കേരളത്തെ ജിസിസി ഹബ്ബാക്കാന്‍ നൂറുദിന പരിപാടി
തിരുവനന്തപുരം: ഗ്ലോബല്‍ കേപ്പബിലിറ്റി സെന്‍ററുകളുടെ (ജിസിസി) കേന്ദ്രമെന്ന നിലയില്‍ സംസ്ഥാനത്തെ ഉയര്‍ത്തിക്കാട്ടാനായി നൂറുദിന പരിപാടി ആരംഭിക്കുമെന്ന് വ്യവസായ, വാണിജ്യ, ഐടി എഐ മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ടെക്നോപാര്‍ക്കില്‍ നടന്ന ‘കേരള ജിസിസി ഔട്ട്ലുക്ക് 2026’ കോണ്‍ക്ലേവില്‍ ജിസിസി സാധ്യതാ റിപ്പോര്‍ട്ട് പുറത്തിറക്കിയതിന് ശേഷം നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജിസിസി സിഇഒ മാര്‍, കണ്‍സള്‍ട്ടന്‍റുകള്‍, വ്യവസായ പങ്കാളികള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന ഐടി വകുപ്പ് ഇക്കാര്യത്തില്‍ വിപുലമായ പ്രചരണ പരിപാടി നടപ്പിലാക്കും. കേരളത്തിന്‍റെ മികച്ച വിഭവശേഷി, ജീവിത നിലവാരം, ഭാവി സാങ്കേതികവിദ്യയിലെ പുരോഗതി എന്നിവയുള്‍പ്പെടെയുള്ള മികച്ച സവിശേഷതകള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരുന്നതിനായി ആഗോള ജിസിസി പരിപാടികളില്‍ പങ്കെടുക്കും. സംസ്ഥാനത്തെ ടെക് പ്രവാസികളുടെ പിന്തുണയോടെ ലക്ഷ്യമിടുന്ന ഒരു നിക്ഷേപ പ്രോത്സാഹന കാമ്പെയ്ന്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ടെക് പാര്‍ക്കുകള്‍ പ്രോത്സാഹിപ്പിക്കുക, പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുക, ജിസിസികളെ ആകര്‍ഷിക്കുന്നതിനായി ലോകോത്തര അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക തുടങ്ങിയവ ഈ സംരംഭത്തിന്‍റെ നിര്‍ണായക ഘടകങ്ങളാണ്. എല്ലാ നിക്ഷേപ പ്രോത്സാഹന പരിപാടികളെയും ‘ഫ്യൂച്ചര്‍ കോര്‍പ്പറേഷന്‍’ എന്ന ബ്രാന്‍ഡില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. വ്യാവസായിക മേഖലയില്‍ ഉയര്‍ന്ന വൈദഗ്ധ്യമുള്ള പ്രൊഫഷണലുകളുടെ ലഭ്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഐസിടി അക്കാദമി ഓഫ് കേരള, ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള (ഡിയുകെ) തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ച് ഒരു നൂതന നൈപുണ്യ വികസന പരിപാടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ജിസിസി കോണ്‍ക്ലേവ്, റെസിഡന്‍ഷ്യല്‍ ജിസിസി ഉച്ചകോടി എന്നിവ പദ്ധതിയിലുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂതനവും വളര്‍ന്നു വരുന്നതുമായ മേഖലകള്‍ക്ക് പ്രാധാന്യം നല്കിക്കൊണ്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സംസ്ഥാന ഐടി വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് സംസ്ഥാന ഇലക്ട്രോണിക്സ് ആന്‍റ് ഐടി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു ഐഎഎസ് പറഞ്ഞു. യുവജനങ്ങളുടെ താല്പര്യങ്ങളുമായി പൊരുത്തപ്പെടുന്നതും ഉന്നത നിലവാരമുള്ളതുമായ എഐ, സെമി കണ്ടക്ടര്‍ ഡിസൈന്‍, ഡീപ് ടെക്നോളജി എന്നിവ ഇതിന്‍റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയില്‍ പങ്കെടുത്ത ജിസിസി നേതാക്കളും പങ്കാളികളും കേരളത്തിന്‍റെ വ്യാവസായിക ആവാസവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നതിന് നിരവധി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചു. തൊഴില്‍-ജീവിത സന്തുലിതാവസ്ഥ, മികച്ച കണക്റ്റിവിറ്റി, ജിസിസിക്കായുള്ള സിംഗിള്‍-വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡുകള്‍, ലോക നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഈ മേഖലയില്‍ ഉണ്ടാകേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അവര്‍ സംസാരിച്ചു. ടെക്നോപാര്‍ക്ക് സിഇഒ സന്ദീപ് കുമാര്‍ ഐഎഎസ്, ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, കെഎസ്‌യുഎം സിഇഒ അനൂപ് അംബിക, ഡിയുകെ വിസി ഡോ. സജി ഗോപിനാഥ്, ശ്രീനിവാസന്‍ സാര്‍വഭൗമന്‍, സിഎഫ്ഒ, എഎന്‍എസ്ആര്‍; ഇന്ത്യ, സഫിന്‍ ചീഫ് സസ്റ്റൈനബിലിറ്റി ഓഫീസര്‍ (ഗ്ലോബല്‍) ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ സുജ ചാണ്ടി, ബ്രിഗേഡ് എന്‍റര്‍പ്രൈസസ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഹൃഷികേശ് നായര്‍, ജെഎല്‍എല്‍ പിഡിഎസ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ജിപു ജോസ് ജെയിംസ്, എന്‍ഒവിയുടെ ഡിജിറ്റല്‍ ടെക്നോളജി സെന്‍റര്‍ ജനറല്‍ മാനേജരും സെന്‍റര്‍ ഹെഡുമായ കാര്‍ത്തിക് പരശുറാം, എച്ച് ആന്‍റ് ആര്‍ ബ്ലോക്ക് ജിസിസി എംഡിയും വൈസ് പ്രസിഡന്‍റുമായ ഹരി പ്രസാദ്, ഇന്‍സൈറ്റ് ഇന്ത്യ എംഡി ശ്രീജയ് കുറുപ്പ് (ജയ്), നിസ്സാന്‍ ഡിജിറ്റല്‍ ഇന്ത്യ എംഡി രാമദുരൈ റാം, ഇക്വിഫാക്സ് സെന്‍റര്‍ ഹെഡ് വിനോദ് നായര്‍, യുഎസ്ടി വൈസ് പ്രസിഡന്‍റ് ദിലീപ് കുമാര്‍ പി എസ്, ഐബിഎം പ്രോഗ്രാം ഡയറക്ടര്‍, ഡാറ്റ ആന്‍റ് എഐ ഡി എം മാധുരി, പ്രൊപ്പല്‍ സോഫ്റ്റ്‌വെയര്‍ ഡയറക്ടര്‍ ഓഫ് എഞ്ചിനീയറിംഗ് ഷൈജു സി കെ, എയറോകണ്‍ട്രോള്‍ ഗ്രൂപ്പ് എംഡി ഷിജു ശശി, ടിസിഎസ് സെന്‍റര്‍ ഹെഡ് ജയന്‍ രാജന്‍, ജി സി സി സ്ട്രാറ്റജി ആന്‍റ് ഓപ്സ്, കൊളാബെറ ജി സി സി സ്ട്രാറ്റജി ആന്‍റ് ഓപ്സ് ഡയറക്ടര്‍ വിഷ്ണു ബി ജി, കുഷ്മാന്‍ ആന്‍റ് വേക്ക്ഫീല്‍ഡ് സീനിയര്‍ മാനേജര്‍ മാനുവല്‍ ടോണി, സി ബി ആര്‍ ഇ സീനിയര്‍ അസോസിയേറ്റ് – ലീസിംഗ് നചികേത് രാജലക്ഷ്മി, ലുലു ടെക് പാര്‍ക്ക് പ്രൈവറ്റ് ലിമിറ്റഡ് സി ഇ ഒ അഭിലാഷ്, ഹൈലൈറ്റ് ഗ്രൂപ്പ് ബിസിനസ് ഹെഡ് ഹനു ഷെല്‍ക്ക് ,കാസ്പിയന്‍ ടെക്പാര്‍ക്ക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി തോമസ് ചാക്കോ, എല്‍ ആന്‍ഡ് ടി കേരള ഹെഡ് ആനന്ദ്, കാലിനോവ സിഒഒ സുവീന്‍ എന്നിവരും പങ്കെടുത്തു.
