വേമോ സിഇഒ ജോണ്‍ ക്രാഫ്ചിക്ക് പടിയിറങ്ങി
ജീവിതം ആസ്വദിക്കുന്നതിനുവേണ്ടിയാണ് ചുമതല ഒഴിയുന്നതെന്ന് പ്രസ്താവിച്ചു
മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ പ്രോജക്റ്റിനെ ബില്യണ്‍കണക്കിന് ഡോളര്‍ മൂല്യമുള്ള പ്രത്യേക കമ്പനിയായി മാറ്റുന്നതില്‍ നേതൃപരമായ പങ്ക് വഹിച്ച എക്‌സിക്യൂട്ടീവ് പടിയിറങ്ങി. അഞ്ച് വര്‍ഷത്തിലധികം വേമോയുടെ ഭാഗമായ ജോണ്‍ ക്രാഫ്ചിക്ക്, ഇപ്പോള്‍ വേമോയുടെ സിഇഒ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ചു. ഗൂഗിളിനുകീഴിലെ ഉപകമ്പനിയാണ് വേമോ.
ജീവിതം ആസ്വദിക്കുന്നതിനുവേണ്ടിയാണ് ചുമതല ഒഴിയുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പഴയ സുഹൃത്തുക്കളുമായും കുടുംബവുമായും കൂടിച്ചേരുന്നതിനും ലോകത്തെ പുതിയ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനും ആഗ്രഹിക്കുന്നതായി 59 കാരനായ ക്രാഫ്ചിക്ക് പ്രസ്താവിച്ചു.
ക്രാഫ്ചിക്കിന് പകരം അദ്ദേഹത്തിന്റെ രണ്ട് ഉന്നത സഹായികള്‍ കോ സിഇഒ സ്ഥാനത്ത് പ്രവര്‍ത്തിക്കും. 2009 ല്‍ ഗൂഗിളിനകത്ത് വേമോ വിഭാഗം ആരംഭിച്ചതുമുതല്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ദിമിത്രി ഡോള്‍ഗോവ് ഇനി ഓട്ടോണമസ് വാഹനങ്ങള്‍ക്കുവേണ്ട സാങ്കേതികവിദ്യകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. വേമോയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായ ടെകെദ്ര മവകാന ആയിരിക്കും ബിസിനസ് കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്.
വേമോയുടെ ഉപദേഷ്ടാവായി ജോണ്‍ ക്രാഫ്ചിക്ക് തുടരും. 2015 ലാണ് ഗൂഗിള്‍ അദ്ദേഹത്തെ നിയമിക്കുന്നത്. ഇതേതുടര്‍ന്നാണ് ഓട്ടോണമസ് ഡ്രൈവിംഗ് രംഗത്തെ ലീഡര്‍ എന്ന നിലയില്‍ വേമോ കമ്പനി ആരംഭിക്കുന്നത്. ഗൂഗിളിന്റെ സെല്‍ഫ് ഡ്രൈവിംഗ് വിഭാഗമാണ് പിന്നീട് വേമോ ആയി മാറിയത്. ജോണ്‍ ക്രാഫ്ചിക്കിന്റെ നേതൃത്വത്തില്‍ നിരവധി പ്രമുഖ വാഹന നിര്‍മാതാക്കളുമായി വേമോ പങ്കാളിത്തം സ്ഥാപിച്ചിരുന്നു.