തെലുങ്കാനയില്‍ 1,040 കോടി രൂപയുടെ ഹൈവേ പദ്ധതി അദാനി ട്രാന്‍സ്പോര്‍ട്ടിന്
1 min readന്യൂഡെല്‍ഹി: എന്‍എച്ച്എഐയില്‍ നിന്ന് തെലങ്കാനയിലെ 1039.90 കോടി രൂപയുടെ ദേശീയപാത പദ്ധതി നേടിയതായി അദാനി റോഡ് ട്രാന്‍സ്പോര്‍ട്ട് ലിമിറ്റഡ് (എആര്‍ടിഎല്‍) അറിയിച്ചു. ‘ഹൈബ്രിഡ് ആന്വിറ്റി മോഡില്‍ (എച്ച്എഎം) ഭാരത് മാല പരിയോജനയ്ക്ക് കീഴില്‍, തെലങ്കാന സംസ്ഥനത്തില്‍ കോടാടില്‍ നിന്ന് ഖമ്മാം വരെയുള്ള എന്‍എച്ച് -365 എ നാലുവരിയാക്കുന്നതിനുള്ള കരാര്‍ എആര്‍ടിഎല്ലിന് ലഭിച്ചതായിഅറിയിക്കുന്നു.’ ബിഎസ്ഇ ഫയലിംഗില്‍ കമ്പനി അറിയിച്ചു.
പദ്ധതിയുടെ നിര്‍മാണ കാലയളവ് രണ്ട് വര്‍ഷവും പ്രവര്‍ത്തന കാലയളവ് 15 വര്‍ഷവുമാണ്. അദാനി ഗ്രൂപ്പിന്‍റെ ഭാഗമായ അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്‍റെ (എഇഎല്‍) പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയാണ് എആര്‍ടിഎല്‍. ഗതാഗത മേഖലയിലെ ആകര്‍ഷകമായ അവസരങ്ങള്‍ വിലയിരുത്തുന്നതിനും ലേലം വിളിക്കുന്നതിനുമുള്ള നടപടികള്‍ തുടരുമെന്ന് കമ്പനി അറിയിച്ചു.
ഈ പ്രോജക്ട് കൂടി ലഭിച്ചതോടെ ഛത്തീസ്‌ഗഢ്, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കേരളം, ഗുജറാത്ത് എന്നിവിടങ്ങളിലായി എച്ച്എമ്മിന്‍റെയും ടോള്‍-ഓപ്പറേറ്റ്-ട്രാന്‍സ്ഫര്‍ (ടിഒടി) യുടെയും കീഴില്‍ എട്ട് എന്‍എച്ച്എഐ റോഡ് പദ്ധതികളാണ് അദാനി ഗ്രൂപ്പ് നടപ്പാക്കുന്നത്. വിമാനത്താവളങ്ങളും തുറമുഖങ്ങളും ഏറ്റെടുക്കുന്നതിലും ഇപ്പോള്‍ ആക്രമണോല്‍സുകമായ സമീപനമാണ് ഗ്രൂപ്പ് കൈക്കൊള്ളുന്നത്.