനാണ് നാവിക് ടെക്നോളജി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എഐ ഗവേഷകര്‍, ഡാറ്റാ ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ക്ക് ഈ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ നാവിക് അവസരമൊരുക്കും.

  കേരളത്തെ ജിസിസി ഹബ്ബാക്കാന്‍ നൂറുദിന പരിപാടി
Maintained By : Studio3