ജാഗ്വാര്‍ ഐ പേസ് മാര്‍ച്ച് 23 ന് എത്തും
ഒരു കോടിയോളം രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നു
മുംബൈ: ജാഗ്വാര്‍ ഐ പേസ് ഈ മാസം 23 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇന്ത്യയിലെ രണ്ടാമത്തെ ആഡംബര ഇലക്ട്രിക് കാറായിരിക്കും ജാഗ്വാര്‍ ഐ പേസ്. മെഴ്‌സേഡസ് ബെന്‍സ് ഇക്യുസി ആയിരുന്നു ആദ്യ മോഡല്‍. ജാഗ്വാറിന്റെ പൂര്‍ണ വൈദ്യുത കാറിന് ഒരു കോടിയോളം രൂപ എക്‌സ് ഷോറൂം വില പ്രതീക്ഷിക്കുന്നു. ഐ പേസ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി രാജ്യത്തെ 19 നഗരങ്ങളിലെ 22 ഡീലര്‍ഷിപ്പുകളില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചതായി ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ അറിയിച്ചു. ജാഗ്വാറിന്റെ ആദ്യ ഇലക്ട്രിക് വാഹനം മാര്‍ച്ച് ഒമ്പതിന് ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.
രാജ്യത്തെ മെട്രോ നഗരങ്ങളിലെയും പ്രധാന നഗര കേന്ദ്രങ്ങളിലെയും റീട്ടെയ്ല്‍ സ്റ്റോറുകളില്‍ ചാര്‍ജിംഗ് സൗകര്യം ഒരുക്കിയതായി ജെഎല്‍ആര്‍ ഇന്ത്യ വ്യക്തമാക്കി. മാത്രമല്ല, ഉപയോക്താക്കളുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നതിനും ആശങ്കകള്‍ പരിഹരിക്കുന്നതിനും ഡീലര്‍ഷിപ്പുകളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കി. ഇലക്ട്രിക് വാഹനങ്ങള്‍ പുതിയൊരു മൊബിലിറ്റി സംവിധാനം മാത്രമല്ല, പുതിയ ഉടമസ്ഥതാ അനുഭവം കൂടിയായിരിക്കുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്റ്ററുമായ രോഹിത് സൂരി പറഞ്ഞു.
നിലവില്‍ രാജ്യത്തെ വിവിധ ജെഎല്‍ആര്‍ ഡീലര്‍ഷിപ്പുകളിലായി 35 ഓളം ഇവി ചാര്‍ജറുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കൂടുതല്‍ ചാര്‍ജറുകള്‍ സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളിലാണെന്ന് കമ്പനി അറിയിച്ചു. കൂടാതെ, ജാഗ്വാര്‍ ഐ പേസ് ചാര്‍ജ് ചെയ്യുന്നതിന് ടാറ്റ പവറിന്റെ ‘ഇസെഡ് ചാര്‍ജ് നെറ്റ്‌വര്‍ക്ക്’ ഉപയോഗിക്കാന്‍ കഴിയും. രാജ്യത്തെ മാളുകള്‍, പാര്‍പ്പിട സമുച്ചയങ്ങള്‍, ദേശീയപാതയോരങ്ങള്‍ എന്നിവിടങ്ങളിലായി 200 ഓളം ചാര്‍ജിംഗ് പോയന്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. മാത്രമല്ല, ചുവരില്‍ സ്ഥാപിക്കാന്‍ കഴിയുന്ന 7.4 കിലോവാട്ട് എസി ചാര്‍ജര്‍ ഉപയോക്താക്കള്‍ക്ക് നല്‍കും. കേബിള്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാം.
ജാഗ്വാറിനെ സംബന്ധിച്ചിടത്തോളം പുതിയ യുഗത്തിന്റെ തുടക്കമാണ് ഐ പേസ്. 2025 ഓടെ ഓള്‍ ഇലക്ട്രിക് ബ്രാന്‍ഡായി മാറുകയാണ് ലക്ഷ്യമെന്ന് കമ്പനി ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇരട്ട ഇലക്ട്രിക് മോട്ടോറുകളാണ് ജാഗ്വാര്‍ ഐ പേസിന് കരുത്തേകുന്നത്. ആകെ 394 ബിഎച്ച്പി കരുത്തും 696 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 90 കിലോവാട്ട് ഔര്‍ ലിഥിയം അയണ്‍ ബാറ്ററിയാണ് ഉപയോഗിക്കുന്നത്. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 480 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗമാര്‍ജിക്കാന്‍ 4.8 സെക്കന്‍ഡ് മതി. എസ്, എസ്ഇ, എച്ച്എസ്ഇ എന്നീ മൂന്ന് വേരിയന്റുകളില്‍ ജാഗ്വാര്‍ ഐ പേസ് ലഭിക്കും.