ഏപ്രില്‍ 26 മുതല്‍ റിയല്‍മി 8 പ്രോ ഇല്യുമിനേറ്റിംഗ് യെല്ലോ വേരിയന്റ്
റിയല്‍മി 8, റിയല്‍മി 8 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്
ന്യൂഡെല്‍ഹി: റിയല്‍മി 8, റിയല്‍മി 8 പ്രോ സ്മാര്‍ട്ട്‌ഫോണുകള്‍ കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. ഇന്‍ഫിനിറ്റ് ബ്ലാക്ക്, ഇന്‍ഫിനിറ്റ് ബ്ലൂ, ഇല്യുമിനേറ്റിംഗ് യെല്ലോ എന്നീ മൂന്ന് നിറങ്ങളില്‍ റിയല്‍മി 8 പ്രോ ലഭിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഇല്യുമിനേറ്റിംഗ് യെല്ലോ വേരിയന്റ് പിന്നീട് മാത്രമേ ലഭിക്കൂ എന്ന് അവതരണ സമയത്ത് റിയല്‍മി വ്യക്തമാക്കിയിരുന്നു. മഞ്ഞ നിറത്തിലുള്ള വകഭേദം ഈ മാസം 26 മുതല്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിക്കുമെന്ന് റിയല്‍മി ഇപ്പോള്‍ അറിയിച്ചു.
സ്‌പെസിഫിക്കേഷനുകള്‍, ഡിസൈന്‍ എന്നീ കാര്യങ്ങളില്‍ റിയല്‍മി 8 പ്രോയുടെ മൂന്ന് കളര്‍ ഓപ്ഷനുകളും ഒരുപോലെയാണ്. വ്യത്യാസമില്ല. ബ്ലാക്ക് പാനലില്‍ മഞ്ഞ നിറത്തിലുള്ള പെയിന്റ് ജോബ് ലഭിച്ചു. കാമറ മൊഡ്യൂളിന് ചുറ്റുമുള്ള സ്ഥലം ഫ്‌ളൂറസന്റാണ്. ഇവിടെ പ്രകാശം ആഗിരണം ചെയ്യുകയും കറുപ്പ് തിളങ്ങുകയും ചെയ്യും.
6 ജിബി റാം, 128 ജിബി സ്‌റ്റോറേജ് അല്ലെങ്കില്‍ 8 ജിബി റാം, 128 ജിബി സ്‌റ്റോറേജ് എന്നീ രണ്ട് വേരിയന്റുകളിലാണ് റിയല്‍മി 8 പ്രോ ലഭിക്കുന്നത്. ഈ രണ്ട് വേരിയന്റുകളും ഏപ്രില്‍ 26 മുതല്‍ ഇല്യുമിനേറ്റിംഗ് യെല്ലോ കളര്‍ ഓപ്ഷനില്‍ വാങ്ങാന്‍ കഴിയും. റിയല്‍മി ഇന്ത്യ ഓണ്‍ലൈന്‍ സ്‌റ്റോര്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ ലഭിക്കും.