November 13, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

എന്‍ഡിസി ഓഫീസര്‍മാരുടെ സംഘം ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു

തിരുവനന്തപുരം: കേരള ഐടി മേഖലയുടെ മികച്ച സാങ്കേതിക ആവാസവ്യവസ്ഥയിലും തൊഴില്‍ശക്തിയിലും മതിപ്പ് പ്രകടിപ്പിച്ച് ന്യൂഡല്‍ഹിയിലെ നാഷണല്‍ ഡിഫന്‍സ് കോളേജില്‍ നിന്നുള്ള ഓഫീസര്‍മാരുടെ സംഘം. ഐടി, ടൂറിസം മേഖലകള്‍ക്ക് യോജിച്ചു പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണ് കേരളത്തിലേതെന്നും അവര്‍ വിലയിരുത്തി. നാഷണല്‍ ഡിഫന്‍സ് കോളേജില്‍ നിന്നുള്ള ഓഫീസര്‍മാരുടെ ടെക്നോപാര്‍ക്ക് സന്ദര്‍ശനത്തില്‍ ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായരുമായി (റിട്ട.) നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പഠനത്തിന്‍റെ ഭാഗമായി കേരളത്തിലെത്തിയ 16 അംഗ ഓഫീസര്‍മാരുടെ സംഘമാണ് ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചത്. നാഷണല്‍ ഡിഫെന്‍സ് കോളേജിലെ സീനിയര്‍ ഡയറക്ടിങ് സ്റ്റാഫ് (സിവില്‍ സര്‍വീസസ്) വിജയ് നെഹ്റ ഐഎഎസിന്‍റെ നേതൃത്വത്തിലുള്ളതാണ് സംഘം. കേരളം പ്രധാനമായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന രണ്ട് മേഖലകളാണ് ഐടിയും ടൂറിസവുമെന്നും ഇവയ്ക്ക് രണ്ടിനും പരസ്പരബന്ധിതമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം കേരളത്തിലുണ്ടെന്നും കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) പറഞ്ഞു. സമ്പന്നമായ പ്രകൃതിയും അനുയോജ്യമായ കാലാവസ്ഥയുമുള്ള കേരളത്തിലെ ടൂറിസം കേന്ദ്രങ്ങള്‍ വര്‍ക്കേഷന് ചേര്‍ന്നതാണ്. ടെക്നോപാര്‍ക്ക് കമ്പനികള്‍ ഇതിന് പ്രോത്സാഹനം നല്‍കുന്നുണ്ട്. മറ്റ് പ്രദേശങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വര്‍ക്കേഷന് എത്തുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്. അഷ്ടമുടിക്കായലിന്‍റെ തീരത്തുള്ള ടെക്നോപാര്‍ക്കിന്‍റെ കൊല്ലം കാമ്പസ് വര്‍ക്കേഷന് യോജിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

  പരമേസു ബയോടെക് ഐപിഒ

കേരളത്തിലെ ഐടി ആവാസവ്യവസ്ഥയെക്കുറിച്ചും ടെക്നോപാര്‍ക്കിന്‍റെ വിവിധ ഘട്ടങ്ങളെക്കുറിച്ചും സി.ഇ.ഒ വിശദീകരിച്ചു. ടെക്നോപാര്‍ക്കിലെ മുന്‍നിര കമ്പനികള്‍, പ്രവര്‍ത്തന രീതി, ജീവനക്കാര്‍, സവിശേഷതകള്‍ തുടങ്ങിയവയും നാഷണല്‍ ഡിഫെന്‍സ് കോളേജ് ഓഫീസര്‍മാര്‍ക്ക് പരിചയപ്പെടുത്തി. ടെക്നോപാര്‍ക്കിന്‍റെ സ്ഥലസൗകര്യം, പശ്ചാത്തല വികസനം, പരിസ്ഥിതിസൗഹൃദ കാമ്പസ്, സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കമാന്‍ഡര്‍ എ.കെ റാവു, ബ്രിഗേഡിയര്‍ മന്‍ദീപ് ഗ്രേവാള്‍, കേണല്‍ അലി നസീര്‍ സുലൈമാന്‍ അല്‍ ഹാര്‍ത്തി, ബ്രിഗേഡിയര്‍ പങ്കജ് ധ്യാനി, കേണല്‍ ദഗ് വഡോര്‍ജ് എന്‍കസ്റ്റോഗ്, ഡിഐജി പ്രതീക് തപ് ലിയാല്‍, കേണല്‍ സോ മിന്‍ ഹറ്ററ്റ്, എയര്‍ കമാന്‍ഡര്‍ വംഗ ശിവരാമകൃഷ്ണ റെഡ്ഡി, ബ്രിഗേഡിയര്‍ എ മുഖര്‍ജി, മഹേഷ് ഗോപിനാഥ് ജിവദേ ഐആര്‍സ് (ഐടി), ബ്രിഗേഡിയര്‍ വൈഭവ് മിശ്ര, കമാന്‍ഡര്‍ മുഹമ്മദ് ഫൈസുല്‍ ഹഖ്, ബ്രിഗേഡിയര്‍ എച്ച് കത്താരിയ, ബ്രിഗേഡിയര്‍ ഒമര്‍ അദാന്‍ മഹ്മൂദ്, കവാല്‍ സിംഗ് (ഐഎന്‍എഎസ്) എന്നിവരാണ് ഓഫീസര്‍മാരുടെ സംഘത്തിലുണ്ടായിരുന്നത്.

  ഐസിസിഎസ്എല്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്; കേരളത്തില്‍ രണ്ട് റീജണല്‍ ഓഫീസുകള്‍
Maintained By : Studio3