December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഉള്ളുതുറന്ന് സ്‌കോഡ കുശാക്ക്  

കോംപാക്റ്റ് എസ്‌യുവിയുടെ ഉള്‍വശം സംബന്ധിച്ച രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു  

പുണെ: സ്‌കോഡ കുശാക്ക് കോംപാക്റ്റ് എസ്‌യുവിയുടെ ഉള്‍വശം സംബന്ധിച്ച രേഖാചിത്രങ്ങള്‍ ചെക്ക് കാര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. ഈ മാസം 18 ന് ഇന്ത്യയില്‍ ആഗോള അരങ്ങേറ്റം നടത്തുന്നതിന് മുമ്പാണ് ഇന്റീരിയര്‍ സംബന്ധിച്ച ഏറെക്കുറേ വിവരങ്ങള്‍ തരുന്ന പുതിയ സ്‌കെച്ചുകള്‍ സ്‌കോഡ ഓട്ടോ ഇന്ത്യ പുറത്തിറക്കിയത്. ഇന്ത്യാ 2.0 പ്രോജക്റ്റിന്റെ ഭാഗമായി പ്രധാനമായും ഇന്ത്യന്‍ വിപണി ലക്ഷ്യമാക്കിയാണ് സ്‌കോഡ കുശാക്ക് വികസിപ്പിച്ചത്. മാത്രമല്ല, ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ എംക്യുബി എ0 പ്ലാറ്റ്‌ഫോം ഇന്ത്യാ അനുകൂല ഭേദഗതികളുമായി എംക്യുബി എ0 ഐഎന്‍ എന്ന പേരില്‍ പരിഷ്‌കരിച്ചിരുന്നു. ഈ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ആദ്യഘട്ട കാറുകളിലൊന്നാണ് സ്‌കോഡ കുശാക്ക്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യാ 2.0 പ്രോജക്റ്റിന് നേതൃത്വം നല്‍കുന്നത് സ്‌കോഡയാണ്. ഇന്ത്യാ 2.0 പ്രോജക്റ്റിന്റെ ഭാഗമായി സ്‌കോഡ, ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡുകള്‍ ചേര്‍ന്ന് പുറത്തിറക്കുന്ന നാല് പുതിയ കാറുകളില്‍ ആദ്യത്തേതാണ് കുശാക്ക്. എസ്‌യുവിയുടെ പുറംകാഴ്ച്ചകള്‍ വിശദീകരിക്കുന്ന രണ്ട് രേഖാചിത്രങ്ങള്‍ കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു.

ഇന്റീരിയര്‍ സംബന്ധിച്ച ഔദ്യോഗിക രേഖാചിത്രങ്ങള്‍ നല്‍കുന്നത് ഉള്‍വശം വിശാലമായിരിക്കുമെന്ന സൂചനയാണ്. നടുവിലായി ഉയര്‍ന്നുനില്‍ക്കുന്ന വലിയ ഇന്‍ഫൊടെയ്ന്‍മെന്റ് ഡിസ്‌പ്ലേ കാണാന്‍ കഴിഞ്ഞു. 2 സ്‌പോക്ക് സ്റ്റിയറിംഗ് വളയം ഏറെ സ്‌റ്റൈലിഷ് എന്ന് വിശേഷിപ്പിക്കാം. ലളിതമായ രൂപകല്‍പ്പനയില്‍ ഡുവല്‍ ടോണ്‍ നല്‍കിയതായിരിക്കും കാബിന്‍. കോണ്‍ട്രാസ്റ്റ് എന്ന നിലയില്‍ ബോഡിയുടെ അതേ നിറം ഉള്‍വശത്ത് ചിലയിടങ്ങളിലായി കാണാന്‍ കഴിയും. പുറത്തുവിട്ട ചിത്രങ്ങളില്‍ ഓറഞ്ച് നിറമാണ് കാണുന്നത്. 10 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റമായിരിക്കും കാബിനിലെ ഏറ്റവും വലിയ സവിശേഷത. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി പ്രതീക്ഷിക്കാം. വലിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വലിയ എസി വെന്റുകള്‍, വിവിധയിടങ്ങളില്‍ സ്റ്റോറേജ് സൗകര്യം എന്നിവ ഉണ്ടായിരിക്കും. ബാഹ്യമായ വിശേഷങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക രേഖാചിത്രങ്ങളുടെ അടിസ്ഥാനത്തില്‍ നേരത്തെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനാല്‍ ഇപ്പോള്‍ ആവര്‍ത്തിക്കുന്നില്ല.

സ്‌കോഡ റാപ്പിഡ് ഉപയോഗിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടിഎസ്‌ഐ എന്‍ജിന്‍, സ്‌കോഡ കറോക്കിന് കരുത്തേകുന്ന 1.5 ലിറ്റര്‍, 4 സിലിണ്ടര്‍ ടിഎസ്‌ഐ എന്‍ജിന്‍ എന്നിവയായിരിക്കും സ്‌കോഡ കുശാക്ക് ഉപയോഗിക്കുന്നത്. അതായത്, രണ്ട് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുകളായിരിക്കും ഓപ്ഷനുകള്‍. 6 സ്പീഡ് മാന്വല്‍, 1.0 ലിറ്റര്‍ മോട്ടോറിന് ഓപ്ഷണലായി 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്, 1.5 ലിറ്റര്‍ എന്‍ജിനായി 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് എന്നിവയായിരിക്കും ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.

Maintained By : Studio3