ദിഘി പോര്‍ട്ട് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയെന്ന് അദാനി പോര്‍ട്സ്
അഹമ്മദാബാദ്: 705 കോടി രൂപയ്ക്ക് ദിഘി പോര്‍ട്ട് ലിമിറ്റഡിന്‍റ (ഡിപിഎല്‍) 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നത് പൂര്‍ത്തിയായതായി അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് അറിയിച്ചു. 2020 മാര്‍ച്ച് 6ന് ഈ എറ്റെടുക്കലിനെ കുറിച്ച് കമ്പനി അറിയിച്ചിരുന്നു.
ഇതോടുകൂടി ഇന്ത്യയുടെ കിഴക്ക്, പടിഞ്ഞാറന്‍ തീരങ്ങളില്‍ എപി സെസിന്‍റെ സാമ്പത്തിക കവാടങ്ങളുടെ ശൃംഖലയില്‍ ചേരുന്ന പന്ത്രണ്ടാമത്തെ തുറമുഖമായി ഡിപിഎല്‍ മാറി. മുംബൈ, പൂനെ മേഖലകളിലെ ഉയര്‍ന്ന വ്യാവസായിക മേഖലകളില്‍ ഉള്‍പ്പടെ സംസ്ഥാനത്തെ ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കാന്‍ ഇത് എപിസെസിനെ പ്രാപ്തമാക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു മള്‍ട്ടി കാര്‍ഗോ തുറമുഖമായി ദിഘി തുറമുഖത്തെ വികസിപ്പിക്കുന്നതിനൊപ്പം തടസ്സമില്ലാത്ത ചരക്ക് നീക്കത്തിനായി റെയില്‍, റോഡ് വികസനം എന്നിവ കൂടി ലക്ഷ്യമിട്ട് 10,000 കോടിയിലധികം രൂപ നിക്ഷേപിക്കാനാണ് എപിസെസ് പദ്ധതിയിടുന്നത്. നിലവിലുള്ള പശ്ചാത്തല സൗകര്യം ശക്തിപ്പെടുത്തുന്നതിനും അറ്റകുറ്റ പണികള്‍ക്കും ഈ നിക്ഷേപം പ്രയോജനപ്പെടുത്തും.
ഡിപിഎലിന്‍റെ വികസനം വിവിധ വ്യവസായങ്ങളായ ഉപഭോക്തൃ ഉപകരണങ്ങള്‍, ലോഹങ്ങള്‍, ഊര്‍ജ്ജം, പെട്രോകെമിക്കല്‍സ്, രാസവസ്തുക്കള്‍ എന്നീ മേഖലകളില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ മഹാരാഷ്ട്രയില്‍ സൃഷ്ടിക്കുമെന്നും നിരവധി തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറയുന്നു.