യെസ് ബാങ്കിന്റെ അറ്റാദായത്തിൽ 33.7 ശതമാനം വളർച്ച
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ യെസ് ബാങ്കിന്റെ അറ്റാദായം 1,071 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തെ അപേക്ഷിച്ച് 33.7 ശതമാനം വാർഷിക വളർച്ചയാണിത്. 25.5 ശതമാനത്തിന്റെ വാർഷിക വളർച്ചയോടെ പ്രവർത്തന ലാഭം 1,704 കോടി രൂപയിലെത്തി.14.3 ശതമാനം വാർഷിക വളർച്ച കൈവരിച്ച് ആകെ നിക്ഷേപം 3,15,373 കോടി രൂപയായി വർധിച്ചു. ആകെ വായ്പകൾ 18.3 ശതമാനം വർധിച്ച് 2,85,118 കോടി രൂപയായി. കാസ നിക്ഷേപങ്ങൾ 14.3 ശതമാനം വർധിച്ച് 1,03,233 കോടി രൂപയിലെത്തി. ഈ പാദത്തിലെ കാസ അനുപാതം 32.7 ശതമാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ഇത് 32.8 ശതമാനവും, തൊട്ടുമുൻപത്തെ പാദത്തിൽ 35.1 ശതമാനവും ആയിരുന്നു. ആദ്യ പാദത്തിൽ ബാങ്കിന്റെ അറ്റ പലിശ വരുമാനം 17.5 ശതമാനം വാർഷിക വളർച്ചയോടെ 2,786 കോടി രൂപയായി. പലിശ ഇതര വരുമാനം 2.6 ശതമാനം ഉയർന്ന് 1,798 കോടി രൂപയായി. ചെലവുകളും വരുമാനവും തമ്മിലുള്ള അനുപാതം മുൻ സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ 67.1 ശതമാനത്തിൽ നിന്നും കഴിഞ്ഞ പാദത്തിലെ 63 ശതമാനത്തിൽ നിന്നും മെച്ചപ്പെട്ട് 62.8 ശതമാനമായി കുറഞ്ഞു. ആസ്തിയിന്മേലുള്ള ആദായം 0.9 ശതമാനമായി രേഖപ്പെടുത്തി. കഴിഞ്ഞ പാദത്തിൽ ഇത് ഒരു ശതമാനമായിരുന്നു. റീട്ടെയിൽ അസറ്റ് വിതരണം ശക്തമായി തുടരുകയും 27.5 ശതമാനം വാർഷിക വളർച്ച കൈവരിക്കുകയും ചെയ്തു. ബാങ്കിന്റെ ആസ്തി ഗുണനിലവാരം മികച്ചതായി തുടരുകയാണ്. ആകെ കിട്ടാക്കടം മുൻ വർഷത്തേക്കാൾ 30 ബേസിസ് പോയിന്റ് കുറഞ്ഞ് 1.3 ശതമാനം ആയി. അറ്റ കിട്ടാക്കടം 0.2 ശതമാനമാണ്. കിട്ടാക്കടം നേരിടാനുള്ള കരുതൽ അനുപാതം 81.7 ശതമാനമാണ്.
