September 17, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആഡംബരത്തികവില്‍ മെഴ്‌സേഡസ് മെയ്ബാക്ക് ജിഎല്‍എസ് 600 4മാറ്റിക്

എക്‌സ് ഷോറൂം വില 2.43 കോടി രൂപ മുതല്‍. പൂര്‍ണമായി നിര്‍മിച്ചശേഷം ഇറക്കുമതി ചെയ്യുന്നു

മെഴ്‌സേഡസ് മെയ്ബാക്ക് ജിഎല്‍എസ് 600 4മാറ്റിക് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മെഴ്‌സേഡസ് ബെന്‍സിന്റെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവിയുടെ മെയ്ബാക്ക് വകഭേദത്തിന് 2.43 കോടി രൂപ മുതലാണ് എക്‌സ് ഷോറൂം വില. പൂര്‍ണമായി നിര്‍മിച്ചശേഷം ഇറക്കുമതി ചെയ്യുകയാണ്. ഇന്ത്യയില്‍ ഈ വര്‍ഷം പതിനഞ്ച് മോഡലുകള്‍ അവതരിപ്പിക്കുമെന്നാണ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിലൊന്നാണ് മെഴ്‌സേഡസ് മെയ്ബാക്ക് ജിഎല്‍എസ് 600. ഇന്ത്യയില്‍ ബെന്റ്‌ലി ബെന്റയ്ഗ, റോള്‍സ് റോയ്‌സ് കള്ളിനന്‍, ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫി എന്നിവയാണ് പ്രധാന എതിരാളികള്‍. പുതു തലമുറ മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍എസ് എസ്‌യുവി അടിസ്ഥാനമാക്കിയാണ് മെഴ്‌സേഡസ് മെയ്ബാക്ക് ജിഎല്‍എസ് 600 നിര്‍മിച്ചത്. പുതു തലമുറ ജിഎല്‍എസ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു.

പുതിയ ഡുവല്‍ ടോണ്‍ ബോഡി കളര്‍ ട്രീറ്റ്‌മെന്റ് ഓപ്ഷന്‍ ലഭിച്ചതാണ് പുതു തലമുറ മെഴ്‌സേഡസ് മെയ്ബാക്ക് ജിഎല്‍എസ്. മുന്നില്‍ വലിയ മെയ്ബാക്ക് സ്റ്റൈല്‍ ക്രോം ഗ്രില്‍ ആധിപത്യം പുലര്‍ത്തുന്നു. ഗില്ലിന് ഇരുവശങ്ങളിലായി സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍ നല്‍കി. ബംപറില്‍ വലിയ ക്രോം എയര്‍ കര്‍ട്ടനുകള്‍ കാണാം. നല്ല കട്ടിയുള്ള ക്രോം സ്‌കിഡ് പ്ലേറ്റാണ് മറ്റൊരു ഹൈലൈറ്റ്. ബി പില്ലറില്‍ ക്രോം ഇന്‍സര്‍ട്ടുകള്‍, ഡി പില്ലറില്‍ മെയ്ബാക്ക് ബ്രാന്‍ഡ് ലോഗോ എന്നിവ നല്‍കി. വലിയ 23 ഇഞ്ച് മള്‍ട്ടി സ്‌പോക്ക് വീലുകളിലാണ് മെഴ്‌സേഡസ് മെയ്ബാക്ക് ജിഎല്‍എസ് 600 ഓടുന്നത്. ഈ ചക്രങ്ങള്‍ ഓപ്ഷണലായി ലഭിക്കും.

മെഴ്‌സേഡസ് മെയ്ബാക്ക് ജിഎല്‍എസ് 600 എസ്‌യുവിയുടെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 5205 എംഎം, 2157 എംഎം, 1838 എംഎം എന്നിങ്ങനെയാണ്. 3135 മില്ലിമീറ്ററാണ് വീല്‍ബേസ്. 1103 മില്ലിമീറ്ററാണ് പിന്‍ നിരയിലെ ലെഗ്‌റൂം. വാഹനത്തിന്റെ ആകെ ഭാരം 3250 കിലോഗ്രാം.

4 സീറ്റ്, 5 സീറ്റ് ഓപ്ഷനുകളില്‍ മെഴ്‌സേഡസ് മെയ്ബാക്ക് ജിഎല്‍എസ് 600 ലഭിക്കും. 4 സീറ്റ് ഓപ്ഷനിലെ ഫിക്‌സ്ഡ് സെന്റര്‍ കണ്‍സോളില്‍ ഷാംപെയിന്‍ ബോട്ടിലുകളും സില്‍വര്‍ ഷാംപെയിന്‍ ഫ്‌ളൂട്ടുകളും സൂക്ഷിച്ച റഫ്രിജറേറ്റര്‍ വെയ്ക്കാന്‍ കഴിയും. നാപ്പ സോഫ്റ്റ് ടച്ച് തുകല്‍ അപോള്‍സ്റ്ററി നല്‍കിയതാണ് കാബിന്‍. കാബിനകത്ത് പല സ്ഥലങ്ങളിലും മെയ്ബാക്ക് ലോഗോ കാണാന്‍ കഴിയും. ഓപ്ഷണല്‍ ‘എയര്‍ ബാലന്‍സ്’ പാക്കേജ് ലഭ്യമാണ്.

റെഗുലര്‍ ജിഎല്‍എസ് എസ്‌യുവിയുടെ എല്ലാ ഫീച്ചറുകളും കൂടാതെ മെയ്ബാക്ക് മോഡലിന് അധിക ഫീച്ചറുകളും ലഭിച്ചു. ഒപേക്ക് റോളര്‍ ബ്ലൈന്‍ഡുകള്‍ സഹിതം ഇലക്ട്രോണിക് പനോരമിക് സ്ലൈഡിംഗ്/ടില്‍റ്റിംഗ് സണ്‍റൂഫ്, വെന്റിലേറ്റഡ് മസാജിംഗ് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയവ മറ്റ് ഫീച്ചറുകളാണ്. 4 സീറ്റര്‍, 5 സീറ്റര്‍ ഓപ്ഷനുകളില്‍ ഏത് തെരഞ്ഞെടുത്താലും, റിക്ലൈനിംഗ് ഫംഗ്ഷന്‍ ലഭിച്ചതാണ് പിന്‍ നിരയിലെ സീറ്റുകള്‍. സവിശേഷ ഡിസ്‌പ്ലേ യൂണിറ്റില്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മീഡിയ എന്നീ ആവശ്യങ്ങള്‍ക്കായി സ്റ്റാന്‍ഡേഡായി 12.3 ഇഞ്ച് വലുപ്പമുള്ള രണ്ട് സ്‌ക്രീനുകള്‍ നല്‍കി. ‘ഹെയ് മെഴ്‌സേഡസ്’ വോയ്‌സ് കമാന്‍ഡ് സിസ്റ്റം, ‘മെഴ്‌സേഡസ് മീ’ കണക്റ്റഡ് കാര്‍ ടെക് എന്നിവ സഹിതം ഏറ്റവും പുതിയ എംബിയുഎക്‌സ് ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം സവിശേഷതയാണ്.

മെഴ്‌സേഡസ് മെയ്ബാക്ക് ജിഎല്‍എസ് 600 4മാറ്റിക് എസ്‌യുവിയുടെ ഹൃദയം 4.0 ലിറ്റര്‍ (3928 സിസി), വി8, ബൈ ടര്‍ബോ എന്‍ജിനാണ്. ഈ മോട്ടോര്‍ 542 ബിഎച്ച്പി കരുത്തും 730 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 9ജി ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. 48 വോള്‍ട്ട് ഇക്യു ബൂസ്റ്റ് സിസ്റ്റം എന്‍ജിനുമായി ചേര്‍ത്തു. ഇതോടെ ആവശ്യമെങ്കില്‍ അധികമായി 250 എന്‍എം ടോര്‍ക്കും 21 ബിഎച്ച്പി കരുത്തും ലഭ്യമാക്കും. മൂന്നക്ക വേഗം കൈവരിക്കുന്നതിന് 4.9 സെക്കന്‍ഡ് മതി. ടോപ് സ്പീഡ് മണിക്കൂറില്‍ 250 കിലോമീറ്ററായി പരിമിതപ്പെടുത്തി.

സുഖയാത്ര ഉറപ്പാക്കുന്നതിന് ‘ഇ ആക്റ്റീവ് ബോഡി കണ്‍ട്രോള്‍’ കൂടാതെ അഡാപ്റ്റീവ് ഡാംപിംഗ് സിസ്റ്റം പ്ലസ് (എഡിഎസ് പ്ലസ്) സഹിതം ‘എയര്‍മാറ്റിക്’ സസ്‌പെന്‍ഷന്‍ സംവിധാനം നല്‍കി. പരമാവധി റൈഡ് കംഫര്‍ട്ട് ലഭിക്കുന്നതിന് പ്രത്യേക മെയ്ബാക്ക് ഡ്രൈവ് പ്രോഗ്രാം വികസിപ്പിച്ചു.

Maintained By : Studio3