രാജ്യത്തെ ഡിജിറ്റല്‍ പെയ്‌മെന്റുകളില്‍ ഉത്തര്‍പ്രദേശ് മുന്നില്‍
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ 2020 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ബാങ്കുകള്‍ മുഖേനയുള്ള ഇടപാടുകളുടെ മൂല്യം 286 കോടി രൂപ കടന്നു
ന്യൂഡെല്‍ഹി: ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥ് നയിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കൊവിഡ് ലോക്ക്ഡൗണ്‍ ഉള്‍പ്പെടുന്ന കാലയളവില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉത്തര്‍പ്രദേശില്‍ രേഖപ്പെടുത്തിയത്. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിലും കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പ്രചാരണത്തിന് ചിറകുകള്‍ നല്‍കുന്നതിലും ബാങ്കുകള്‍ പ്രധാന പങ്ക് വഹിക്കുന്നതായി സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
നടപ്പു സാമ്പത്തിക വര്‍ഷത്തിലെ 2020 ഡിസംബര്‍ വരെയുള്ള കാലയളവില്‍ ബാങ്കുകള്‍ മുഖേനയുള്ള ഇടപാടുകളുടെ മൂല്യം 286 കോടി രൂപ കടന്നതായി അധികൃതര്‍ അറിയിച്ചു. 2020 സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 151 കോടി രൂപ കൂടുതലാണ്. 112 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
2018 സാമ്പത്തിക വര്‍ഷത്തില്‍ 122.84 കോടി രൂപയുടെയും 2019 സാമ്പത്തിക വര്‍ഷത്തില്‍ 161.69 കോടി രൂപയുടെയും 2020 സാമ്പത്തിക വര്‍ഷത്തില്‍ 189.07 കോടി രൂപയുടെയും ഡിജിറ്റല്‍ ഇടപാടുകളാണ് നടന്നതെന്ന് വക്താവ് വ്യക്തമാക്കി. മൊബീല്‍ ബാങ്കിംഗ്, യൂണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് (യുപിഐ) ആപ്പുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡുകള്‍ തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെയാണ് ഈ ഇടപാടുകള്‍ നടന്നത്.
കൂടാതെ, ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ നഗര്‍, ഫിറോസാബാദ് എന്നീ രണ്ട് ജില്ലകളെ ‘ഡിജിറ്റല്‍ ജില്ല’കളായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കണ്ടെത്തി. ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനം വിപുലീകരിച്ചും ശക്തിപ്പെടുത്തിയും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാന്‍ ഈ ജില്ലകള്‍ സൗകര്യമൊരുക്കുന്നു.