എസ്ബിഐ റിസര്‍ച്ച് റിപ്പോര്‍ട്ട് : പുതിയ പാക്കേജ് ധനക്കമ്മി 60 ബിപിഎസ് ഉയര്‍ത്തും
ബാങ്കുകള്‍ക്ക് ഏകദേശം 7,500 കോടി രൂപയുടെ മൂലധന ആശ്വാസം ലഭിക്കുമെന്ന് വിലയിരുത്തല്‍
ന്യൂഡെല്‍ഹി: കോവിഡ് 19 മഹാമാരി വലിയ അളവില്‍ ബാധിച്ച മേഖലകളുടെ വീണ്ടെടുപ്പിനും മറ്റ് ദുരിതാശ്വാസ സഹായങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ഏറ്റവും പുതിയ പാക്കേജ് ധനക്കമ്മിയില്‍ 60 ബിപിഎസ് അധിക സ്വാധീനം ചെലുത്തുമെന്നും എസ്ബിഐ റിസര്‍ച്ചിന്‍റെ റിപ്പോര്‍ട്ട്. പാക്കേജിന്‍റെ ഭാഗമായി ബാങ്കുകള്‍ക്ക് 70,000 കോടി രൂപയുടെ വതെ വായ്പ അധികമായി നല്‍കാന്‍ ഇതിലൂടെ സാധിക്കുമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ചെറുകിട വ്യവസായങ്ങള്‍ക്ക് 1.5 ലക്ഷം കോടി രൂപ അധിക വായ്പ, ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഫണ്ട്, ടൂറിസം ഏജന്‍സികള്‍ക്കും ഗൈഡുകള്‍ക്കും വായ്പ, വിസ ഫീസ് എഴുതിത്തള്ളല്‍ എന്നിവയായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍റെ തിങ്കളാഴ്ചത്തെ പ്രധാന പ്രഖ്യാപനങ്ങള്‍. സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുപ്പില്‍ ഈ മേഖലകളുടെ വീണ്ടെടുപ്പ് വലിയ പ്രാധാന്യമുള്ളതാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
മഹാമാരി ഗുരുതരമായി ബാധിച്ച മേഖലകളിലേക്കുള്ള വായ്പാ വിതരണത്തില്‍ ബാങ്കുകള്‍ക്കും മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കുമുള്ള സര്‍ക്കാര്‍ ഗ്യാരന്‍റി അടങ്ങിയതാണ് ഈ പാക്കേജ്. മുമ്പ് പ്രഖ്യാപിച്ചിട്ടുള്ള പാക്കേജുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ മൊത്തം 6.29 ലക്ഷം കോടി രൂപ വരെയുള്ള വായ്പാ ഗ്യാരണ്ടിയാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
1.10 ലക്ഷം കോടി രൂപയുടെ പുതിയ പ്രഖ്യാപനത്തില്‍ സന്തുലിതമായ വിതരണം സാധ്യമായാല്‍, ബാങ്കുകള്‍ക്ക് ഏകദേശം 7,500 കോടി രൂപയുടെ മൂലധന ആശ്വാസം ലഭിക്കുമെന്നാണ് എസ്ബിഐ റിപ്പോര്‍ട്ട് വിലയിരുത്തുന്നത്.
ഏറ്റവും പുതിയ പ്രഖ്യാപനങ്ങളുടെയും മുമ്പത്തേതിന്‍റെയും ധനപരമായ ആഘാതം ഒരേതരത്തിലുള്ളതല്ല. , കാരണം, പാക്കേജിന്‍റെ ഗണ്യമായ ഒരു ഭാഗം അനിശ്ചിതകാല ബാധ്യതകളാണ്. ഇവയെ മാറ്റിനിര്‍ത്തിയാല്‍ 1.23 ലക്ഷം കോടി രൂപയുടെ പ്രതിഫലനമാണ് സമീപഭാവിയില്‍ ഇതുണ്ടാക്കുക, ജിഡിപിയുടെ 0.6 ശതമാനത്തോളമാണിതെന്നും എസ്ബിഐ ചീഫ് ഇക്കണോമിസ്റ്റ് സൗമ്യ കാന്തി ഘോഷ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
124 ജില്ലകളിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് പ്രഖ്യാപിച്ച 50,000 കോടി രൂപയുടെ ഗ്യാരണ്ടി കവര്‍ പാക്കേജ് ഭാവിയിലെ മുന്നേറ്റത്തിന് പ്രധാനമാണെന്ന് റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു.