മൊബീല്‍ഐ, ഉഡെല്‍വ് ചേര്‍ന്ന് 35,000 ഓട്ടോണമസ് വാഹനങ്ങള്‍ നിര്‍മിക്കും
2023 ല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇരു കമ്പനികളും പ്രഖ്യാപിച്ചു
സാന്‍ ഫ്രാന്‍സിസ്‌കോ: ഇന്റല്‍ ഉടമസ്ഥതയിലുള്ള മൊബീല്‍ഐ, സിലിക്കണ്‍ വാലി വെഞ്ച്വര്‍ കമ്പനിയായ ഉഡെല്‍വ് എന്നിവ ചേര്‍ന്ന് 2028 ഓടെ 35,000 ഓട്ടോണമസ് വാഹനങ്ങള്‍ നിര്‍മിക്കും. 2023 ല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനം ആരംഭിക്കുമെന്നും ഇരു കമ്പനികളും പ്രഖ്യാപിച്ചു.
ഉഡെല്‍വിന്റെ അടുത്ത തലമുറ ഓട്ടോണമസ് ഡെലിവറി വാഹനങ്ങളെ (എഡിവി) ‘ഡ്രൈവ്’ ചെയ്യുന്നത് മൊബീല്‍ഐയുടെ സെല്‍ഫ് ഡ്രൈവിംഗ് സിസ്റ്റമായ മൊബീല്‍ഐ ഡ്രൈവ് ആയിരിക്കും. ട്രാന്‍സ്‌പോര്‍ട്ടേഴ്‌സ് എന്നാണ് ഈ വാഹനങ്ങളെ വിളിക്കുന്നത്.
വലുപ്പം, സാധ്യത, അതിവേഗ സമയക്രമം എന്നിവ വെച്ചുനോക്കുമ്പോള്‍ ഉഡെല്‍വുമായുള്ള തങ്ങളുടെ കരാര്‍ പ്രധാനപ്പെട്ടതാണെന്ന് മൊബീല്‍ഐ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പ്രൊഫസര്‍ അമ്‌നന്‍ ഷാഷ്വ പറഞ്ഞു.
ഓട്ടോണമസ് ഗുഡ്‌സ് ഡെലിവറിയുടെ ആവശ്യകത വര്‍ധിപ്പിക്കുന്നതായിരുന്നു കൊവിഡ് കാലമെന്ന് വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. സമീപ ഭാവിയില്‍ ആവശ്യത്തിന് സഹായിക്കുന്നതിന് ഉഡെല്‍വുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രൊഫസര്‍ അമ്‌നന്‍ ഷാഷ്വ പറഞ്ഞു.