ലോകത്തിലെ ഏറ്റവും വലിയ ഇ-വി ടൂവീലര്‍ ചാര്‍ജിംഗ് ശൃംഖലയ്ക്കൊരുങ്ങി ഒല ഇലക്ട്രിക്
1 min readആദ്യ വര്‍ഷം മാത്രം ഇന്ത്യയിലെ 100 നഗരങ്ങളിലായി 5,000 ചാര്‍ജിംഗ് പോയിന്‍റുകള്‍ ഒല സ്ഥാപിക്കും
ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന ചാര്‍ജിംഗ് ശൃംഖല സ്ഥാപിക്കാനുള്ള പദ്ധതി ഒല ഇലക്ട്രിക് പ്രഖ്യാപിച്ചു. സോഫ്റ്റ്ബാങ്ക് പിന്തുണയുള്ള ഒല ഇലക്ട്രിക് അതിന്‍റെ എല്ലാ ഇലക്ട്രിക് ഇരുചക്ര വാഹന ഉപഭോക്താക്കള്‍ക്കും ചാര്‍ജിംഗ് പരിഹാരങ്ങള്‍ ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ഇതിന്‍റെ ഒല ഹൈപ്പര്‍ചാര്‍ജര്‍ നെറ്റ്വര്‍ക്ക് അവതരിപ്പിച്ചു. വരും മാസങ്ങളിലായി വിപണിയിലെത്താന്‍ പോകുന്ന ഒല സ്കൂട്ടര്‍ മുതല്‍ ആരംഭിക്കുന്ന തങ്ങളുടെ ഇരുചക്രവാഹന ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടിയാണ് ഒല പ്രധാനമായും ഈ ചാര്‍ജിംഗ് ശൃംഖല സജ്ജമാക്കുന്നത്.
ലോകത്തിലെ ഏറ്റവും വിപുലവും പ്രാപ്യതയുള്ളതുമായ ഇലക്ട്രിക് ഇരുചക്ര വാഹന ചാര്‍ജിംഗ് ശൃംഖലയായിരിക്കും ഒല ഹൈപ്പര്‍ചാര്‍ജര്‍ നെറ്റ്വര്‍ക്ക് എന്ന് കമ്പനി അവകാശപ്പെടുന്നു. 400 നഗരങ്ങളിലായി ഒരു ലക്ഷത്തിലധികം ചാര്‍ജിംഗ് പോയിന്‍റുകള്‍ സ്ഥാപിക്കും. ആദ്യ വര്‍ഷം മാത്രം ഇന്ത്യയിലെ 100 നഗരങ്ങളിലായി 5,000 ചാര്‍ജിംഗ് പോയിന്‍റുകള്‍ ഓല സ്ഥാപിക്കുന്നു, ഇത് രാജ്യത്ത് നിലവിലുള്ള ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്‍റെ ഇരട്ടിയിലധികം വരും.
“മൊബിലിറ്റിയുടെ ഭാവി ഇലക്ട്രിക് ആണ്. ഇലക്ട്രിക് വാഹനം സ്വന്തമാക്കുന്നവരുടെ ഉപയോക്തൃ അനുഭവത്തെ ഞങ്ങള്‍ പുതുക്കുകയാണ്. സമഗ്രമായ ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് നിര്‍മ്മിക്കാനുള്ള ഞങ്ങളുടെ പദ്ധതികള്‍ ഇതിന്‍റെ പ്രധാന ഭാഗമാണ്, “ചെയര്‍മാനും ഗ്രൂപ്പ് സിഇഒയുമായ ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. “ലോകത്തിലെ ഏറ്റവും വിപുലമായ 2-വീലര്‍ ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് സൃഷ്ടിക്കുന്നതിലൂടെ, ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയില്‍, ഇരുചക്ര വാഹന നിര്‍മാതാക്കളായ ആതര്‍ എനര്‍ജി, ഹീറോ ഇലക്ട്രിക്, ടിവിഎസ് മോട്ടോര്‍ കമ്പനി എന്നിവയുമായി നേരിട്ടുള്ള മത്സരത്തിലാണ് ഒല ഇലക്ട്രിക്. മറ്റ് ഇലക്ട്രിക് വാഹന കമ്പനികള്‍ ഉപയോക്താക്കള്‍ക്കായി നിലവില്‍ ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് ലഭ്യമാക്കുന്നില്ലെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു.
നിരത്തുകളില്‍ ഇലക്ട്രിക് വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന് വിവിധ പദ്ധതികളിലൂടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്‍റെ ഭാഗമായി ജൈവ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതില്‍ ഇവി-കള്‍ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നാണ് ഭരണകര്‍ത്താക്കള്‍ വിലയിരുത്തുന്നത്.