വിന്റേജ് വാഹനങ്ങള്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
വിന്റേജ് വാഹനങ്ങള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ ഫോര്‍മാറ്റ് അനുവദിക്കും
രാജ്യത്തെ വിന്റേജ് വാഹനങ്ങള്‍ക്കായി തയ്യാറാക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. അമ്പത് വര്‍ഷത്തിന് മുകളില്‍ പഴക്കമുള്ള വിന്റേജ്, ക്ലാസിക് കാറുകളുടെ പുതിയ രജിസ്‌ട്രേഷന്‍ നിയമങ്ങളും ഫോര്‍മാറ്റും സംബന്ധിച്ച് കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ വിജ്ഞാപനം. കരട് വിജ്ഞാപനം അനുസരിച്ച്, വിന്റേജ് വാഹനത്തെ ഇരുചക്ര വാഹനം അല്ലെങ്കില്‍ നാലുചക്ര വാഹനം എന്നാണ് നിര്‍വചിച്ചിരിക്കുന്നത്. ഈ വാഹനങ്ങള്‍ ആദ്യ രജിസ്‌ട്രേഷന്‍ തീയതി മുതല്‍ കുറഞ്ഞത് 50 വര്‍ഷം പഴക്കമുള്ളതായിരിക്കണം.
വിന്റേജ് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍, പുനര്‍ രജിസ്‌ട്രേഷന്‍ ആവശ്യങ്ങള്‍ക്കായി കാറിന്റെ സാധുവായ ഇന്‍ഷുറന്‍സ് പോളിസി, ഇറക്കുമതി ചെയ്ത വാഹനമാണെങ്കില്‍ എന്‍ട്രി ബില്‍, വാഹനം നേരത്തെ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തതാണെങ്കില്‍ പഴയ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉടമകള്‍ ഹാജരാക്കണമെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. വിന്റേജ് വാഹനങ്ങള്‍ക്ക് പുതിയ രജിസ്‌ട്രേഷന്‍ ഫോര്‍മാറ്റ് നല്‍കും. ആദ്യ രണ്ട് അക്ഷരങ്ങള്‍ സംസ്ഥാനത്തിന്റെ കോഡ് ആയിരിക്കും. പിന്നീട് കാണുന്ന വിഎ എന്നത് വിന്റേജ് വാഹനം എന്ന് സൂചിപ്പിക്കുന്നതാണ്. തുടര്‍ന്നുള്ള രണ്ട് അക്ഷരങ്ങള്‍ ഇരട്ടയക്ക സീരീസ് ആയിരിക്കും. അവസാന നാല് അക്ഷരങ്ങള്‍ 0001 നും 9999 നും ഇടയിലുള്ള സംഖ്യ ആയിരിക്കും. ഈ നാലക്ക നമ്പര്‍ അതത് സംസ്ഥാന രജിസ്ട്രിംഗ് അതോറിറ്റി അനുവദിക്കും.
കരട് അനുസരിച്ച്, ഒരു വിന്റേജ് വാഹനത്തിന് പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഉടമയ്ക്ക് 20,000 രൂപ ചെലവ് വരും. ഈ സര്‍ട്ടിഫിക്കറ്റ് പത്ത് വര്‍ഷത്തേക്ക് സാധുവായിരിക്കും. രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് ഉടമയ്ക്ക് 5,000 രൂപ വേറെയും ചെലവ് വരും. ഇത് 5 വര്‍ഷത്തേക്ക് സാധുവായിരിക്കും. വിന്റേജ് വാഹനങ്ങള്‍ വില്‍ക്കുന്നതിനുള്ള പുതിയ നിയമങ്ങളും തയ്യാറാക്കി. വിന്റേജ് വാഹനങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ ചെയ്താല്‍ വാങ്ങുന്നയാളും വില്‍ക്കുന്നയാളും 90 ദിവസത്തിനുള്ളില്‍ അതത് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റികളെ അറിയിക്കണമെന്ന് നിയമം അനുശാസിക്കുന്നു.
വിന്റേജ് വാഹനങ്ങള്‍ മറ്റ് വാഹനങ്ങളെപ്പോലെ പതിവായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും ഉടമകള്‍ക്ക് വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയില്ലെന്നും പുതിയ കരട് വിജ്ഞാപനം വ്യക്തമാക്കുന്നു. അതേസമയം, ഈ വാഹനങ്ങളുടെ ഉപയോഗത്തെ ‘പതിവ്’ എന്ന് തരംതിരിക്കാനുള്ള നിബന്ധനകള്‍ കരട് വിജ്ഞാപനത്തില്‍ വ്യക്തമല്ല. വിന്റേജ് അല്ലെങ്കില്‍ ക്ലാസിക് കാര്‍ ഉടമകള്‍ അവരുടെ കാറുകള്‍ പതിവായി ഉപയോഗിക്കുന്നതിന് സാധ്യതയില്ലാത്തതിനാല്‍ ഇത് ന്യായമാണെന്ന് പറയാം. ഹോബിയായും മറ്റും വാങ്ങുകയും പരിപാലിക്കുകയും ചെയ്യുന്നതിനാല്‍ ഇത്തരം കാറുകളുടെ ഉപയോഗം എപ്പോഴും പരിമിതമാണ്.
2020 നവംബറില്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചശേഷം നിരവധി ക്ലബ്ബുകളും ഉടമകളും വിന്റേജ് വാഹനങ്ങളുടെ കാര്യത്തില്‍ ആശ്വാസം ലഭിക്കുന്നതിനായി സര്‍ക്കാരിന് അപേക്ഷകള്‍ നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ പുതിയ വിജ്ഞാപനം രാജ്യത്തെ വിന്റേജ് വാഹന ഉടമകള്‍ക്കും ക്ലബ്ബുകള്‍ക്കും വലിയ ആശ്വാസമായി മാറുകയാണ്. ഇതിനുമുമ്പത്തെ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്ന നിയന്ത്രിത ഉപയോഗം, പൊളിക്കല്‍ നയം എന്നിവ ആശങ്ക സൃഷ്ടിച്ചിരുന്നു. സ്‌ക്രാപ്പേജ് പദ്ധതി സ്വമേധയാ ഉള്ളതായിരിക്കുമെന്ന് ഫെബ്രുവരിയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് വിന്റേജ്, ക്ലാസിക് കാര്‍ ഉടമകളുടെ ആശങ്കകള്‍ ഒരു പരിധിവരെ ഇല്ലാതാക്കി.
അമ്പത് വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ക്ലാസിക്, മോഡേണ്‍ ക്ലാസിക് വാഹനങ്ങള്‍ സംബന്ധിച്ച് പുതിയ വിജ്ഞാപനത്തില്‍ മാര്‍ഗനിര്‍ദേശങ്ങളൊന്നുമില്ല. സ്‌ക്രാപ്പേജ് നയം സ്വമേധയാ നടപ്പാക്കേണ്ടത് ആയതിനാല്‍ ക്ലാസിക് വാഹനങ്ങള്‍ ശേഖരിക്കുന്നവര്‍ക്ക് പ്രയാസം സൃഷ്ടിക്കില്ല. മാത്രമല്ല, ഭാവിയില്‍ ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നവരെ പിന്തിരിപ്പിക്കുകയുമില്ല.