സ്ത്രീകള്‍ അതുല്യമായ തൊഴില്‍ മേഖലകള്‍ തിരഞ്ഞെടുക്കണം: ഡോ. ടെസി തോമസ്
തിരുവനന്തപുരം: ശാസ്ത്രമേഖല പുരോഗമിക്കുന്ന ആധുനിക കാലത്ത് സ്ത്രീകള്‍ അതുല്യമായ തൊഴില്‍ മേഖലകള്‍ കണ്ടെത്തുന്നതിനൊപ്പം സ്ത്രീ ശാക്തീകരണം സാധ്യമാക്കാന്‍ വൈകാരിക ഇന്‍റലിജന്‍സ് ശരിയായി ഉപയോഗിക്കണമെന്ന് പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) യിലെ എയ്റോനോട്ടിക്കല്‍ സിസ്റ്റംസ് മുന്‍ ഡയറക്ടര്‍ ജനറലും ശാസ്ത്രജ്ഞയുമായ ഡോ. ടെസി തോമസ് പറഞ്ഞു. രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി(ആര്‍ജിസിബി) യില്‍ അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്‍റെ ഭാഗമായുള്ള പ്രഭാഷണ പരമ്പരയോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടെസി തോമസ്. സ്ത്രീകള്‍ക്ക് അര്‍പ്പണബോധം, ഉത്തരവാദിത്ത ബോധം, പ്രതിബദ്ധത, തീവ്രമായ ആഗ്രഹം തുടങ്ങിയ അതുല്യമായ കഴിവുകളുണ്ടെങ്കിലും സാഹചര്യങ്ങളെ നേരിടാന്‍ അവരുടെ വൈകാരിക ഇന്‍റലിജന്‍സ് ശക്തിപ്പെടേണ്ടതുണ്ട്. പ്രതികൂല സാഹചര്യങ്ങളില്‍ സ്വന്തം വൈകാരിക അവസ്ഥ മനസിലാക്കുന്നതിനൊപ്പം മറ്റുള്ളവരോട് ശരിയായ രീതിയില്‍ പ്രതികരിക്കാനുള്ള കഴിവാണ് വൈകാരിക ഇന്‍റലിജന്‍സ്. വിവിധ മൂല്യങ്ങളുള്ള സ്ത്രീകള്‍ക്ക് തങ്ങളുടെ സാങ്കേതിക പരിജ്ഞാനം, നേതൃത്വഗുണം എന്നിവയെക്കുറിച്ച് തികഞ്ഞ ബോധ്യമുണ്ടാകണം. അതിലൂടെ സ്ത്രീകളുടെ ശാക്തീകരണം ഏറെക്കുറെ സാധ്യമാകുമെന്നും ടെസി തോമസ് പറഞ്ഞു.
ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിനെപ്പോലുള്ളവര്‍ക്കൊപ്പം ജോലി ചെയ്യാനുള്ള അവസരം ലഭിച്ചത് വലിയ പ്രചോദനവും ധൈര്യവുമായിരുന്നു. ഡിആര്‍ഡിഒയില്‍ സ്ത്രീകള്‍ക്ക് ധാരാളം അവസരങ്ങളുണ്ടെന്നും അവര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് തുല്യതയും ബഹുമാനവും വീടുകളില്‍ നിന്നാണ് ആദ്യം ലഭിക്കേണ്ടത്. വിദ്യാഭ്യാസ മേഖലയില്‍ അത് വളര്‍ത്തിയെടുക്കുകയും തൊഴില്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യണമെന്നും ടെസി തോമസ് പറഞ്ഞു. ഇന്ത്യയുടെ മിസൈല്‍ വനിതയെന്നും അഗ്നിപുത്രിയെന്നും വിശേഷിപ്പിയ്ക്കപ്പടുന്ന ടെസി തോമസ് ഇന്ത്യന്‍ യുദ്ധവിമാനങ്ങളുടെ സാങ്കേതികവിദ്യയുടെ അമരക്കാരിയാണ്. നിലവില്‍ തമിഴ് നാട്ടിലെ നൂറുല്‍ ഇസ്ലാം സെന്‍റര്‍ ഫോര്‍ ഹയര്‍ എജ്യുക്കേഷന്‍ വൈസ് ചാന്‍സലറാണവര്‍. പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആര്‍ഡിഒ) യില്‍ എയ്റോനോട്ടിക്കല്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ പദവിയിലെത്തുന്ന അഞ്ചാമത്തെ വനിതയും ആദ്യ മലയാളി വനിതയുമാണ് ടെസി തോമസ്.