പുതിയ സ്‌കോഡ ഒക്ടാവിയ ഇന്ത്യയില്‍ അനാവരണം ചെയ്തു
ജൂണ്‍ 10 ന് വിപണി അവതരണം നടത്തുന്നതിന് തലേ ദിവസമാണ് വേരിയന്റ് വിശദാംശങ്ങളും ഫീച്ചറുകളും വെളിപ്പെടുത്തിയത്
മുംബൈ: 2021 മോഡല്‍ സ്‌കോഡ ഒക്ടാവിയ ഇന്ത്യയില്‍ അനാവരണം ചെയ്തു. ജൂണ്‍ 10 ന് വിപണി അവതരണം നടത്തുന്നതിന് തലേ ദിവസമാണ് പുതിയ ഒക്ടാവിയ മോഡലിന്റെ വേരിയന്റ് വിശദാംശങ്ങളും ഫീച്ചറുകളും സ്‌കോഡ ഓട്ടോ ഇന്ത്യ വെളിപ്പെടുത്തിയത്. നാലാം തലമുറ സ്‌കോഡ ഒക്ടാവിയ സെഡാനാണ് ഇന്ത്യയിലെത്തുന്നത്. സ്‌റ്റൈല്‍, ലോറിന്‍ ആന്‍ഡ് ക്ലെമന്റ് എന്നീ രണ്ട് വേരിയന്റുകളില്‍ ലഭിക്കും. ലാവ ബ്ലൂ, മാജിക് ബ്ലാക്ക്, കാന്‍ഡി വൈറ്റ്, ബ്രില്യന്റ് സില്‍വര്‍, മേപ്പിള്‍ ബ്രൗണ്‍ എന്നിവയായിരിക്കും അഞ്ച് കളര്‍ ഓപ്ഷനുകള്‍.
കറുത്ത വെര്‍ട്ടിക്കല്‍ സ്ലാറ്റുകള്‍ സഹിതം സവിശേഷ ബട്ടര്‍ഫ്‌ളൈ ഗ്രില്‍, പൂര്‍ണമായും എല്‍ഇഡി ലൈറ്റിംഗ്, പുതിയ 17 ഇഞ്ച് അലോയ് വീലുകള്‍, ബൂട്ട്‌ലിഡില്‍ ‘സ്‌കോഡ’ എഴുത്ത് എന്നിവ ഉള്‍പ്പെടുന്നതാണ് പുറത്തെ സവിശേഷതകള്‍.
2 സ്‌പോക്ക് സ്റ്റിയറിംഗ് വളയം, ഷിഫ്റ്റ് ബൈ വയര്‍ സാങ്കേതികവിദ്യ, ഇലക്ട്രിക് പാര്‍ക്കിംഗ് ബ്രേക്ക്, ഡുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, പവേര്‍ഡ് ടെയ്ല്‍ഗേറ്റ്, മുന്‍ നിരയില്‍ മെമ്മറി ഫംഗ്ഷന്‍ സഹിതം ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സീറ്റുകള്‍, ഇളം തവിട്ടു നിറത്തിലും കറുപ്പിലുമായി ഡുവല്‍ ടോണ്‍ അപോള്‍സ്റ്ററി, 10 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, 10.25 ഇഞ്ച് വര്‍ച്വല്‍ കോക്പിറ്റ്, 12 സ്പീക്കറുകളോടുകൂടി ‘കാന്റണ്‍’ മ്യൂസിക് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, വയര്‍ലെസ് ചാര്‍ജിംഗ്, രണ്ട് യുഎസ്ബി ടൈപ്പ് സി ചാര്‍ജിംഗ് പോര്‍ട്ടുകള്‍ എന്നിവ സവിശേഷതകളാണ്.
എട്ട് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, എംബിഎ, എച്ച്ബിഎ, ഇഎസ്‌സി, എംകെബി, എഎസ്ആര്‍, ഇഡിഎല്‍, ഡ്രൈവര്‍ക്ക് ക്ഷീണം തോന്നിയാല്‍ അലര്‍ട്ട്, അഡാപ്റ്റീവ് ഹെഡ്‌ലാംപുകള്‍ എന്നിവയാണ് സുരക്ഷാ ഫീച്ചറുകള്‍.
2.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ് പുതു തലമുറ സ്‌കോഡ ഒക്ടാവിയ സെഡാന്‍ ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 187 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 7 സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു.