ജെഫ് ബെസോസ് വീണ്ടും ലോകത്തിലെ ഏറ്റവും സമ്പന്നന്‍
1 min readവാഷിംഗ്ടണ്‍: ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന പദവി വീണ്ടെടുത്തുകൊണ്ട് ആമസോണ്‍ സിഇഒ ജെഫ് ബെസോസ് ബ്ലൂംബെര്‍ഗ് ബില്യണേര്‍സ് ഇന്‍ഡക്സില്‍ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. റാങ്കിംഗില്‍ ടെസ്ല മേധാവി എലോണ്‍ മസ്ക്കിനെയാണ് രണ്ടാം സ്ഥാനത്തേക്ക് ബെസോസ് പിന്തള്ളിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ടെസ്ലയ്ക്ക് ഓഹരി വിപണിയില്‍ ഉണ്ടായ തിരിച്ചടിയാണ് ഈ സ്ഥാനമാറ്റത്തിന് കാരണം.
കഴിഞ്ഞ മാസം വരെ തുടര്‍ച്ചയായി മൂന്നുവര്‍ഷത്തില്‍ അധികം സമ്പന്നരില്‍ മുമ്പന്‍ എന്ന പദവി ബെസോസ് തന്നെയാണ് കൈയടക്കി വെച്ചിരുന്നത്. ജനുവരിയില്‍ ടെസ്ലയുടെ ഓഹരി വില കുതിച്ചതിന്‍റെ ആമസോണ്‍ മേധാവിയെ പിന്നിലാക്കി മസ്ക് ആ സ്ഥാനത്തേക്ക് എത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ ബെസോസ് വീണ്ടെടുത്തിരിക്കുന്നത്.
ഈ വര്‍ഷം ഇതുവരെ നടന്ന ഏറ്റവും വലിയ മാര്‍ക്കറ്റ് ഇവന്‍റുകളില്‍ ടെസ്ല സിഇഒ ശ്രദ്ധാ കേന്ദ്രമായിട്ടുണ്ട് ഓഹരിവിപണിയില്‍ വലിയ കോളിളക്കങ്ങള്‍ അദ്ദേഹത്തിന്‍റെ കമ്പനികള്‍ സൃഷ്ടിച്ചു. ഷോപ്പിഫൈ ഇങ്ക്, സിഗ്നല്‍ അഡ്വാന്‍സ് ഇങ്ക്, എറ്റ്സി ഇങ്ക്, സിഡി പ്രോജക്റ്റ് എസ്എ എന്നിവയുടെ ഓഹരികളുടെ മുന്നേറ്റത്തിന് മസ്കിന്‍റെ ബൂസ്റ്റര്‍ ഷോട്ട് ട്വീറ്റുകള്‍ അടിത്തറയൊരുക്കി.
ബിറ്റ്കോയിന്‍റെയും ഡോഗ്കോയിന്‍റെയും വിലയും അദ്ദേഹം ഉയര്‍ത്തിവിട്ടു. ഈ മാസം ആദ്യം മസ്കില്‍ നിന്നു വന്ന ട്വീറ്റാണ് അത്ര പ്രചാരമില്ലാത്ത ഡോഗ്കോയിന്‍ എന്ന ക്രിപ്റ്റോകറന്‍സിയുടെ മുന്നേറ്റത്തിന് വഴിവെച്ചത്. 1.5 മൂല്യത്തിലുള്ള ക്രിപ്റ്റോകറന്‍സി ടെസ്ല സ്വന്തമാക്കിയെന്ന വാര്‍ത്തയ്ക്കു പിന്നാലെ ബിറ്റ്കോയിനിന്‍റെ മൂല്യവും കുതിച്ചുയര്‍ന്നു.