കശ്മീര്‍ താഴ്വരയിലെ യുവാക്കള്‍ പുരോഗതിയുടെ പാതയിലെന്ന് സൗദി മാധ്യമ റിപ്പോര്‍ട്ട്
1 min readസൗദി അറേബ്യയിലെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലൊന്നായ സൗദി ഗസറ്റ് ആണ് ജമ്മു കശ്മീരിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് വാര്‍ത്തനല്‍കിയത്.
ന്യൂഡെല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ വികസന സംരംഭങ്ങളോട് ജമ്മു കശ്മീര്‍ മേഖലയിലെ യുവാക്കള്‍ ക്രിയാത്മകമായി പ്രതികരിക്കുന്നതായി സൗദി ദിനപത്രം സൗദി ഗസറ്റ് റിപ്പോര്‍ട്ട് ചെയ്തു. യുവാക്കള്‍ പുതിയ ഇന്ത്യയുടെ പുരോഗതിയുടെയും അഭിവൃദ്ധിയുടെയും ഭാഗമാകാനുള്ള ആഗ്രഹമാണ് പ്രകടിപ്പിക്കുന്നത്. 1978 ല്‍ സ്ഥാപിതമായ സൗദി ഗസറ്റ് ആ രാജ്യത്തെ പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലൊന്നാണ്. ‘സത്യത്തിന്‍റെയും മിതത്വത്തിന്‍റെയും സ്വരം’ എന്ന പ്രമേയത്തിന് അനുസൃതമായി, സൗദി മാധ്യമ വ്യവസായത്തില്‍ ഇത് ഒരു പ്രത്യേക ഇടംതന്നെ സൃഷ്ടിച്ചിട്ടുണ്ട്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം ഈ മേഖലയ്ക്കുള്ള വികസന മുന്നേറ്റത്തിന് ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നിരവധി സംരംഭങ്ങളും പരിപാടികളും ആരംഭിച്ചതായി സൗദിപത്രം വിശദീകരിക്കുന്നു. 2019 ഓഗസ്റ്റ് 5 ന് ശേഷം ആയുധം ഉപേക്ഷിച്ച പ്രാദേശിക തീവ്രവാദികളെപ്പോലും പുനരധിവസിപ്പിക്കുകയും അവര്‍ ദേശീയ മുഖ്യധാരയുടെ ഭാഗമായിത്തീരുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയാല്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്താന്‍ ആരു കശ്മീരില്‍ അവശേഷിക്കുകയില്ലെന്ന് കശ്മീരിലെ ഭൂരിഭാഗം പ്രാദേശിക നേതാക്കളും അവകാശപ്പെട്ടിരുന്നു. ഇന്ന് അത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. ഇന്ന് കശ്മീരിലെ യുവാക്കള്‍ ത്രിവര്‍ണ പതാകയെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നത് ഗുല്‍മാര്‍ഗ് മാത്രം സന്ദര്‍ശിച്ചാല്‍ മനസിലാകും.
കേന്ദ്രഭരണ പ്രദേശത്ത് കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നു. ഇതിന്‍റെ ഭാഗമായാണ് വടക്കന്‍ കശ്മീരിലെ ഗുല്‍മാര്‍ഗില്‍ നടന്ന ‘ഖേലോ ഇന്ത്യ’ വിന്‍റര്‍ ഗെയിമുകളുടെ രണ്ടാം പതിപ്പ് പോലുള്ള പരിപാടികള്‍ സംഘടിപ്പിച്ചത്. ഇത്തരമൊരു പരിപാടി നടത്തുന്നത് അന്താരാഷ്ട്ര വിന്‍റര്‍ ഗെയിംസ് രംഗത്ത് ഇന്ത്യയുടെ സാന്നിധ്യം അറിയിക്കുന്നതിനുള്ള ഒരു പടിയാണെന്നും ജമ്മു കശ്മീരിനെ വിന്‍റര്‍ സ്പോര്‍ട്സിന്‍റെ കേന്ദ്രമാക്കി മാറ്റുന്നതിന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞിരുന്നു.
ജമ്മു കശ്മീര്‍ ജനത സമാധാനത്തിന്‍റെയും വികസനത്തിന്‍റെയും പുതിയ ഉയരങ്ങളിലെത്താന്‍ ഉത്സുകരാണെന്നും ഗുല്‍മാര്‍ഗില്‍ നടന്ന ഈ ഗെയിമുകള്‍ അത് വ്യക്തമാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. കേന്ദ്രഭരണ പ്രദേശത്ത് മികച്ച കായിക അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനുള്ള ഇന്ത്യയുടെ ദൃഢനിശ്ചയം ജമ്മു, ശ്രീനഗര്‍ എന്നിവിടങ്ങളിലെ രണ്ട് ഖേലോ ഇന്ത്യ സെന്‍ററുകളുടെയും 20 ജില്ലകളിലെ മറ്റ് ഖേലോ ഇന്ത്യ സെന്‍ററുകളുടെയും വികസനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. ഇത് യുവകായിക താരങ്ങള്‍ക്ക് സൗകര്യമൊരുക്കും.
‘ജമ്മു കശ്മീര്‍ വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്രസര്‍ക്കാരിന്‍റെ പ്രത്യേക സ്കോളര്‍ഷിപ്പ് പദ്ധതി ദരിദ്ര കുടുംബ പശ്ചാത്തലത്തിലുള്ള നിരവധി യുവാക്കളെ രാജ്യത്തുടനീളമുള്ള പ്രൊഫഷണല്‍ കോളേജുകളില്‍ പ്രവേശനം നേടാന്‍ സഹായിച്ചിട്ടുണ്ട്. അവരില്‍ പലരും ഡിഗ്രി പൂര്‍ത്തിയാക്കി രാജ്യത്തിനകത്തും പുറത്തും വലിയ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ജോലിക്ക് പ്രവേശിക്കുന്നുണ്ട്. അനിശ്ചിതത്വത്തിന്‍റെ ആഘാതത്തില്‍ നിന്ന് ഈ പ്രദേശം പിന്‍വാങ്ങുന്നുവെന്ന് ഉറപ്പാക്കാനുള്ള തീരുമാനങ്ങളില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഈ സാഹചര്യത്തില്‍, ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കി പൂര്‍ണ്ണമായും യൂണിയന്‍ ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനം ചൂണ്ടിക്കാണിക്കുന്നത് വളരെ പ്രസക്തമാണ്. കശ്മീര്‍ താഴ്വരയുടെ സാമ്പത്തിക വളര്‍ച്ചയുടെയും വികസനത്തിന്‍റെയും കാര്യത്തില്‍ ഇതിനകം ലാഭവിഹിതം അവര്‍ക്ക് ലഭിച്ചുതുടങ്ങി.’ സൗദി പത്രം പറഞ്ഞു. കശ്മീര്‍ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ മാറ്റം കല്ലെറിയുന്ന ജനക്കൂട്ടത്തിന്‍റെ ഭാഗമാകുന്ന യുവാക്കളുടെ എണ്ണം ഇല്ലാതാകുന്നു എന്നതാണ്.
കാശ്മീരിയുവാക്കള്‍ക്കായി പുതിയ വഴികള്‍ അതിവേഗത്തില്‍ തുറക്കുകയാണ്.
കേന്ദ്രം സ്പോണ്‍സര്‍ ചെയ്ത പദ്ധതികളുടെ പ്രയോജനങ്ങള്‍ യുവാക്കള്‍ക്ക് ലഭിക്കുന്നു എന്ന് ഉറപ്പുവരുത്താന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ അവര്‍ക്ക് ജീവിതത്തില്‍ ഒരു പുരോഗമന പാത തെരഞ്ഞെടുക്കാന്‍ കഴിയും. മേഖലയിലെ ടൂറിസം വ്യവസായം വാഗ്ദാനം ചെയ്യുന്ന മികച്ച സാധ്യതകള്‍ക്ക് പുറമേ നിരവധി കശ്മീരി യുവാക്കള്‍ക്ക് ‘ഹിമ്മായത്ത്’ പദ്ധതി പ്രകാരം പരിശീലനം നല്‍കുകയും രാജ്യത്തുടനീളമുള്ള കമ്പനികളില്‍ ജോലി നേടുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്തു.
‘കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍, നൂറുകണക്കിന് യുവാക്കളാണ് മാന്യമായ ജീവിതത്തിലേക്ക് മടങ്ങിയത്. ജമ്മു കശ്മീരില്‍ ഏതാണ്ട് പ്രവര്‍ത്തനരഹിതമായിരുന്ന റിക്രൂട്ടിംഗ് ഏജന്‍സികള്‍ തൊഴിലില്ലാത്ത വിദ്യാസമ്പന്നരായ യുവാക്കള്‍ക്കായി പോസ്റ്റുകള്‍ പരസ്യം ചെയ്യുകയും അവരെ ജോലിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കായിക പ്രവര്‍ത്തനങ്ങളിലെ കുതിച്ചുചാട്ടം യുവാക്കള്‍ക്ക് മുന്നോട്ട് വരാനും അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരവും ഒരുക്കി. ഒരു ക്ഷേമരാഷ്ട്രത്തിനെതിരായ നിഴല്‍ യുദ്ധത്തില്‍ ആയുധമെടുക്കാന്‍ മൂന്ന് പതിറ്റാണ്ടായി ദുഷ്ടശക്തികള്‍ യുവജനങ്ങളെ വഴിതെറ്റിക്കുകയായിരുന്നു, “റിപ്പോര്‍ട്ടില്‍ പറയുന്നു.