മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ ഹബ്ബായി തലസ്ഥാന മേഖലയ്ക്ക് മാറാനാകും: ‘ബയോ കണക്ട് 4.0’
തിരുവനന്തപുരം: ഇന്ത്യയുടെ മെഡിക്കല്‍ ഉപകരണ വികസന-നിര്‍മ്മാണ ഹബ്ബായി വളരാന്‍ തിരുവനന്തപുരത്തിന് സാധിക്കുമെന്ന് ‘ബയോ കണക്ട് 4.0’ അന്താരാഷ്ട്ര ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് എക്സ്പോ ആന്‍റ് കോണ്‍ക്ലേവിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഉച്ചകോടിയുടെ ഭാഗമായി നടന്ന “ദ ട്രിവാന്‍ഡ്രം മെഡിക്കല്‍ ക്ലസ്റ്റര്‍” എന്ന പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി), കേരള ലൈഫ് സയന്‍സസ് ഇന്‍ഡസ്ട്രീസ് പാര്‍ക്ക് എന്നിവയുടെ ചെയര്‍മാനായ സി. ബാലഗോപാല്‍ ചര്‍ച്ച നയിച്ചു. മെഡിക്കല്‍ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനും ആരോഗ്യമേഖലയിലെ നവീകരണങ്ങള്‍ വേഗത്തിലാക്കുന്നതിനും ആശുപത്രികളും ലൈഫ് സയന്‍സ് വ്യവസായ മേഖലയും തമ്മില്‍ പങ്കാളിത്തം ആവശ്യമാണെന്ന് സെഷനില്‍ സംസാരിച്ച കിംസ് ഹെല്‍ത്ത് സിഎംഡി ഡോ. എം ഐ. സഹദുള്ള പറഞ്ഞു. കേരളത്തില്‍ വലിയ ആരോഗ്യ സംരക്ഷണ വിപണിയുണ്ടെങ്കിലും ആശുപത്രികളും വ്യവസായ മേഖലയും തമ്മില്‍ ഇപ്പോഴും ആവശ്യത്തിന് ഏകോപനമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തലസ്ഥാന നഗരിയില്‍ മാത്രം സര്‍ക്കാര്‍ ആശുപത്രികളില്‍ 3,500 ഓളം ബെഡുകളും സ്വകാര്യ മേഖലയില്‍ 3,000 ത്തോളം ബെഡുകളുമുണ്ട്. മറ്റ് ചെറുതും വലുതുമായ ആശുപത്രികളിലായി ആയിരക്കണക്കിന് ബെഡുകള്‍ വേറെയുമുണ്ട്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ക്ലിനിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ക്ക് മെഡിക്കല്‍ ഉപകരണ രംഗത്ത് പരിഹരിക്കേണ്ട പ്രായോഗിക പ്രശ്നങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ കഴിയും. ഇന്ത്യ ഇപ്പോഴും വലിയ അളവില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുകയാണ്. എംആര്‍ഐ-കംപാറ്റിബിള്‍ ഇന്‍ഫ്യൂഷന്‍ പമ്പുകള്‍, വെന്‍റിലേറ്ററുകള്‍ തുടങ്ങിയ വിലകൂടിയ ഉത്പന്നങ്ങള്‍ പ്രാദേശികമായി കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കാന്‍ സാധിക്കും. ആശുപത്രികളും നിര്‍മ്മാതാക്കളും തമ്മിലുള്ള സഹകരണത്തിലൂടെ ആവശ്യങ്ങള്‍ തിരിച്ചറിയാനും പ്രോട്ടോടൈപ്പുകള്‍ വികസിപ്പിക്കാനും ഉത്പാദനം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. ആശുപത്രികള്‍, വ്യവസായ മേഖല, അക്കാദമിക് രംഗം, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന പൊതു പ്ലാറ്റ് ഫോം രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആശുപത്രികളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് അനുയോജ്യമായ പരിഹാരങ്ങള്‍ വികസിപ്പിക്കാന്‍ കമ്പനികള്‍ക്കിത് സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലസ്ഥാനത്തെ മെഡിക്കല്‍ ഉപകരണ എക്കോസിസ്റ്റത്തിന്‍റെ പ്രധാന കേന്ദ്രമാണ് ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയെന്ന് എച്ച്എല്‍എല്‍ ലൈഫ് കെയര്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) മുകുന്ദ് ആര്‍. പിള്ള പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് പകരമായി തദ്ദേശീയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ സാധിക്കുന്നു. ഗവേഷണങ്ങള്‍ ഉത്പന്നങ്ങളായി മാറിയതിന്‍റെ ഫലമായി പ്രാദേശികമായി വികസിപ്പിച്ച നിരവധി മെഡിക്കല്‍ ഉപകരണങ്ങള്‍ ഇന്ന് നിലവിലുണ്ട്. സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഉപകരണ നിര്‍മ്മാതാക്കള്‍ എന്നിവരെ ഏകോപിപ്പിക്കുന്ന ഒരു സമിതി ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഇതിനായി സര്‍ക്കാര്‍-സര്‍ക്കാര്‍ ഇതര സംവിധാനങ്ങള്‍ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മെഡിക്കല്‍ ഉപകരണ വികസനത്തില്‍ പ്രീ-ക്ലിനിക്കല്‍ ഗവേഷണവും മനുഷ്യരിലെ ട്രയലുകളും തമ്മിലുള്ള വിടവിനെക്കുറിച്ച് ഓക്സ് ഡിവൈസസ് സിടിഒ യും ടെക്നിക്കല്‍ ഡയറക്ടറുമായ പ്രവീണ്‍ സാഗര്‍ സംസാരിച്ചു. ഗവേഷണവും മൃഗങ്ങളിലെ പരിശോധനയും പൂര്‍ത്തിയാക്കാമെങ്കിലും മനുഷ്യരിലെ പരീക്ഷണ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഉത്പന്നത്തിന്‍റെ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാന്‍ കൃത്യമായി സാക്ഷ്യപ്പെടുത്തിയ ഉത്പാദന രീതികള്‍ ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
