ഷവോമി മൂന്ന് കോടി രൂപ നല്‍കും
ഷവോമി, വണ്‍പ്ലസ് ഉള്‍പ്പെടെയുള്ള ടെക് കമ്പനികള്‍ രംഗത്തുവന്നു
ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കൊവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കേ, സഹായ ഹസ്തവുമായി ഷവോമി, വണ്‍പ്ലസ് ഉള്‍പ്പെടെയുള്ള ടെക് കമ്പനികള്‍ രംഗത്തുവന്നു. അടിയന്തര ആവശ്യങ്ങള്‍ നേരിടുന്നവരെ സഹായിക്കുന്നതിനായി സാമൂഹ്യ മാധ്യമ കാംപെയ്‌നാണ് വണ്‍പ്ലസ് ആരംഭിച്ചത്.
അതേസമയം, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടി രൂപയാണ് ഷവോമി നല്‍കുന്നത്. ആയിരത്തിലധികം ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭരിക്കുന്നതിന് ആയിരിക്കും ഈ തുക വിനിയോഗിക്കുന്നത്. കൊവിഡ് 19 രോഗികളുടെ ആവശ്യത്തിന് രാജ്യത്തെ പല ആശുപത്രികളിലും വേണ്ടത്ര ഓക്‌സിജന്‍ സിലിണ്ടറുകള്‍ ലഭ്യമല്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ആശുപത്രികള്‍ക്കും സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഓക്‌സിജന്‍ സിലിണ്ടറുകള്‍ സംഭാവന ചെയ്യുമെന്ന് ഷവോമി അറിയിച്ചു. ഏറ്റവുമധികം ആവശ്യം നേരിടുന്ന ഡെല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളെ സഹായിക്കാനാണ് തുടക്കത്തില്‍ ഷവോമിയുടെ പദ്ധതി.
ഗീവ്ഇന്ത്യ എന്ന ഡൊണേഷന്‍ പ്ലാറ്റ്‌ഫോമുമായി സഹകരിക്കുകയാണെന്നും രാജ്യത്തെ കൊവിഡ് 19 മുന്നണിപ്പോരാളികളെ സഹായിക്കുന്നതിന് ഒരു കോടി രൂപ സമാഹരിക്കുമെന്നും ഷവോമി വ്യക്തമാക്കി. എല്ലാ ഫാനുകള്‍ക്കും പാര്‍ട്ണര്‍മാര്‍ക്കും ഉപയോക്താക്കള്‍ക്കുമായി മി.കോം വെബ്‌സൈറ്റില്‍ ഡൊണേഷന്‍ പേജ് പ്രവര്‍ത്തനം ആരംഭിച്ചതായും എല്ലാവര്‍ക്കും സംഭാവന നല്‍കാമെന്നും കമ്പനി അറിയിച്ചു. സാമൂഹ്യമാധ്യമ പ്രചാരണങ്ങള്‍ക്കും മറ്റുമായി വകയിരുത്തിയ ബജറ്റ് വെട്ടിച്ചുരുക്കുന്നതായും ഷവോമി പ്രഖ്യാപിച്ചു.