കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം 4.3 ലക്ഷം കോടി രൂപയുടെ കാർഷിക കയറ്റുമതി
തിരുവനന്തപുരം: 1950-കളിൽ ഭക്ഷ്യ ഇറക്കുമതിയെ ആശ്രയിച്ചിരുന്ന ഇന്ത്യ ഇന്ന് ഭക്ഷ്യോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ചുവെന്നും ആഗോളതലത്തിൽ കാർഷിക രംഗത്തെ മുൻനിരക്കാരായി മാറിയെന്നും ICAR – CTCRI ഡയറക്ടർ ഡോ.ജി.ബൈജു. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ കേന്ദ്ര കിഴങ്ങുവർഗവിള ഗവേഷണ കേന്ദ്രവുമായി സഹകരിച്ച് പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ച ‘വാർത്ത’ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട ചാലകശക്തിയായി കൃഷി ഇപ്പോഴും തുടരുകയാണെന്നും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 16.3 ശതമാനവും സംഭാവന ചെയ്യുന്നത് കാർഷിക മേഖലയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ കാർഷിക മേഖല കൈവരിച്ച അഞ്ച് പ്രധാന നേട്ടങ്ങളെക്കുറിച്ച് ഡോ.ജി.ബൈജു വിശദീകരിച്ചു. ആദ്യത്തേത് ഉത്പാദനക്ഷമതയിലുണ്ടായ വൻ വർദ്ധനവാണ്. 1950-51ൽ 5.08 കോടി ടൺ മാത്രമായിരുന്ന ഭക്ഷ്യധാന്യ ഉത്പാദനം, വിസ്തൃതിയിൽ നേരിയ വർദ്ധനവ് മാത്രം രേഖപ്പെടുത്തിക്കൊണ്ട് 2025-26ൽ 37.65 കോടി ടണ്ണായി ഉയർന്നു. ഹോർട്ടികൾച്ചർ ഉത്പാദനം 37 കോടി ടൺ പിന്നിട്ടു. ഇന്ത്യ ലോകത്തെ പ്രമുഖ കാർഷിക കയറ്റുമതി രാജ്യമായി മാറി. 2001ൽ 55,000 കോടി രൂപയായിരുന്ന കാർഷിക കയറ്റുമതി 2024-25ൽ 4.3 ലക്ഷം കോടി രൂപയായി ഉയർന്നു. 1.05 ലക്ഷം കോടി രൂപയുടെ അരി കയറ്റുമതിയിലൂടെ ഇന്ത്യ ലോകത്തിൽ ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറി. കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ ശരാശരി 4.4 ശതമാനം വാർഷിക വളർച്ചാ നിരക്ക് നിലനിർത്താൻ കാർഷിക മേഖലയ്ക്ക് സാധിച്ചു. തുടർച്ചയായ പ്രതികൂല കാലാവസ്ഥകളിലും ഭക്ഷ്യധാന്യ ഉത്പാദനം വർഷം തോറും വർദ്ധിപ്പിച്ചുകൊണ്ട് കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ഇന്ത്യ തെളിയിച്ചു. ഒപ്പം സുസ്ഥിര കാർഷിക വികസനത്തിലും രാജ്യം മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. കാർഷിക മേഖലയെ ദേശീയ വികസനത്തിന്റെ കേന്ദ്രബിന്ദുവാക്കിയാണ് കേന്ദ്ര ഗവൺമെൻ്റ് മുന്നോട്ട് പോകുന്നതെന്നും ഇതിനായി ബജറ്റ് വിഹിതം 2014-ന് മുമ്പുള്ള 27,662 കോടി രൂപയിൽ നിന്ന് ഇന്ന് 1.40 ലക്ഷം കോടി രൂപയായി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മാറ്റങ്ങളുടെ കേന്ദ്രബിന്ദുവായി ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് (ICAR) നിലകൊള്ളുന്നുവെന്നും 2014-2025 കാലയളവിൽ ഐ.സി.എ.ആർ. ഉത്പാദനശേഷി കൂടിയ 3,821 വിളയിനങ്ങൾ പുറത്തിറക്കിയെന്നും ഡോ.ജി.ബൈജു വ്യക്തമാക്കി. 2047-ഓടെ ഇന്ത്യയിലെ ജനസംഖ്യ 160 കോടി കവിയുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിൽ വർദ്ധിച്ചുവരുന്ന ഭക്ഷണ ആവശ്യകത നേരിടാൻ കൃഷി സാങ്കേതികവിദ്യയിൽ കൂടുതൽ അധിഷ്ഠിതമാകണം. ശാസ്ത്രവും നൂതനാശയവും കർഷകരിലേക്ക് കൃത്യസമയത്ത് എത്തിക്കുന്നതിൽ മാധ്യമപ്രവർത്തകർക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്ത്രജ്ഞർ ഉത്പാദിപ്പിക്കുന്ന അറിവുകൾ മാധ്യമങ്ങൾ സമൂഹത്തിലേക്ക് വ്യാപിപ്പിക്കുന്നു. ശാസ്ത്രജ്ഞരും കർഷകരും നയരൂപകർത്താക്കളും മാധ്യമങ്ങളും ഒത്തുചേർന്ന് പ്രവർത്തിച്ചാൽ മാത്രമേ ഇന്ത്യയ്ക്ക് സുസ്ഥിരവും സമൃദ്ധവും ആഗോളതലത്തിൽ മത്സരക്ഷമതയുള്ളതുമായ ഒരു കാർഷിക ഭാവി കെട്ടിപ്പടുക്കാൻ സാധിക്കുകയുള്ളൂവെന്ന് ഡോ. ജി. ബൈജു കൂട്ടിച്ചേർത്തു.
