വാക്‌സിനുകള്‍ ലോകരാജ്യങ്ങള്‍ക്ക്; ഇന്ത്യയെ പ്രശംസിച്ച് യുഎസ്
1 min readവാഷിംഗ്ടണ്‍: ആഗോള സമൂഹത്തെ സഹായിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖല ഉപയോഗിക്കുന്ന ഇന്ത്യയെ പ്രശംസിച്ച് യുഎസ്. നിരവധി ലോകരാജ്യങ്ങള്‍ക്ക് കോവിഡ് -19 വാക്‌സിനുകള്‍ സമ്മാനിക്കുന്നതുവഴി ഇന്ത്യ ഒരു ‘യഥാര്‍ത്ഥ സുഹൃത്ത്’ആണെന്നും അവര്‍ വിശേഷിപ്പിച്ചു. ഭൂട്ടാന്‍, മാലിദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, മൗറീഷ്യസ്, സീഷെല്‍സ് എന്നീ രാജ്യങ്ങള്‍ക്ക് ഇന്ത്യ ആഭ്യന്തരമായി ഉല്‍പ്പാദിപ്പിക്കുന്ന കൊറോണ വൈറസ് വാക്‌സിനുകള്‍ സൗജന്യമായി അയക്കുന്നു.
ഭൂട്ടാനിലേക്ക് 1,50,000 ഡോസ് കോവിഷീല്‍ഡ് വാക്‌സിനായത് അയച്ചത്. 100,000 ഡോസുകള്‍ മാലിദ്വീപിനും നല്‍കി. 2 ദശലക്ഷത്തിലധികം വാക്‌സിനുകള്‍ ബംഗ്ലാദേശിനും 1 ദശലക്ഷം ഡോസുകള്‍ നേപ്പാളിനും നല്‍കി. ജനുവരി 22 ന് ഇന്ത്യ 15 മില്യണ്‍ ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ മ്യാന്‍മറിലേക്കും അയച്ചു.ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും പട്ടികയില്‍ അടുത്ത സ്ഥാനത്താണ്. ഇതുകൂടാതെ സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, മൊറോക്കോ എന്നിവയുള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് വാക്‌സിനുകളുടെ വാണിജ്യ വിതരണവും നടക്കുന്നുണ്ട്.
ആഗോളതലത്തില്‍ ആരോഗ്യരംഗത്ത് ഇന്ത്യ വഹിച്ച പങ്കിനെ തങ്ങള്‍ അഭിനന്ദിക്കുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ട്വീറ്റ് ചെയ്തു. ന്യൂഡെല്‍ഹിയുടെ സൗജന്യ വാക്‌സിന്‍ കയറ്റുമതി മാലദ്വീപ്, ഭൂട്ടാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് തുടങ്ങിയത്. ആഗോള സമൂഹത്തെ സഹായിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ രംഗം ഉപയോഗിക്കുന്ന ഇന്ത്യ ഒരു യഥാര്‍ത്ഥ സുഹൃത്താണെന്നും അവര്‍ ട്വീറ്റില്‍ പറയുന്നു. പകര്‍ച്ചവ്യാധിയ്ക്കെതിരെ പോരാടുന്നതിന് അയല്‍രാജ്യങ്ങള്‍ക്ക് ഇന്ത്യ നല്‍കിയ പിന്തുണയെ ഹൗസ് ഫോറിന്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ ഗ്രിഗറി മീക്സും അഭിനന്ദിച്ചു.
”അയല്‍ക്കാര്‍ക്ക് സൗജന്യ കോവിഡ് വാക്‌സിനുകള്‍ നല്‍കി സഹായിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ ഞാന്‍ അഭിനന്ദിക്കുന്നു. പകര്‍ച്ചവ്യാധിപോലുള്ള ആഗോള വെല്ലുവിളികള്‍ക്ക് പ്രാദേശികവും ആഗോളവുമായ പരിഹാരങ്ങള്‍ ആവശ്യമാണ്, ”മീക്‌സ് പറഞ്ഞു. പ്രതിസന്ധിഘട്ടത്തില്‍ ആഗോള സമൂഹത്തിന് രാജ്യം നല്‍കുന്ന പിന്തുണയെ യുഎസ് മാധ്യമങ്ങളും പ്രശംസിച്ചു. വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച്, നയതന്ത്രത്തിനുള്ള ഉപകരണമായും ഇന്ത്യ കൊറോണ വൈറസ് വാക്‌സിന്‍ വിതരണത്തെ കാണുന്നു എന്നഭിപ്രായപ്പെട്ടു.
‘ലോകത്തിന്റെ ഫാര്‍മസി’ എന്നറിയപ്പെടുന്ന ഇന്ത്യ ആഗോളതലത്തില്‍ 60 ശതമാനം വാക്‌സിനുകള്‍ ഉല്‍പ്പാദിപ്പിക്കുന്നരാജ്യമാണ്.കൂടാതെ വാര്‍ഷിക കണക്കില്‍ ഐക്യരാഷ്ട്രസഭ വാങ്ങുന്ന വാക്‌സിനുകളില്‍ 60 മുതല്‍ 80 ശതമാനം വരെ ഇന്ത്യയുടേതാണ്. വൈറസ് പ്രതിസന്ധിയെ നേരിടാന്‍ ഇന്ത്യയുടെ വാക്‌സിന്‍ ഉല്‍പ്പാദനവും വിതരണ ശേഷിയും പൂര്‍ണമായി വിനിയോഗിക്കുകയാണിന്ന്. ഇതിനുപുറമേ രാജ്യത്തിന്റെ ഈ രംഗത്തെ പരിചയം, വിതരണ ശൃംഖല എല്ലാം ലോകോത്തരവുമാണ്.
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ ആഗോള സമൂഹത്തെ പിന്തുണയ്ക്കുന്നതിനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ അംഗീകരിച്ചതിന് യുഎസിലെ ഇന്ത്യയുടെ അംബാസഡര്‍ തരഞ്ചിത് സിംഗ് സന്ധു സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് നന്ദി പറഞ്ഞു.