മെര്‍ജ് ഫ്യൂച്ചര്‍ ബിസിനസ്-ടെക് സമ്മേളനം ജനുവരിയില്‍
കോഴിക്കോട്: വാണിജ്യ, സാങ്കേതിക, നിക്ഷേപ മേഖലകളെ ഒരൊറ്റ വേദിയിൽ അണിനിരത്തി കോഴിക്കോടിനെ ആഗോള കേന്ദ്രമാക്കാന്‍ ലക്ഷ്യമിട്ട് കാലിക്കറ്റ് ഫോറം ഫോർ ഇൻഫർമേഷൻ ടെക്നോളജി (കാഫിറ്റ്) ഗവ. സൈബര്‍ പാര്‍ക്കിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘മെർജ് ഫ്യൂച്ചർ 2027’ ബിസിനസ്-ടെക് ഉച്ചകോടി 2027 ജനുവരി 9, 10 തീയതികളിൽ നടക്കും. കാലിക്കറ്റ് ട്രേഡ് സെന്ററിൽ നടക്കുന്ന ഉച്ചകോടിയുടെ പ്രമേയം ‘ചേസ് ദി ചേഞ്ച്'(മാറ്റത്തെ പിന്തുടരൂ) എന്നതാണ്. ആഗോളതലത്തില്‍ ദ്രുതഗതിയിൽ മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക മുന്നേറ്റങ്ങളെ പ്രായോഗിക ബിസിനസ് അവസരങ്ങളാക്കി മാറ്റാനും, കോഴിക്കോടിന്റെ ബിസിനസ് സാധ്യതകൾ അന്താരാഷ്ട്രരംഗത്ത് വിപുലീകരിക്കാനും ലക്ഷ്യമിട്ടാണ് ഉച്ചകോടി ഒരുക്കുന്നതെന്ന് കാഫിറ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2030-ഓടെ കോഴിക്കോടിനെ ദക്ഷിണേന്ത്യയിലെ പ്രമുഖ ബിസിനസ്-ഐ.ടി ഹബ്ബാക്കി മാറ്റുക എന്ന ദീർഘവീക്ഷണത്തോടെയാണ് കാഫിറ്റ് ഈ സംരംഭത്തിന് നേതൃത്വം നൽകുന്നതെന്ന് കാഫിറ്റ് പ്രസിഡന്റ് റിഫാത്ത് റഹ്മാന് പറഞ്ഞു. ഈ മേഖലയിൽ പതിനായിരം കോടി രൂപയുടെ ഐ.ടി അനുബന്ധ വിറ്റുവരവും അമ്പതിനായിരത്തോളം പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണ് ലക്ഷ്യമിടുന്നത്. പ്രമുഖ ഐടി അടിസ്ഥാന സൗകര്യ നിര്‍മ്മാതാക്കളായ ഹൈലൈറ്റ് ഗ്രൂപ്പാണ് പരിപാടിയുടെ ടൈറ്റില്‍ സ്പോണ്സര്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഉച്ചകോടിയിൽ മൂന്ന് പ്രധാന വേദികളിലായി 60 സെഷനുകളും വിവിധ മേഖലകളില്‍ നിന്നുള്ള 100 ല്‍പരം പ്രമുഖരുടെ പ്രഭാഷണവും ഉണ്ടാകും. അത്യാധുനിക ലോകോത്തര സാങ്കേതികവിദ്യകളും ഐടിസേവനങ്ങളും പ്രദർശിപ്പിക്കുന്ന 127 എക്സിബിഷൻ സ്റ്റാളുകളും മേളയുടെ ഭാഗമായുണ്ട്. വ്യവസായ പ്രമുഖർ, സ്റ്റാര്‍ട്ടപ്പുകള്‍, യുവസംരംഭകർ, നിക്ഷേപകർ, സാങ്കേതിക വിദഗ്ദ്ധർ, വിദ്യാർത്ഥികൾ ഉൾപ്പെടെ പതിനായിരത്തിലധികം പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കോഴിക്കോടിന്റെ ഐടി ആവാസവ്യവസ്ഥയ്ക്ക് കരുത്തു പകരുന്നതാകും മെര്‍ജ് ഫ്യൂച്ചര്‍ സമ്മേളനമെന്ന് ഗവ. സൈബര്‍പാര്‍ക്ക് സിഒഒ വിവേക് നായര്‍ പറഞ്ഞു. ഇത്തരം എല്ലാ ഉദ്യമങ്ങളിലും സൈബര്‍പാര്‍ക്കിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. നിർമ്മിത ബുദ്ധി (എ.ഐ), ഫ്യൂച്ചർ ടെക്, സൈബർ സുരക്ഷ, മാർക്കറ്റിംഗ്, ഇ-കൊമേഴ്സ്, ഫിൻടെക്, റീട്ടെയിൽ, മാനുഫാക്ചറിംഗ്, ലോജിസ്റ്റിക്സ്, എന്റർപ്രൈസ് സൊല്യൂഷനുകൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയ അഞ്ച് സുപ്രധാന മേഖലകൾ കേന്ദ്രീകരിച്ചാണ് ചർച്ചകളും പ്രദർശനങ്ങളും നടക്കുന്നത്. വ്യവസായ സംരംഭകർക്ക് പരസ്പരം സഹകരിക്കാനും നിക്ഷേപ അവസരങ്ങൾ കണ്ടെത്താനും നൂതന സാങ്കേതിക പങ്കാളിത്തങ്ങൾ ഉറപ്പാക്കാനും ഈ വേദി അവസരമൊരുക്കും.
