December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

രോഗവ്യാപനം കൂടുന്നു; ജര്‍മനിയില്‍ ലോക്ക്ഡൗണ്‍ മാര്‍ച്ച് 28 വരെ

1 min read

രോഗവ്യാപനത്തിനൊപ്പം പുതിയ വൈറസ് വകഭേദങ്ങളുടെ സാന്നിധ്യം കൂടുന്നതും ജര്‍മനിക്ക് ആശങ്കയാകുന്നു

ബെര്‍ലിന്‍: ലോക്ക്ഡൗണിനിടയിലും ജര്‍മനിയില്‍ കോവിഡ്-19 കേസുകളില്‍ വര്‍ധന. രോഗവ്യാപനം കൂടുന്നതിനൊപ്പം പുതിയ വൈറസ് വകഭേദങ്ങളുടെ വര്‍ധിച്ചുവരുന്ന സാന്നിധ്യവും കണക്കിലെടുത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 28 വരെയെങ്കിലും നീട്ടാന്‍ ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മര്‍ക്കലും ഫെഡറല്‍ സ്റ്റേറ്റുകളുടെ ഭരണാധികാരികളും തീരുമാനിച്ചു. അതേസമയം അഞ്ച് ഘട്ടങ്ങളായി അടച്ചിടല്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിനുള്ള പദ്ധതിയും സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ഈ മാസം ആദ്യം തന്നെ ജര്‍മനിയില്‍ സ്‌കൂളുകളും സലൂണുകളും തുറന്നിരുന്നു. അടുത്ത ആഴ്ച ബുക്ക് സ്‌റ്റോറുകള്‍, പൂവില്‍പ്പന കേന്ദ്രങ്ങള്‍, ഗാര്‍ഡന്‍ സെന്ററുകളും എന്നിവ തുറക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി. അതേസമയം കര്‍ശനമായ ശുചിത്വ മാനദണ്ഡങ്ങളും ഉപഭോക്താക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്.

യൂറോപ്പില്‍ പലയിടങ്ങളിലും പകര്‍ച്ചവ്യാധി അതിശക്തമായി വീണ്ടും തിരിച്ചുവന്ന അനുഭവങ്ങള്‍ ഉള്ളതിനാല്‍ ബുദ്ധിപൂര്‍വ്വമേ അടുത്ത നടപടികള്‍ സ്വീകരിക്കുകയുള്ളുവെന്ന് ആഞ്ചല മര്‍ക്കല്‍ വ്യക്തമാക്കി. ജര്‍മനിയിലും അപകടകരമായ സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും ലോക്ക്ഡൗണ്‍ നീട്ടിക്കൊണ്ടുള്ള തീരുമാനം പ്രഖ്യാപിക്കവേ മര്‍ക്കല്‍ മുന്നറിയിപ്പ് നല്‍കി. സ്വകാര്യ സന്ദര്‍ശനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളിലും ഇളവ് അനുവദിച്ചിട്ടുണ്ട്. ഒരു കുടുംബത്തിലുള്ളവര്‍ക്ക് മറ്റൊരു കുടുംബവുമായി സന്ദര്‍ശനം നടത്താമെങ്കിലും പരമാവധി അഞ്ചുപേരുടെ കൂടിച്ചേരലിന് മാത്രമാണ് അനുമതി.

ഏഴ് ദിവസത്തെ രോഗവ്യാപന നിരക്ക് (7-ഡേ ഇന്‍സിഡന്‍സ്) അടിസ്ഥാനമാക്കിയാണ് രാജ്യത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ അനുവദിക്കുക. ഇത് നൂറില്‍ കൂടിയാല്‍ സമ്പര്‍ക്കവിലക്ക് കര്‍ശനമാക്കും. ജര്‍മനിയിലെ രോഗ നിയന്ത്രണ, നിര്‍മാര്‍ജന ഏജന്‍സിയായ ആര്‍കെഐയുടെ കണക്കുകള്‍ പ്രകാരം 100,000 ആളുകള്‍ക്കിടയില്‍ ശരാശരി 64.7 ആണ് രാജ്യത്തെ ഏറ്റവും പുതിയ സെവന്‍ഡേ ഇന്‍സിഡന്‍സ് നിരക്ക്.

Maintained By : Studio3