ടാറ്റ പവറിന് രണ്ടാം പാദത്തിൽ 1,652 കോടി രൂപ അറ്റാദായം
കൊച്ചി: ടാറ്റ പവറിന് ചരിത്രത്തിലെ ഏറ്റവും മികച്ച ത്രൈമാസ ലാഭം. നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 33 ശതമാനം വർധിച്ച് 1,652 കോടി രൂപയിലെത്തി. വരുമാനം 26 ശതമാനം വർധിച്ച് 19,886 കോടി രൂപയായും എബിറ്റ്ഡ 5 ശതമാനം ഉയർന്ന് 4,245 കോടി രൂപയായും രേഖപ്പെടുത്തി. വൈവിധ്യവൽക്കരിക്കപ്പെട്ട ഊർജ്ജ പോർട്ട്‌ഫോളിയോയുടെ കരുത്താണ് ഈ മികച്ച പ്രകടനത്തിന് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി. സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ 3,053 കോടി രൂപയുടെ റെക്കോർഡ് അറ്റാദായമാണ് കമ്പനി നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 22 ശതമാനത്തിന്‍റെ വളർച്ചയാണിത്. ഊർജ്ജോൽപ്പാദനം, പുനരുപയോഗ ഊർജ്ജം, ട്രാൻസ്‌മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ തുടങ്ങി എല്ലാ വിഭാഗങ്ങളിലും കൈവരിച്ച മികച്ച വളർച്ചയാണ് ലാഭത്തിൽ പ്രതിഫലിച്ചത്. രാജ്യത്തിന്‍റെ വളരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പകുതിയിൽ കമ്പനി 10,000 കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതിൽ 6,000 കോടിയോളവും പുനരുപയോഗ ഊർജ്ജ മേഖലയിലാണ് നിക്ഷേപിച്ചത്. പുതിയതായി 765 മെഗാവാട്ട് ഹരിതോർജ്ജ പദ്ധതികൾ കൂടി കമ്മീഷൻ ചെയ്തതോടെ ടാറ്റ പവറിന്‍റെ ആകെ ക്ലീൻ ആൻഡ് ഗ്രീൻ എനർജി ശേഷി 8.6 ഗിഗാവാട്ടായി ഉയർന്നു. പുനരുപയോഗ ഊർജ്ജ പദ്ധതികൾ, റൂഫ്‌ടോപ്പ് സോളാർ, ഊർജ്ജ സംഭരണം, ഉപഭോക്തൃ കേന്ദ്രീകൃത സൊല്യൂഷനുകൾ എന്നിവ കമ്പനിയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുകയാണെന്ന് ടാറ്റ പവർ സിഇഒയും മാനേജിംഗ് ഡയറക്‌ടറുമായ ഡോ. പ്രവീർ സിൻഹ പറഞ്ഞു. കൃത്യമായ മൂലധന വിന്യാസത്തിലൂടെയും മികച്ച പ്രോജക്‌ട് പൈപ്പ്‌ലൈനിലൂടെയും ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് മികച്ച പിന്തുണ നൽകാൻ കമ്പനിക്ക് സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗരോർജ്ജ സെല്ലുകളുടെയും മൊഡ്യൂളുകളുടെയും നിർമ്മാണം, ഇവി ചാർജിംഗ് ശൃംഖലയുടെ വിപുലീകരണം എന്നീ മേഖലകളിലും കമ്പനി ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്.
