മെസേജിംഗ് ആപ്പുകളെ കോര്‍ത്തിണക്കി ബീപ്പര്‍
1 min readഐമെസേജ്, വാട്‌സ്ആപ്പ് ഉള്‍പ്പെടെ പതിനഞ്ചോളം ആപ്പുകളെ ഒരു കുടക്കീഴിലാക്കിയ ബീപ്പര്‍ ആപ്ലിക്കേഷനാണ് അവതരിപ്പിച്ചത്
കഴിഞ്ഞ ഒരു പതിറ്റാണ്ടായി മെസേജിംഗ് ആപ്പുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഇവയില്‍ വാട്ട്‌സ്ആപ്പാണ് ആധിപത്യം പുലര്‍ത്തുന്നതെങ്കിലും ഐഒഎസ് ഡിവൈസുകളില്‍ പ്രവര്‍ത്തിക്കുന്ന ഐമെസേജ് ഏറെ ജനപ്രീതി നേടിയ ആപ്പാണ്. ഈയിടെ പ്രശസ്തിയിലേക്ക് ഉയര്‍ന്ന മറ്റൊരു മെസേജിംഗ് ആപ്പാണ് സിഗ്‌നല്‍. മറ്റ് സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയും സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നു. ഈ മെസേജിംഗ് ആപ്പുകളെടുത്ത് അമ്മാനമാടുന്നത് പ്രയാസമേറിയ കാര്യം തന്നെയാണ്.
ഈ പ്രശ്‌നത്തിന് പരിഹാരമെന്നോണം, മെസേജിംഗ് ആപ്പുകളെ കോര്‍ത്തിണക്കി പുതിയ ആപ്പ് വരികയാണ്. ഐമെസേജ്, വാട്‌സ്ആപ്പ് ഉള്‍പ്പെടെ പതിനഞ്ചോളം ആപ്പുകളെ ഒരു കുടക്കീഴിലാക്കിയ ബീപ്പര്‍ ആപ്ലിക്കേഷനാണ് അവതരിപ്പിച്ചതായി പെബിള്‍ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ എറിക് മിഗിക്കോവ്‌സ്‌കി ട്വീറ്റ് ചെയ്തു.
ചാറ്റ് ചെയ്യുന്നതിനും മറ്റും കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ ബീപ്പര്‍ ഉപയോഗിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. മാക്ഒഎസ്, വിന്‍ഡോസ്, ലിനക്‌സ്, ഐഒഎസ്, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ ആപ്പ് ഇപ്പോള്‍ ലഭിക്കും.
ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഐമെസേജ് പ്രവര്‍ത്തിപ്പിക്കുക എന്നതായിരുന്നു വലിയ വെല്ലുവിളിയെന്ന് മിഗിക്കോവ്‌സ്‌കി പറഞ്ഞു. ചില സൂത്രപ്പണികള്‍ ചെയ്തതോടെ ഐമെസേജ് ഇപ്പോള്‍ ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, ലിനക്‌സ് പ്ലാറ്റ്‌ഫോമുകളില്‍ പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വാട്‌സ്ആപ്പ്, ഫേസ്ബുക്ക് മെസഞ്ചര്‍, ഐമെസേജ്, ആന്‍ഡ്രോയ്ഡ് മെസേജുകള്‍ (എസ്എംഎസ്), ടെലഗ്രാം, ട്വിറ്റര്‍, സിഗ്‌നല്‍, ഇന്‍സ്റ്റഗ്രാം, സ്‌കൈപ്പ്, ഹാങ്ഔട്ട്‌സ്, സ്ലാക്ക്, ഐആര്‍സി, മാട്രിക്‌സ്, ഡിസ്‌കോര്‍ഡ്, ബീപ്പര്‍ നെറ്റ് വര്‍ക്ക് എന്നീ മെസേജിംഗ് ആപ്പുകളാണ് പുതിയ പ്ലാറ്റ്‌ഫോമില്‍ അണിനിരക്കുന്നത്. വരിസംഖ്യ നല്‍കി മാത്രമേ ബീപ്പര്‍ ഉപയോഗിക്കാന്‍ കഴിയൂ.