November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

പുതിയ മെഴ്‌സേഡസ് ബെന്‍സ് ഇ ക്ലാസ് ഈ മാസം 16 ന് എത്തും  

ഉപഭോക്തൃ ആവശ്യകത കണക്കിലെടുത്ത് ഉദ്ദേശിച്ചതിനേക്കാള്‍ നേരത്തെയാണ് ഇ ക്ലാസ് ഫേസ്‌ലിഫ്റ്റ് ഇന്ത്യയില്‍ കൊണ്ടുവരുന്നത്

ജര്‍മന്‍ വാഹന നിര്‍മാതാക്കള്‍ ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പതിനഞ്ച് ഉല്‍പ്പന്നങ്ങളിലൊന്നാണ് ഇ ക്ലാസ് ഫേസ്‌ലിഫ്റ്റ്  
മുംബൈ: ഫേസ്‌ലിഫ്റ്റ് ചെയ്ത 2021 മെഴ്‌സേഡസ് ബെന്‍സ് ഇ ക്ലാസ് മാര്‍ച്ച് 16 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഈ വര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കുന്ന പതിനഞ്ച് ഉല്‍പ്പന്നങ്ങളിലൊന്നാണ് പുതിയ ഇ ക്ലാസ്. വര്‍ധിച്ചുവരുന്ന ഉപഭോക്തൃ ആവശ്യകത കണക്കിലെടുത്ത് ഉദ്ദേശിച്ചതിനേക്കാള്‍ നേരത്തെയാണ് ഇ ക്ലാസ് ഫേസ്‌ലിഫ്റ്റ് ഇന്ത്യയില്‍ കൊണ്ടുവരുന്നതെന്ന് കമ്പനി അറിയിച്ചു. തുടര്‍ന്നും മഹാരാഷ്ട്രയിലെ ചാകണ്‍ പ്ലാന്റിലാണ് തദ്ദേശീയമായി നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത ഇ ക്ലാസ് ആഗോള അരങ്ങേറ്റം നടത്തിയത്. ഈ മാസം 25 ന് പുതിയ എ ക്ലാസ് ലിമോസിന്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും.

2017 ലാണ് നിലവിലെ തലമുറ മെഴ്‌സേഡസ് ബെന്‍സ് ഇ ക്ലാസ് ഇന്ത്യയിലെത്തിയത്. ആഗോളതലത്തില്‍ ഇന്ത്യയിലാണ് ആര്‍എച്ച്ഡി എല്‍ഡബ്ല്യുബി വേര്‍ഷന്‍ ആദ്യമായി എത്തിയത്. പുതുമോടിയോടെയും പുതിയ ഫീച്ചറുകള്‍ നല്‍കിയും സെഡാന്റെ ലോംഗ് വീല്‍ബേസ് വേര്‍ഷന്‍ ഇന്ത്യയില്‍ ഇനിയുമെത്തും. നവീകരിച്ചതും കൂടുതല്‍ ബോള്‍ഡ് എന്ന് വിശേഷിപ്പിക്കാവുന്നതുമായ ഗ്രില്‍, പുതിയ ഹെഡ്‌ലാംപുകള്‍, കൂടുതല്‍ സ്‌പോര്‍ട്ടിയായ ബംപറുകള്‍ എന്നിവയാണ് സൗന്ദര്യവര്‍ധക പരിഷ്‌കാരങ്ങള്‍. പിറകില്‍ തിരശ്ചീനമായി നല്‍കിയ പുതിയ എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍, പുതുക്കിപ്പണിത ബംപര്‍ എന്നിവയും മാറ്റങ്ങളാണ്.

കാബിന്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. ലിംഗ്വാട്രോണിക് വോയ്‌സ് കണ്‍ട്രോള്‍, ഓഗ്‌മെന്റഡ് റിയാലിറ്റി ഉള്‍പ്പെടുന്ന എംബിയുഎക്‌സ് സിസ്റ്റം നല്‍കിയ 10.25 ഇഞ്ച് വലുപ്പമുള്ള രണ്ട് സ്‌ക്രീനുകള്‍ ലഭിച്ചു. ‘മെഴ്‌സേഡസ് മി കണക്റ്റ്’ മൊബീല്‍ ആപ്പ് വഴി കണക്റ്റഡ് ഫീച്ചറുകള്‍ ലഭിക്കും. കൈനറ്റിക് സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, മസാജ് ഓപ്ഷനുകള്‍, നിരവധി പുതിയ അപോള്‍സ്റ്ററി ചോയ്‌സുകള്‍ എന്നിവയാണ് പുതിയ ഇ ക്ലാസിലെ മറ്റ് ശ്രദ്ധേയ ഫീച്ചറുകള്‍.

മുന്നിലെയും പിന്നിലെയും ചക്രങ്ങള്‍ക്കിടയില്‍ 140 എംഎം അധികം നീളത്തോടെയാണ് ഫേസ്‌ലിഫ്റ്റ് ചെയ്ത ഇ ക്ലാസ് എല്‍ഡബ്ല്യുബി ഇപ്പോഴും വരുന്നത്. പിന്‍ നിരയില്‍ പുതിയ കണ്‍സോള്‍, രണ്ട് യുഎസ്ബി പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ഉണ്ടായിരിക്കും. സ്റ്റിയറിംഗ് വീല്‍ ഹാന്‍ഡ്‌സ് ഓഫ് ഡിറ്റക്ഷന്‍, ആക്റ്റീവ് ഡിസ്റ്റന്‍സ് അസിസ്റ്റ്, സ്റ്റിയറിംഗ് അസിസ്റ്റ്, ആക്റ്റീവ് ബ്രേക്ക് അസിസ്റ്റ്, ആക്റ്റീവ് ബ്ലൈന്‍ഡ് സ്‌പോട്ട് അസിസ്റ്റ്, 360 ഡിഗ്രി കാമറ ഉള്‍പ്പെടുന്ന പാര്‍ക്കിംഗ് പാക്കേജ് എന്നിവയും ഫീച്ചറുകളാണ്.

2.0 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പെട്രോള്‍ എന്‍ജിന്‍ 194 ബിഎച്ച്പി കരുത്തും 320 എന്‍എം ടോര്‍ക്കും ഡീസല്‍ എന്‍ജിന്‍ 192 ബിഎച്ച്പി കരുത്തും 400 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. രണ്ട് എന്‍ജിനുകളുമായും 9ജി ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെയ്ക്കും. 3.0 ലിറ്റര്‍, സ്‌ട്രെയ്റ്റ് സിക്‌സ്, ഇ 220ഡി ഡീസല്‍ എന്‍ജിന്‍ നല്‍കുമെന്നും പ്രതീക്ഷിക്കുന്നു

Maintained By : Studio3