നേപ്പാളിന് വാക്സിന്‍ നല്‍കുമെന്ന് നരേന്ദ്രമോദി
ന്യൂഡെല്‍ഹി: നേപ്പാളിന് കോവിഡ് 19 വാക്സിന്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതുതായി നിയമിതനായ നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദ്യൂബയുമായി ഫോണില്‍ സംസാരിക്കവെയാണ് മോദി ഈ ഉറപ്പുനല്‍കിയത്. “എന്‍റെ അഭിനന്ദനങ്ങളും ആശംസകളും അറിയിക്കാന്‍ പ്രധാനമന്ത്രി ദ്യൂബയുമായി സംസാരിച്ചു. കോവിഡിനെതിരായ പോരാട്ടത്തില്‍ ഉള്‍പ്പെടെ ഇന്ത്യയും നേപ്പാളും തമ്മിലുള്ള പരസ്പര സഹകരണം കൂടുതല്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും’ ട്വിറ്ററില്‍ മോദി കുറിച്ചു. പാര്‍ലമെന്‍റിലെ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച ദ്യൂബ ഒന്നര വര്‍ഷം കൂടി പ്രധാനമന്ത്രിയായി തുടരും.
രണ്ട് പ്രധാനമന്ത്രിമാരും ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്തതായും നേപ്പാളിലേക്ക് കോവിഡ് വാക്സിനുകള്‍ വിതരണം ചെയ്യുമെന്ന് മോദി ഉറപ്പ് നല്‍കിയതായും നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ആരോഗ്യ പ്രതിസന്ധിക്കെതിരായ നിരന്തര പരിശ്രമത്തിന്‍റെ പശ്ചാത്തലത്തില്‍ സഹകരണവും ഏകോപനവും ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയവും പറഞ്ഞു. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ (എസ്ഐഐ) നിന്ന് ഒരു ദശലക്ഷം കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍ക്കായി നേപ്പാള്‍ കാത്തിരിക്കുകയാണ്, വാക്സിന്‍ വിതരണം ഇന്ത്യ നിരോധിച്ചതിനെത്തുടര്‍ന്ന് എസ്ഐഐ ജാബുകള്‍ കയറ്റുമതി ചെയ്യുന്നത് നിര്‍ത്തിവച്ചിരുന്നു.