പുതിയ ആന്‍ഡ്രോയ്ഡ് ടിവികള്‍ പുറത്തിറക്കി സാന്‍സുയി
വില 16,590 രൂപ മുതല്‍
ന്യൂഡെല്‍ഹി: ജാപ്പനീസ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ സാന്‍സുയി ഇന്ത്യന്‍ വിപണിയില്‍ പുതിയ ആന്‍ഡ്രോയ്ഡ് ടിവികള്‍ അവതരിപ്പിച്ചു. 16,590 രൂപ മുതലാണ് വില. 55 ഇഞ്ച് യുഎച്ച്ഡി ടിവി, 50 ഇഞ്ച് യുഎച്ച്ഡി ടിവി, 43 ഇഞ്ച് യുഎച്ച്ഡി ടിവി, 43 ഇഞ്ച് എഫ്എച്ച്ഡി ടിവി, 40 ഇഞ്ച് എഫ്എച്ച്ഡി ടിവി, 32 ഇഞ്ച് എച്ച്ഡി ടിവി എന്നീ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.
സാന്‍സുയി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ഇന്ത്യയെ ഉല്‍പ്പാദനകേന്ദ്രമായി മാറ്റാനാണ് ആലോചിക്കുന്നതെന്ന് ജൈന ഗ്രൂപ്പ് (സാന്‍സുയി ഇന്ത്യ) എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ ശശിന്‍ ദേവസാരെ പറഞ്ഞു. തെക്കുകിഴക്കന്‍ ഏഷ്യന്‍ വിപണികള്‍ ഉള്‍പ്പെടെ മറ്റ് പ്രദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യും. പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും രാജ്യത്തെ എല്ലാ പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകളിലും സാന്‍സുയി ഉല്‍പ്പന്നങ്ങള്‍ ലഭിക്കും.
4കെ അള്‍ട്രാ എച്ച്ഡി ഡിസ്‌പ്ലേ, വൈഡ് കളര്‍ ഗാമറ്റ്, എച്ച്ഡിആര്‍10 ക്രിസ്റ്റല്‍ ക്ലിയര്‍ ഡിസ്‌പ്ലേ എന്നീ ഫീച്ചറുകള്‍ ഉള്ളതാണ് തങ്ങളുടെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ടിവികളെന്ന് കമ്പനി വ്യക്തമാക്കി. അതുകൊണ്ടുതന്നെ കളര്‍ ക്വാളിറ്റിയില്‍ വിട്ടുവീഴ്ച്ച ചെയ്യേണ്ട ആവശ്യം വരില്ല. ബെസെല്‍രഹിത ഡിസൈന്‍, വൈഡ് വ്യൂവിംഗ് ആംഗിള്‍ എന്നിവയാണ് പുതിയ ടിവികളുടെ മറ്റ് സവിശേഷതകള്‍. സ്മാര്‍ട്ട്‌ഫോണില്‍നിന്ന് ടിവിയിലേക്ക് കണ്ടന്റ് സ്ട്രീം ചെയ്യുന്നതിന് ബില്‍റ്റ് ഇന്‍ ക്രോംകാസ്റ്റ് നല്‍കി.