ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം വെട്ടിക്കുറച്ച് എസ്&പി ഗ്ലോബല്‍
1 min readന്യൂഡെല്‍ഹി: ഇന്ത്യ, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവയുള്‍പ്പെടെ ഏഷ്യയിലെ ചില മുന്‍നിര സമ്പദ്വ്യവസ്ഥകളുടെ വളര്‍ച്ചാ പ്രവചനം എസ് ആന്‍റ് പി ഗ്ലോബല്‍ തിങ്കളാഴ്ച വെട്ടിക്കുറച്ചു. മുന്‍നിഗമനമായ 11 ശതമാനത്തില്‍ നിന്ന് 9.5 ശതമാനമായാണ് ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച പ്രതീക്ഷ എസ് ആന്‍റ് പി ഗ്ലോബല്‍ കുറച്ച്. കോവിഡ് -19 രണ്ടാം തരംഗമാണ് ഇതിന് കാരണം. ഫിലിപ്പീന്‍സിന്‍റെ വളര്‍ച്ചാ നിഗമനം 7.9 ശതമാനത്തില്‍ നിന്ന് 6 ശതമാനമായും മലേഷ്യയുടേത് 6.2 ല്‍ നിന്ന് 4.1 ശതമാനമായും കുറച്ചു.
വാക്സിനുകളുടെ പ്രതീക്ഷിച്ചതിലും മന്ദഗതിയിലുള്ള വിതരണമാണ് വളര്‍ന്നുവരുന്ന വിപണി സമ്പദ് വ്യവസ്ഥകള്‍ നേരിടുന്ന ഏറ്റവും വലിയ അപകടസാധ്യതയെന്ന് എസ് ആന്‍റ് പി യുടെ സാമ്പത്തിക വിദഗ്ധര്‍ പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. പ്രതിരോധ കുത്തിവയ്പ്പുകള്‍ സാമൂഹ്യ പ്രതിരോധ ശേഷി ആര്‍ജിക്കുന്ന തരത്തില്‍ വളര്‍ന്നാല്‍ മാത്രമേ കൊറോണയുടെ ഭീഷണിയെ മറികടക്കാനാകൂവെന്നും അവര്‍ നിരീക്ഷിക്കുന്നു.
നേരത്തേ മറ്റു റേറ്റിംഗ് ഏജന്‍സികളും ഇന്ത്യ ഇരട്ടയക്ക വളര്‍ച്ച നേടുമെന്ന മുന്‍നിഗമനങ്ങളെ തിരുത്തിയിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പ്പാദനം ഇടിവ് രേഖപ്പെടുത്തിയതില്‍ നിന്നുള്ള തിരിച്ചുവരവ് എന്ന നിലയ്ക്കാണ് ഇരട്ടയക്ക വളര്‍ച്ച പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രണ്ടാം തരംഗം വീണ്ടെടുപ്പ് മന്ദഗതിയിലാകും എന്നന സാഹചര്യമാണ് സൃഷ്ടിച്ചത്.