‘നിള-3’ വിക്ഷേപനത്തിനൊരുങ്ങി ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20
തിരുവനന്തപുരം: സ്വകാര്യ മേഖലയില്‍ ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ പെലോഡ്-ഹോസ്റ്റിങ് ഉപഗ്രഹം നിര്‍മ്മിച്ച ടെക്നോപാര്‍ക്ക് ആസ്ഥാനമായ സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 നിള പരമ്പരയിലെ മൂന്നാമത്തെ ബഹിരാകാശ പേടകമായ ‘നിള-3’ അടുത്ത വര്‍ഷം വിക്ഷേപിക്കും. സ്കൈറൂട്ട് എയ്റോസ്പേസിന്റെ ‘വിക്രം-1’ വിക്ഷേപണ ട്രാന്സ്പോര്ട്ടറിലായിരിക്കും ഇത് വിക്ഷേപിക്കുക. ഈ ബഹിരാകാശ ദൗത്യത്തിനായി ഹെക്സ്20 ഹൈദരാബാദ് ആസ്ഥാനമായ സ്കൈറൂട്ട് എയ്റോസ്പേസ്, ജര്‍മ്മനിയിലെ എക്സോലോഞ്ച്, യുകെ ആസ്ഥാനമായ ഓംസ്പേസ് എന്നിവയുമായി സഹകരിക്കും. സ്വകാര്യ മേഖലയില്‍ വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഓര്‍ബിറ്റല്‍-ക്ലാസ് റോക്കറ്റായ ‘വിക്രം-1’ ഈ വര്‍ഷം ജൂലൈയില്‍ സ്കൈറൂട്ട് എയ്റോസ്പേസ് വിജയകരമായി വിക്ഷേപിച്ചിരുന്നു. ഹെക്സ്20യുടെ നിള-3 4യു ബഹിരാകാശ പേടകം ഭ്രമണപഥത്തിലെ പരീക്ഷണ-പ്രകടനത്തിനായി ഓംസ്പേസിന്റെ ഉയര്‍ന്ന താപനിലയിലുള്ള റെസിസ്റ്റോജെറ്റ് വഹിക്കും. എക്സോലോഞ്ചിന്റെ 8യു ഡിസ്പെന്സറില് നിന്നായിരിക്കും ഇത് വിന്യസിക്കുക. സ്കൈറൂട്ട് എയ്റോസ്പേസിന്റെ തന്നെ 4യു ‘സ്കോപ്’ ഉപഗ്രഹവും ഇതേ ഡിസ്പെന്സറിലായിരിക്കും ഉണ്ടാവുക. ഹെക്സ്20 നിര്‍മ്മിച്ച ബഹിരാകാശ പേടകം സ്കൈറൂട്ട് എയ്റോസ്പേസിന്റെ വിക്ഷേപണ ട്രാന്‍സ്പോര്‍ട്ടറില്‍ ഒരു അന്താരാഷ്ട്ര ഉപഭോക്താവിനായി വിക്ഷേപിക്കുന്നത് ബഹിരാകാശ മേഖലയിലെ മേക്ക് ഇന്‍ ഇന്ത്യ എന്ന ആശയത്തോട് ചേരുന്നതാണ്. നിള-3 എക്സോലോഞ്ച് വഴി സ്പേസ് എക്സ് ട്രാന്‍സ്പോര്‍ട്ടറില്‍ വിക്ഷേപിക്കാനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെന്ന് ഹെക്സ്20 സഹസ്ഥാപകനും സിഇഒയുമായ അമല്‍ ചന്ദ്രന് പറഞ്ഞു. അത് സ്കൈറൂട്ട് എയ്റോസ്പേസിന്റെ വിക്ഷേപണ ട്രാന്സ്പോര്ട്ടറിലേക്ക് മാറ്റുന്നത് ഇന്ത്യന്‍ ബഹിരാകാശ ആവാസവ്യവസ്ഥയുടെ വളര്‍ച്ചയെ അടയാളപ്പെടുത്തുന്ന നിമിഷമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹിരാകാശ മേഖലയെ കൂടുതല്‍ പ്രാപ്യമാക്കാന്‍ ശക്തമായ പങ്കാളിത്തം ആവശ്യമാണെന്ന് സ്കൈറൂട്ട് എയ്റോസ്പേസ് സഹസ്ഥാപകനും സിഇഒയുമായ പവന് കുമാര്‍ ചന്ദന പറഞ്ഞു. വിക്ഷേപണം, ഉപഗ്രഹ നിര്‍മ്മാണം, വിന്യാസം, പ്രൊപ്പല്‍ഷന്‍ എന്നീ കഴിവുകളുള്ള നാല് കമ്പനികളെ ഈ ദൗത്യം ഒന്നിപ്പിക്കുന്നു. അന്താരാഷ്ട്ര ഉപഭോക്തൃ-പങ്കാളി ശൃംഖല വിപുലീകരിക്കുന്നതിനൊപ്പം ഈ സാങ്കേതികവിദ്യകളെ വിക്രം-1 ല്‍ ഒരുമിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രാരംഭ ചര്‍ച്ചകളില്‍ നിന്ന് രണ്ട് മാസത്തിനുള്ളില്‍ ഉണ്ടായ പുരോഗതി വേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന വിക്ഷേപണ സാഹചര്യങ്ങളില്‍ കമ്പനികളുടെ കൂട്ടായ പ്രവര്‍ത്തനത്തിലൂടെയുള്ള നേട്ടത്തെ അടയാളപ്പെടുത്തുവെന്ന് എക്സോലോഞ്ച് ചീഫ് റവന്യൂ ഓഫീസര്‍ മിസ്റ്റര്‍ കിയര്‍ ഫോര്‍ട്ടിയര്‍ പറഞ്ഞു. ഹെക്സ്20, എക്സോലോഞ്ച്, സ്കൈറൂട്ട്, ഓംസ്പേസ് എന്നിവ തമ്മിലുള്ള സഹകരണം സ്കൈറൂട്ടിന്റെ വിക്രം ലോഞ്ച് വെഹിക്കിളിലെ ആദ്യ വിക്ഷേപണമാണെന്നും ഇത് ഭാവിയിലെ നിരവധി ദൗത്യങ്ങള്‍ക്ക് വഴിയൊരുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ജൂലൈയില്‍ സ്കൈറൂട്ടിന്റെ വിജയകരമായ ആദ്യ ഭ്രമണപഥ യാത്ര ബഹിരാകാശത്തിലേക്കുള്ള സ്വതന്ത്ര പ്രവേശനത്തിലെ നാഴികക്കല്ലായിരുന്നുവെന്ന് ഓംസ്പേസ് സ്ഥാപകനും സിഇഒയുമായ ഡോ. ഫെഡറിക്കോ റോമെയ് പറഞ്ഞു. ഹെക്സ്20, എക്സോലോഞ്ച് എന്നിവയുമായി ചേര്‍ന്നുള്ള വിക്രമിലെ ആദ്യ ദൗത്യം ബഹിരാകാശ യാത്രാ പാരമ്പര്യത്തിന് ഏറെ പ്രാധാന്യമുള്ള ഈ ഘട്ടത്തില്‍ ഓംസ്പേസിനെ സംബന്ധിച്ച് പുതിയ പാത തുറക്കാന്‍ പോന്നതാണ്. ലോകമെമ്പാടുമുള്ള വിദഗ്ധ കമ്പനികള്‍ കഴിവുകള്‍ പരസ്പരം സംഭാവന ചെയ്ത് നേട്ടങ്ങള്‍ ഒരുമിച്ച് കൈവരിക്കുന്ന രീതിയാണ് ആഗോള ബഹിരാകാശ സമ്പദ്വ്യവസ്ഥയില് ഇപ്പോള്‍ നിലനില്‍ക്കുന്നത്. ഈ യൂറോപ്യന്‍-ഇന്ത്യന്‍ പങ്കാളിത്തത്തിന്റെ ഭാഗമാകുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജര്‍മ്മനിയിലെ ബ്രെമെനില്‍ നടന്ന സ്പേസ് ടെക് എക്സ്പോയിലാണ് യൂറോപ്പ് 2026 ല്‍ നാല് കമ്പനികളും സഹകരണം പ്രഖ്യാപിച്ചത്.
