വാട്‌സ്ആപ്പില്‍ വോയ്‌സ് മെസേജ് പ്ലേബാക്ക് സ്പീഡ് വര്‍ധിപ്പിക്കാം
സാധാരണ വേഗത്തില്‍ കേള്‍ക്കുന്നതുകൂടാതെ ഒന്നര മടങ്ങ്, രണ്ട് മടങ്ങ് വേഗത്തിലും കേള്‍ക്കാന്‍ കഴിയും
മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: വാട്‌സ്ആപ്പില്‍ ലഭിക്കുന്ന വോയ്‌സ് മെസേജുകള്‍ കേള്‍ക്കുമ്പോള്‍ ഇനി നിങ്ങള്‍ക്ക് അവയുടെ പ്ലേബാക്ക് വേഗത വര്‍ധിപ്പിക്കാന്‍ കഴിയും. പുതിയ ഫീച്ചര്‍ അവതരിപ്പിച്ചുവരികയാണ് ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോം. ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ക്കും വാട്‌സ്ആപ്പ് വെബ്, വാട്‌സ്ആപ്പ് ഡെസ്‌ക്‌ടോപ്പ് ഉപയോഗിക്കുന്നവര്‍ക്കും പുതിയ ഫീച്ചര്‍ ലഭ്യമായിരിക്കും. വോയ്‌സ് മെസേജുകള്‍ ഇനി സാധാരണ വേഗത്തില്‍ കേള്‍ക്കുന്നതുകൂടാതെ ഒന്നര മടങ്ങ്, രണ്ട് മടങ്ങ് വേഗത്തിലും കേള്‍ക്കാന്‍ കഴിയും.
2.21.9.15 ആന്‍ഡ്രോയ്ഡ് വേര്‍ഷനും 2.21.100 ഐഫോണ്‍ വേര്‍ഷനും ഉപയോഗിക്കുന്നവര്‍ക്ക് പ്ലേബാക്ക് സ്പീഡ് ടോഗിള്‍ ലഭിക്കും. ഓഡിയോ സീക്ക്ബാറിന് തൊട്ടടുത്ത് ടോഗിള്‍ ലഭ്യമായിരിക്കും. ഇതില്‍ ടാപ്പ് ചെയ്താല്‍ വോയ്‌സ് മെസേജുകളുടെ പ്ലേബാക്ക് വേഗത വര്‍ധിപ്പിക്കാന്‍ കഴിയും. വാട്‌സ്ആപ്പ് വെബ്, ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. 2.119.6 വേര്‍ഷനില്‍ ഫീച്ചര്‍ ലഭിക്കും.
വോയ്‌സ് മെസേജ് പ്ലേബാക്ക് സ്പീഡ് അപ്‌ഡേറ്റ് കൂടാതെ, ആന്‍ഡ്രോയ്ഡ്, ഐഫോണ്‍ ഡിവൈസുകള്‍ക്കായി ‘ലാഫ് ഇറ്റ് ഓഫ്!’ എന്ന പേരില്‍ പുതിയ സ്റ്റിക്കര്‍ പാക്ക് കൂടി വാട്‌സ്ആപ്പ് അവതരിപ്പിച്ചു. 28 ആനിമേറ്റഡ് സ്റ്റിക്കറുകള്‍ ഉള്‍പ്പെടുന്നതാണ് ഈ പാക്ക്. രസകരമായ മെസേജുകള്‍ക്ക് മറുപടിയായി ഈ ആനിമേറ്റഡ് സ്റ്റിക്കറുകള്‍ ഉപയോഗിക്കാം. നിങ്ങളുടെ വാട്‌സ്ആപ്പ് എക്കൗണ്ടില്‍ സ്റ്റിക്കര്‍ പാക്ക് പ്രത്യക്ഷപ്പെടാന്‍ കുറച്ച് സമയമെടുത്തേക്കും. എന്നാല്‍ ഡീപ്പ് ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ നിലവിലെ സ്റ്റിക്കറുകള്‍ക്ക് സമീപം മാന്വലായി കൊണ്ടുവരാന്‍ കഴിയും.