October 10, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആയുര്‍വേദത്തിലെ സാധ്യതകള്‍ ബിസിനസ് മോഡലുകളാക്കി മാറ്റണം

1 min read

തിരുവനന്തപുരം: ആയുര്‍വേദമേഖലയില്‍ കേരളത്തിനുള്ള പാരമ്പര്യവും ശക്തിയും വിശ്വാസ്യതയും വിജയകരമായ ബിസിനസ്സ് മോഡലുകളാക്കി മാറ്റാനാകണമെന്ന് അന്താരാഷ്ട്ര ലൈഫ് സയന്‍സസ് വ്യവസായ ഉച്ചകോടിയായ ‘ബയോ കണക്ട് 4.0’ ല്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. മെച്ചപ്പെട്ട ഗുണനിലവാര നിര്‍ണ്ണയത്തിലൂടെയും (സ്റ്റാന്‍ഡേര്‍ഡൈസേഷന്‍) അക്കാദമിക രംഗവും വ്യാവസായിക മേഖലയും തമ്മിലുള്ള വിടവ് നികത്തുന്നതിലൂടെയും ഇത് സാധ്യമാകുമെന്നും അവര്‍ പറഞ്ഞു. ആയുര്‍വേദത്തിന്‍റെ ഭാവി സാധ്യതകളെക്കുറിച്ച് നടന്ന പാനല്‍ ചര്‍ച്ചയില്‍ പച്ചമരുന്നുകളുടെ ലഭ്യതക്കുറവ് മറികടന്ന് കൂടുതല്‍ ആയുര്‍വേദ മരുന്നുകള്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചും ആയുര്‍വേദത്തില്‍ ആവശ്യമായ ഗുണനിലവാര നിര്‍ണയ രീതികളെക്കുറിച്ചും വിദഗ്ദ്ധര്‍ ചര്‍ച്ച ചെയ്തു. ഡോ. വൈദ്യ പ്രസാദ് (ഡയറക്ടര്‍ ആന്‍റ് ചീഫ് ഫിസിഷ്യന്‍, സുനേത്രി ആയുര്‍വേദാശ്രമം ആന്‍റ് റിസര്‍ച്ച് സെന്‍റര്‍ ) നയിച്ച ചര്‍ച്ചയില്‍ ഡോ. സഞ്ജീവ് കുമാര്‍ (മുന്‍ സീനിയര്‍ റിസര്‍ച്ച് ഓഫീസര്‍, ഡി.എസ്.യു, ഗവ. ആയുര്‍വേദ കോളേജ്), ഡോ. ഡി.ജി. നമ്പൂതിരി (ജനറല്‍ മാനേജര്‍, ആര്‍ ആന്‍ഡ് ഡി, ശ്രീധരീയം ആയുര്‍വേദിക് ഐ ഹോസ്പിറ്റല്‍ & റിസര്‍ച്ച് സെന്‍റര്‍), ഡോ. ആശിഷ് ജി.ആര്‍ (പ്രിന്‍സിപ്പല്‍ സയന്‍റിസ്റ്റ്, വൈദ്യരത്നം), ഡോ. സുജിത്ത് എറണാഴത്ത് (സി.ഇ.ഒ, ഇന്‍കുബേഷന്‍ സെന്‍റര്‍ ഫോര്‍ ആയുര്‍വേദ ഇന്നൊവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ്), ഡോ. യദു മൂസ്സ് (എക്സിക്യൂട്ടീവ് ഡയറക്ടര്‍, വൈദ്യരത്നം ഗ്രൂപ്പ്), ഡോ. രാജ്മോഹന്‍ വി (അസോസിയേറ്റ് പ്രൊഫസര്‍, ഗവ. ആയുര്‍വേദ കോളേജ്) എന്നിവര്‍ പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ആയുര്‍വേദത്തിന്‍റെ ഈറ്റില്ലമാണ് കേരളമെന്നും 900 ലധികം ഔഷധസസ്യ ഇനങ്ങള്‍ പശ്ചിമഘട്ടത്തിലുണ്ടെന്നും ഡോ. സഞ്ജീവ് കുമാര്‍ ചൂണ്ടിക്കാട്ടി. പച്ചമരുന്നുകളുടെ ലഭ്യതക്കുറവ് കാരണം ആയുര്‍വേദ മരുന്നുകളുടെ വ്യാവസായിക ഉത്പാദനത്തില്‍ കാര്യമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുജനാരോഗ്യ സംവിധാനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ആയുര്‍വേദത്തിന്‍റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ തെളിവുകളില്‍ അധിഷ്ഠിതമായ സംയോജനത്തിലൂടെ വ്യവസ്ഥാപിതമായ സമീപനം വേണമെന്നും ഡോ. രാജ്മോഹന്‍ വി പറഞ്ഞു. കേരളത്തിന്‍റെ കരുത്തായിരുന്ന പരമ്പരാഗത ആയുര്‍വേദ മരുന്നുകളില്‍ ഇപ്പോള്‍ കുറവ് വന്നിട്ടുണ്ട്. വ്യവസായ മേഖലയും താഴെത്തട്ടിലുള്ള ആയുര്‍വേദ പ്രാക്ടീഷണര്‍മാരും തമ്മിലുള്ള വിടവ് നികത്തി ആഗോള വിപണിയിലേക്ക് എത്താന്‍ സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയുര്‍വേദ മേഖലയില്‍ കേരളം ശക്തമാണെങ്കിലും ബിസിനസ്സ് രംഗത്ത് മത്സരശേഷി കുറവാണെന്ന് ഡോ. സുജിത്ത് എറണാഴത്ത് പറഞ്ഞു. കേരളത്തില്‍ നിര്‍മ്മിക്കുന്ന ആയുര്‍വേദ ഉത്പന്നങ്ങളുടെ ‘മെറ്റീരിയല്‍ സേഫ്റ്റി ഡാറ്റാ ഷീറ്റ്’ ലാബുകളുടെ സഹായത്തോടെ തയ്യാറാക്കാന്‍ ശ്രമിക്കണമെന്നും ഇത് ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയുര്‍വേദ മരുന്നുകളുടെ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പാരമ്പര്യ മാനദണ്ഡങ്ങള്‍ക്ക് അപ്പുറത്തേക്ക് കൊണ്ടുപോകണമെന്നും ഭൗതിക, രാസ, സസ്യശാസ്ത്രപരമായ ഘടകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഡോ. ഡി.ജി. നമ്പൂതിരി പറഞ്ഞു. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് പരിഹരിക്കാന്‍ കൃത്രിമ കൃഷിരീതികളെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയുര്‍വേദ ചികിത്സാരീതികളുടെ സ്റ്റാന്‍ഡേര്‍ഡൈസേഷനിലെ പ്രധാന വെല്ലുവിളികളിലൊന്ന് ഡോക്ടര്‍മാര്‍ ഓരോ രോഗിക്കും അനുയോജ്യമായ രീതിയില്‍ മാറ്റങ്ങള്‍ വരുത്തി മരുന്ന് നിര്‍ദ്ദേശിക്കുന്നതാണെന്ന് ഡോ. യദു മൂസ് പറഞ്ഞു. മരുന്നുകള്‍ ശരീരത്തില്‍ എങ്ങനെ, എന്തുകൊണ്ട് പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കുന്നത് സ്റ്റാന്‍ഡേര്‍ഡൈസേഷനെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരുന്നുകള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന സാമഗ്രികളുടെയും പ്രക്രിയകളുടെയും ഗുണനിലവാര നിയന്ത്രണം ആയുര്‍വേദത്തില്‍ ഏറെ പ്രധാനമാണെന്ന് ഡോ. ആശിഷ് ജി.ആര്‍ അഭിപ്രായപ്പെട്ടു.

  SME ഗ്രോത്ത് ഫണ്ട് രൂപീകരിക്കുന്നതിന് 10,000 കോടി രൂപ
Maintained By : Studio3