October 12, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ടൊയോട്ട സിയാസിന് ‘ബെല്‍റ്റ’ പേര് നല്‍കിയേക്കും

ഈ പേരിന് ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് ടികെഎം

ന്യൂഡെല്‍ഹി: മാരുതി സുസുകി സിയാസ് അടിസ്ഥാനമാക്കി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ നിര്‍മിക്കുന്ന മോഡലിന് ബെല്‍റ്റ എന്ന പേര് നല്‍കിയേക്കും. ഈ പേരിന് ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ് ടികെഎം. പല രാജ്യങ്ങളിലും ടൊയോട്ട യാരിസ് സെഡാന്‍ ഉപയോഗിക്കുന്നത് ബെല്‍റ്റ എന്ന പേര് ആയതിനാല്‍ സിയാസ് അടിസ്ഥാനമാക്കി നിര്‍മിക്കുന്ന പുതിയ സെഡാന് ഈ പേര് നല്‍കാന്‍ സാധ്യത ഏറെയാണ്. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന യാരിസിന് പകരമായിരിക്കും ബെല്‍റ്റ വരുന്നത്. ഹ്യുണ്ടായ് വെര്‍ണ, ഹോണ്ട സിറ്റി മോഡലുകള്‍ കൂടാതെ മാരുതി സുസുകി സിയാസ് കൂടി എതിരാളി ആയിരിക്കും.

ടൊയോട്ടയും സുസുകിയും തമ്മിലുള്ള ആഗോള കരാര്‍ അനുസരിച്ചാണ് ഇരു ജാപ്പനീസ് കമ്പനികളും ആഗോളതലത്തില്‍ ചില ഉല്‍പ്പന്നങ്ങളും സാങ്കേതികവിദ്യകളും പങ്കുവെയ്ക്കുന്നത്. മാരുതി സുസുകി ബലേനോ, വിറ്റാര ബ്രെസ കാറുകളുടെ ടൊയോട്ട പതിപ്പുകളായി ഗ്ലാന്‍സ, അര്‍ബന്‍ ക്രൂസര്‍ മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഈ പങ്കാളിത്തം അനുസരിച്ചുള്ള മൂന്നാമത്തെ ഉല്‍പ്പന്നമായിരിക്കും സിയാസ് റീബാഡ്ജ് ചെയ്ത് നിര്‍മിക്കുന്ന ബെല്‍റ്റ.

മാരുതി സുസുകി സിയാസുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ ടൊയോട്ട സെഡാനില്‍ കാഴ്ച്ചാപരമായ ഏതാനും മാറ്റങ്ങള്‍ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അല്‍പ്പം പരിഷ്‌കരിച്ച ഗ്രില്‍, പുതിയ അലോയ് വീലുകള്‍, ടൊയോട്ട ബാഡ്ജിംഗ് ഉള്‍പ്പെടെ കാണാം. എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകള്‍, എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്നതും മടക്കാവുന്നതുമായ വിംഗ് മിററുകള്‍, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂസ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ പ്രതീക്ഷിക്കാം.

മാരുതി സുസുകി സിയാസില്‍ പണിയെടുക്കുന്ന അതേ 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനായിരിക്കും ടൊയോട്ട ബെല്‍റ്റ ഉപയോഗിക്കുന്നത്. ഈ എന്‍ജിന്‍ 105 പിഎസ് കരുത്തും 138 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓപ്ഷണലായി 4 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് നല്‍കും. നിരവധി സുരക്ഷാ ഫീച്ചറുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കാം.

Maintained By : Studio3