ബിസിനസ് സൗഹൃദ പരിഷ്കാരങ്ങള്‍ 15 സംസ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കി
മൊത്തം പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ നല്‍കിയ അധിക വായ്പാ അനുമതി 86,417 കോടി രൂപയാണ്
ന്യൂഡെല്‍ഹി: ‘ഈസ് ഓഫ് ഡുയിംഗ് ബിസിനസ്” (ഇഒഡിബി) പരിഷ്കാരങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 15 ആയി ഉയര്‍ന്നു. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ മൂന്ന് സംസ്ഥാനങ്ങള്‍ കൂടി ചെലവ് വകുപ്പ് നിശ്ചയിച്ചിട്ടുള്ള “ഈസ് ഓഫ് ഡുയിംഗ് ബിസിനസ്” പരിഷ്കാരങ്ങള്‍ പൂര്‍ത്തിയാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
വ്യവസായവും ആഭ്യന്തര വ്യാപാരവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പിന്‍റെ (ഡിപിഐഐടി) ശുപാര്‍ശ ലഭിച്ചുകഴിഞ്ഞാല്‍, ഈ മൂന്ന് സംസ്ഥാനങ്ങള്‍ക്കും പൊതുവിപണിയില്‍ നിന്ന് മൊത്തം 9,905 കോടി രൂപയുടെ വായ്പാ സമാഹരണത്തിന് അനുമതി നല്‍കും.
നേരത്തെ ആന്ധ്രാപ്രദേശ്, അസം, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, ഒഡീഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നിവ ഈ പരിഷ്കരണം പൂര്‍ത്തിയാക്കി അധിക വായ്പയ്ക്കുള്ള അനുമതി സ്വന്തമാക്കിയിരുന്നു. ഈ 15 സംസ്ഥാനങ്ങള്‍ക്കായി മൊത്തം 38,088 കോടി രൂപയുടെ അധിക വായ്പാ അനുമതിയാണ് ലഭ്യമാക്കുന്നത്. കേരളത്തിന് ഈ പരിഷ്കരണങ്ങളിലൂടെ 2,261 കോടി രൂപയുടെ വായ്പാ അനുമതിയാണ് ലഭിച്ചത്.
ഇതുവരെ, 18 സംസ്ഥാനങ്ങള്‍ നിശ്ചയിച്ചിട്ടുള്ള നാല് പരിഷ്കാരങ്ങളില്‍ ഒരെണ്ണമെങ്കിലും നടപ്പാക്കിയിട്ടുണ്ട്. ഇതില്‍ 13 സംസ്ഥാനങ്ങള്‍ ഒരു രാഷ്ട്രം ഒരു റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പാക്കി, 15 സംസ്ഥാനങ്ങള്‍ ബിസിനസ്സ് പരിഷ്കാരങ്ങള്‍ നടപ്പാക്കി. 6 സംസ്ഥാനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കുറിച്ചുള്ള പരിഷ്കാരങ്ങളും 2 സംസ്ഥാനങ്ങള്‍ ഊര്‍ജ്ജമേഖലയിലെ പരിഷ്കാരങ്ങളും നടത്തി. മൊത്തം പരിഷ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് ഇതുവരെ നല്‍കിയ അധിക വായ്പാ അനുമതി 86,417 കോടി രൂപയാണ്.