ടാറ്റ സഫാരി ബുക്കിംഗ് ആരംഭിച്ചു
ഫെബ്രുവരി 22 ന് വില പ്രഖ്യാപിക്കും. അതേദിവസം ഡെലിവറി ആരംഭിക്കും
ടാറ്റ സഫാരി എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു. 30,000 രൂപയാണ് ബുക്കിംഗ് തുക. ടാറ്റ മോട്ടോഴ്‌സിന്റെ വെബ്‌സൈറ്റ് അല്ലെങ്കില്‍ ഡീലര്‍ഷിപ്പുകളില്‍ ബുക്കിംഗ് നടത്താം. ഫെബ്രുവരി 22 ന് വില പ്രഖ്യാപിക്കും. അതേദിവസം ഡെലിവറി ആരംഭിക്കും. ആറ് വേരിയന്റുകളിലും മൂന്ന് കളര്‍ ഓപ്ഷനുകളിലും പുതിയ ടാറ്റ സഫാരി ലഭിക്കും.
പ്രീമിയം ഡിസൈന്‍, മൂന്ന് നിരകളിലെയും സീറ്റുകളില്‍ അങ്ങേയറ്റത്തെ സുഖസൗകര്യം എന്നിവയുടെ പേരില്‍ പുതിയ സഫാരി മികച്ച പ്രതികരണം നേടുന്നതായി ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. വീണ്ടും അവതാരമെടുത്ത സഫാരി ബ്രാന്‍ഡ് വിപണിയിലെത്തിക്കാന്‍ സര്‍വസജ്ജമായതായി അദ്ദേഹം വ്യക്തമാക്കി. ഡിസ്‌പ്ലേ, ടെസ്റ്റ് ഡ്രൈവ്, ബുക്കിംഗ് എന്നിവ എല്ലാ ഡീലര്‍ഷിപ്പുകളിലും ആരംഭിച്ചതായി ശൈലേഷ് ചന്ദ്ര അറിയിച്ചു.
അമ്പ് ആകൃതികളോടെ ക്രോം ഫിനിഷ് ലഭിച്ച ഗ്രില്‍, 18 ഇഞ്ച് ഡുവല്‍ ടോണ്‍ അലോയ് വീലുകള്‍, എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, റൂഫില്‍ സ്ഥാപിച്ച സ്‌പോയ്‌ലര്‍, ബൂട്ടില്‍ നമ്പര്‍ പ്ലേറ്റിന് ഇടം, മുന്നിലും പിന്നിലും സില്‍വര്‍ സ്‌കിഡ് പ്ലേറ്റുകള്‍ എന്നിവ 2021 ടാറ്റ സഫാരിയുടെ പുറത്തെ സവിശേഷതകളാണ്. പനോരമിക് സണ്‍റൂഫ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, ബോസ് മോഡ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ‘ഐറ’ കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ, ക്രൂസ് കണ്‍ട്രോള്‍, ആറ് വിധത്തില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ടെറെയ്ന്‍ റെസ്‌പോണ്‍സ് മോഡുകള്‍, ഒമ്പത് സ്പീക്കറുകളോടുകൂടി ജെബിഎല്‍ മ്യൂസിക് സിസ്റ്റം, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് എന്നിവയാണ് എസ്‌യുവിയുടെ അകത്തെ ഫീച്ചറുകള്‍.
2.0 ലിറ്റര്‍ ക്രയോടെക് ഡീസല്‍ എന്‍ജിനാണ് പുതിയ ടാറ്റ സഫാരി ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് മാന്വല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.
ആറ് എയര്‍ബാഗുകള്‍, ഇബിഡി സഹിതം എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇഎസ്പി, ട്രാക്ഷന്‍ കണ്‍ട്രോള്‍, റോള്‍ ഓവര്‍ മിറ്റിഗേഷന്‍, കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, ബ്രേക്ക് ഡിസ്‌ക് വൈപ്പിംഗ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍ എന്നിവ സുരക്ഷാ ഫീച്ചറുകളാണ്.