ലോക്ക്ഡൗണ്‍ ആശങ്ക കനക്കുന്നു : ഓഹരി വിപണിയില്‍ വന്‍ ഇടിവ്
1 min readഎസ് ആന്‍റ് പി ബി എസ് ഇ സെന്‍സെക്സ്, എന്‍എസ്ഇ നിഫ്റ്റി 50 എന്നിവയില്‍ 3.5 ശതമാനത്തിലധികം ഇടിവ്
മുംബൈ: വര്‍ദ്ധിച്ചുവരുന്ന കോവിഡ് കേസുകളും വ്യത്യസ്ത സംസ്ഥാനങ്ങളില്‍ യാത്രാവിലക്കുകളും നിലവില്‍ വരുന്നത് നിക്ഷേപകരെ ആശങ്കയിലാക്കുന്നു. ഏപ്രില്‍ 11 ന് പുതിയ കോവിഡ് 19 കേസുകളുടെ എണ്ണം 1.5 ലക്ഷം കവിഞ്ഞതിനു പിന്നാലെ ഇന്നലെ ഇന്ത്യയുടെ ഓഹരി വിപണിയില്‍ ഉണ്ടായത് വന്‍ ഇടിവ്. എസ് ആന്‍റ് പി ബി എസ് ഇ സെന്‍സെക്സ്, എന്‍എസ്ഇ നിഫ്റ്റി 50 എന്നിവ 3 ശതമാനത്തിലധികം ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സെന്‍സെക്സിലെ ഇടിവിനെ തുടര്‍ന്ന് ഇന്നലെ 15 മിനുറ്റില്‍ മൊത്തം 7 ലക്ഷം കോടി രൂപയുടെ നഷ്ടം നിക്ഷേപകര്‍ അഭിമുഖീകരിക്കേണ്ടി വന്നെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ വ്യാപാരം അവസാനിക്കുമ്പോഴേക്കും നില അല്‍പ്പം മെച്ചപ്പെട്ടു. സെന്‍സെക്സ് 47,806.56 എന്ന നിലയിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. മുന്‍ ദിവസത്തെ 49,591.32 രൂപയില്‍ നിന്ന് 3,60 ശതമാനത്തിന്‍റെ ഇടിവ്. ദേശീയ സ്റ്റോക്ക് എക്സ്ചേഞ്ചിലെ നിഫ്റ്റി50 14,329.10 എന്ന നിരക്കിലാണ് വ്യാപാരം അവസാനിപ്പിച്ചത്, 3.41 ശതമാനത്തിന്‍റെ ഇടിവ്.
‘നമ്മുടെ വിപണി അശുഭകരമായാണ് ഈയാഴ്ച തുടങ്ങിയിരിക്കുന്നത്, വില്‍പ്പന സമ്മര്‍ദം ശക്തമാണെന്നാണ് വ്യക്തമാകുന്നത് ,’ മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ടെക്ക്നിക്കല്‍ ആന്‍ഡ് ഡെറിവേറ്റിവ്സ് അനലിസ്റ്റ് ജയ് പുരോഹിത് പറഞ്ഞു.
‘സംസ്ഥാനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരികയാണ്. എല്ലാ സപ്പോര്‍ട്ട് ലെവലിനും അപ്പുറത്താണ് കാര്യങ്ങള്‍. പുതിയ നിലപാടുകള്‍ എടുക്കുമ്പോള്‍ നിക്ഷേപകര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിക്കുന്നു. അനിശ്ചിതത്വം കാരണം വിപണിയില്‍ ചാഞ്ചാട്ടം നിലനില്‍ക്കുമെന്നാണ് കരുതുന്നത്,’ ക്യാപിറ്റല്‍വിയ ഗ്ലോബല്‍ റിസര്‍ച്ചിലെ റിസര്‍ച്ച് ഹെഡ് ഗൗരവ് ഗാര്‍ഗ് അഭിപ്രായപ്പെട്ടത്.
നിഫ്റ്റി ബാങ്ക് സൂചിക 3.7 ശതമാനത്തിന്‍റെ കുത്തനെയുള്ള ഇടിവ് പ്രകടമാക്കി. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നിവയാണ് വലിയ നഷ്ടം വരുത്തിയ ബാങ്കിംഗ് ഓഹരികള്‍. ഏപ്രില്‍ 14 ന് നടക്കാനിരിക്കുന്ന ബോര്‍ഡ് മീറ്റിംഗില്‍ ഓഹരി തിരികെ വാങ്ങല്‍ പരിഗണിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്ന് ഇന്നലെ ഇന്‍ഫോസിസിന്‍റെ ഓഹരി വില തിങ്കളാഴ്ച 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,480 രൂപയിലെത്തി.
കൊറോണ മൂലം ഇടിവിലേക്ക് നീങ്ങിയ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പ് വൈറസിന്‍റെ രണ്ടാം തരംഗം മൂലം വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കും എന്ന റിപ്പോര്‍ട്ടുകള്‍ നിക്ഷേപകരുടെ മനോഭാവത്തെ ബാധിച്ചിട്ടുണ്ട്. ബാങ്കുകളിലെ വായ്പാ ഭാരം വര്‍ധിക്കുമെന്ന നിഗമനവും പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നതും നിക്ഷേപകരെ പ്രതികൂലമായി ബാധിക്കുന്നു.