കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ജിസിസി ഡെസ്റ്റിനേഷന്‍ ആക്കി മറ്റും: മന്ത്രി
തിരുവനന്തപുരം: ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകളെ (ജിസിസി) ആകര്‍ഷിക്കുന്നതിനും ആഗോള അവസരങ്ങള്‍ പ്രയോജനപ്പെടുത്തി പ്രധാന ജിസിസി ഹബ്ബായി സംസ്ഥാനത്തെ മാറ്റുന്നതിനും ലക്ഷ്യമിട്ടുള്ള സമഗ്ര ജിസിസി സാധ്യതാ റിപ്പോര്‍ട്ട് കേരള ഐടി പുറത്തിറക്കി. ടെക്നോപാര്‍ക്കില്‍ നടന്ന കേരള ജിസിസി ഔട്ട്ലുക്ക് 2026 കോണ്‍ക്ലേവിലാണ് വ്യവസായ വാണിജ്യ ഐടി എഐ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ജിസിസി സാധ്യതാ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച ജിസിസി ഡെസ്റ്റിനേഷന്‍ ആക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും ജിസിസി സാധ്യതാ റിപ്പോര്‍ട്ട് അതിലെ സുപ്രധാന ചുവടുവയ്പാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. മികച്ച ഐടി സാക്ഷരതയും പ്രൊഫഷണലുകളുടെ സാന്നിധ്യവും ഇതിന് കേരളത്തെ സഹായിക്കുന്ന ഘടകങ്ങളാണ്. റിപ്പോര്‍ട്ട് വിശകലനം ചെയ്ത ശേഷം ഈ ദൗത്യം കൈവരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെക്നോപാര്‍ക്ക് ഫേസ്-1 ലെ പാര്‍ക്ക് സെന്‍ററില്‍ നടന്ന ചടങ്ങില്‍ വി. മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായി. കേരളത്തിന്‍റെ വളര്‍ന്നുവരുന്ന ജിസിസി ആവാസവ്യവസ്ഥയെക്കുറിച്ചും രാജ്യത്തെ പ്രധാന ജിസിസി ഹബ്ബായി സംസ്ഥാനത്തെ അടയാളപ്പെടുത്തുന്ന അവസരങ്ങളെക്കുറിച്ചും ‘കേരള ജിസിസി ഔട്ട്ലുക്ക് 2026’ പരിപാടി ചര്‍ച്ച ചെയ്തു. ലോകമെമ്പാടും സാങ്കേതിക പരിവര്‍ത്തനത്തിനും ഉയര്‍ന്ന മൂല്യമുള്ള തൊഴില്‍ സൃഷ്ടിക്കുന്നതിനുമുള്ള അടുത്ത പാത ജിസിസികളാണെന്ന് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു. വളര്‍ച്ച പ്രാപിച്ച ഐടി ആവാസവ്യവസ്ഥ, ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകള്‍, ലോകോത്തര ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍, ശക്തമായ അക്കാദമിക് സ്ഥാപനങ്ങള്‍, ഉയര്‍ന്ന ജീവിത നിലവാരം എന്നിവയാല്‍ ജിസിസികള്‍ക്ക് താത്പര്യമുള്ള സ്ഥലമായി ഉയര്‍ന്നുവരാന്‍ കേരളത്തിന് സാധ്യതയേറെയാണ്. നിലവില്‍ കേരളത്തില്‍ 45-ലധികം പ്രവര്‍ത്തനക്ഷമമായ ജിസിസികള്‍ ഉണ്ട്. 2031 ആകുമ്പോഴേക്കും ഇത് 150 ജിസിസികളിലും രണ്ട് ലക്ഷം അനുബന്ധ ജോലികളിലും എത്തിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിസിസികള്‍ സ്ഥാപിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടിയ ബെംഗളൂരു ആസ്ഥാനമായ ആഗോള സ്ഥാപനമായ എഎന്‍എസ്ആറിന്‍റെ സിഎഫ്ഒ ശ്രീനിവാസന്‍ സാര്‍വഭൗമന്‍ കേരള ഫീസിബിലിറ്റി റിപ്പോര്‍ട്ട് 2026 അവതരിപ്പിച്ചു. ചടങ്ങില്‍ ഇന്‍ഫോപാര്‍ക്സ് കേരള സിഇഒ സുശാന്ത് കുറുന്തിലും ശ്രീനിവാസന്‍ സാര്‍വഭൗമനും ജിസിസികള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാപത്രം കൈമാറി. ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാറും ഐടി സ്ഥാപനമായ കൊളാബെറയുടെ ഡയറക്ടര്‍ രഞ്ജിത്ത് ദോഷിയുമായി മറ്റൊരു ധാരണാപത്രവും കൈമാറി.
