ഏപ്രില്‍ 20 ന് ആപ്പിള്‍ ഇവന്റ് നടക്കുമെന്ന് സിരി
ഏപ്രില്‍ 20 ന് കുപ്പെര്‍ട്ടിനൊയിലെ ആപ്പിള്‍ പാര്‍ക്കില്‍ നടക്കുമെന്ന് സിരി മറുപടി തരും
കുപ്പെര്‍ട്ടിനൊ, കാലിഫോര്‍ണിയ: ആപ്പിളിന്റെ അടുത്ത ഉല്‍പ്പന്ന അവതരണത്തിന്റെ തീയതി കമ്പനിയുടെ സ്വന്തം ഡിജിറ്റല്‍ അസിസ്റ്റന്റായ സിരി പ്രഖ്യാപിച്ചു. ഒരാഴ്ച്ച കഴിഞ്ഞാല്‍, ഏപ്രില്‍ 20 നായിരിക്കും ആപ്പിള്‍ ഇവന്റ്. യുഎസ് ആസ്ഥാനമായ ആപ്പിള്‍ ഐഡി ഉപയോഗിച്ച് നിങ്ങളുടെ ഐഫോണ്‍, ഐപാഡ്, മാക്ബുക്ക് എന്നിവയിലെ സിരി തുറന്ന് അടുത്ത ആപ്പിള്‍ ഇവന്റ് എപ്പോഴാണ് നടക്കുകയെന്ന് നിങ്ങള്‍ക്കും ചോദിക്കാവുന്നതാണെന്ന് തോന്നുന്നു. അപ്പോള്‍ വിശദാംശങ്ങള്‍ അറിയാന്‍ കഴിയും. ഏപ്രില്‍ 20 ന് കുപ്പെര്‍ട്ടിനൊയിലെ ആപ്പിള്‍ പാര്‍ക്കില്‍ നടക്കുമെന്ന് സിരി മറുപടി തരും.
സാധാരണയായി ആപ്പിള്‍ തങ്ങളുടെ പ്രഖ്യാപനങ്ങളുടെ തീയതി ഒരാഴ്ച്ച മുമ്പാണ് വെളിപ്പെടുത്തുന്നത്. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ പ്രതീക്ഷിക്കുന്നു. ഏത് ഉല്‍പ്പന്നമായിരിക്കും അവതരിപ്പിക്കുകയെന്ന് സൂചന തരുന്ന ചിത്രവും ഒപ്പം ഉണ്ടായിരിക്കും. കഴിഞ്ഞ ഏതാനും മാസങ്ങളായി അസംഖ്യം ഊഹാപോഹങ്ങള്‍ പ്രചരിക്കുകയാണ്. മിനി എല്‍ഇഡി ഡിസ്‌പ്ലേ, എ14എക്‌സ് ചിപ്പ് എന്നിവ സഹിതം ബ്രാന്‍ഡ് ന്യൂ 12.9 ഇഞ്ച് ഐപാഡ് പ്രോ അവതരിപ്പിക്കുമെന്നാണ് കിംവദന്തി. 11 ഇഞ്ച് മോഡല്‍, ഐപാഡ് മിനി, പുതിയ എയര്‍പോഡുകള്‍ എന്നിവയും പുറത്തിറക്കുമെന്ന് പ്രചരിക്കുന്നു.