അംബാനിമാരുടെ ശ്രദ്ധയ്ക്ക് ടെലികോം മേഖലയും ‘തച്ചുടയ്ക്കാന്‍’ മസ്‌ക്
സ്റ്റാര്‍ലിങ്ക് പദ്ധതിയിലൂടെ വരുന്നത് ഇന്റര്‍നെറ്റ് വിപ്ലവം
ടെലികോം മേഖലയില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് കാത്തിരിക്കാം
ഇലോണ്‍ മസ്‌ക്കിനെ നാളെ അംബാനി വരെ ഭയക്കേണ്ടി വരും
കാലിഫോര്‍ണിയ: ഈ മാസം ആദ്യമാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായി ഇലോണ്‍ മസ്‌ക്ക് മാറിയത്. ഓട്ടോ വ്യവസായത്തെയും സ്‌പേസ് വ്യവസായത്തെയുമെല്ലാം വിപ്ലവാത്മകമായ രീതിയില്‍ തച്ചുടച്ച ശേഷം അടുത്ത വലിയ പദ്ധതിക്ക് ഒരുങ്ങുകയാണ് മസ്‌ക്ക്. അതിന് ഇന്ത്യയില്‍ വരെ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കും.
ടെസ്ലയെന്ന ഇലക്ട്രിക് കാര്‍ സംരംഭത്തിലൂടെ ഓട്ടോ വ്യവസായത്തിന്റെ ഘടന തന്നെ മാറി. ഫ്യൂച്ചറിസ്റ്റിക്കായ മസ്‌ക്കിന്റെ ചിന്ത ആയിരുന്നു അതിന് പിന്നില്‍. പുനരുപയോഗിക്കാവുന്ന റോക്കറ്റുകളിലൂടെ സ്‌പേസ് വ്യവസായത്തിലും വിപ്ലവം തീര്‍ത്തു അയാള്‍. സ്‌പേസ് ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെട്ട ചെലവുകളില്‍ വമ്പന്‍ കുറവാണ് മസ്‌ക്ക് കാരണമുണ്ടായത്.
ഇതിനെല്ലാം ശേഷം ഇപ്പോള്‍ ടെലി കമ്യൂണിക്കേഷന്‍ മേഖലയില്‍ കൂടി കണ്ണ് വച്ചിരിക്കുകയാണ് ഇലോണ്‍ മസ്‌ക്ക്. മസ്‌ക്കിന്റെ സ്‌പേസ് എക്‌സ്പ്ലറോഷന്‍ ടെക്‌നോളജീസ് 1000ത്തിലധികം സാറ്റലൈറ്റുകളാണ് തങ്ങളുടെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സര്‍വീസിനായി ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിനോടകം തന്നെ യുഎസ്, യുകെ, കാനഡ രാജ്യങ്ങളില്‍ നിന്ന് തന്റെ സ്റ്റാര്‍ലിങ്ക് സേവനത്തിന് കസ്റ്റമേഴ്‌സിനെ ചേര്‍ക്കാനും അദ്ദേഹം തുടങ്ങി. ഇന്‍ ഫ്‌ളൈറ്റ് ഇന്റര്‍നെറ്റ്, മാരിടൈം സര്‍വീസസ് തുടങ്ങിയവുമായി ബന്ധപ്പെട്ട ഒരു ട്രില്യണ്‍ ഡോളര്‍ വിപണിയിലേക്കാണ് മസ്‌ക്ക് ഇറങ്ങുന്നത്. ചൈനയും ഇന്ത്യയും തന്റെ ലിസ്റ്റിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു.
ഗ്രാമീണ മേഖലകളിലെ ഉപഭോക്താക്കളെ വരെ മസ്‌ക്ക് ലക്ഷ്യമിടുന്നുണ്ട്. സ്റ്റാര്‍ ലിങ്കിന്റെ ആദ്യകാല ഉപഭോക്താവായ ബ്രയാന്‍ റെന്‍ഡലിന്റെ അനുഭവം മതി മറ്റ് കമ്പനികളെ അല്‍ഭുതപ്പെടുത്താന്‍. 500 ഡോളര്‍ മുടക്കിയടത്ത് അയാള്‍ ഇപ്പോള്‍ മുടക്കുന്നത് വെറും 99 ഡോളര്‍. ലഭിക്കുന്നത് ഡൗണ്‍ലോഡുകള്‍ക്ക് ഒരു സെക്കന്‍ഡില്‍ 100 മെഗാബൈറ്റ് സ്പീഡ്. ഇതൊരു വിപ്ലവാത്മക വഴിത്തിരിവാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.
തങ്ങളുടെ ഫാല്‍ക്കണ്‍ റോക്കറ്റുകളില്‍ സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകള്‍ സ്‌പേസ് എക്‌സ് ലോഞ്ച് ചെയ്യാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഒരു ബാച്ചില്‍ 60 സാറ്റലൈറ്റുകള്‍ എന്ന് കണക്കെയാണ് വിക്ഷേപിക്കുന്നത്. 17ാമത് ലോഞ്ച് ജനുവരി 20നായിരുന്നു.
ഇന്റര്‍നെറ്റ് എന്നത് ഒരു ആഡംബരമല്ലാതാക്കി, അവശ്യ സേവനമായി മാറ്റുകയാണ് സ്‌പേസ് എക്‌സ് ഉന്നമിടുന്നത്. അത് വിപണിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കും. കൂടുതല്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍മാരെയും കസ്റ്റര്‍ സപ്പോര്‍ട്ട് മാനേജര്‍മാരെയും സെയ്ല്‍സ് ഡയറക്‌റ്റേഴ്‌സിനെയും എല്ലാം റിക്രൂട്ട് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സ്‌പേസ് എക്‌സ്. കൂടുതല്‍ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ഇവര്‍.
യുഎസ് മിലിറ്ററി, നാസ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കായി റോക്കറ്റുകള്‍ ലോഞ്ച് ചെയ്ത് പ്രശസ്തിയിലേക്കുയര്‍ന്ന സ്‌പേസ് എക്‌സിന്റെ ആസ്ഥാനം കാലിഫോര്‍ണിയയിലെ ഹോതോണ്‍ ആണ്.
………………………….
യുഎസ് മിലിറ്ററി, നാസ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കായി റോക്കറ്റുകള്‍ ലോഞ്ച് ചെയ്ത് പ്രശസ്തിയിലേക്കുയര്‍ന്ന സ്‌പേസ് എക്‌സിന്റെ ആസ്ഥാനം കാലിഫോര്‍ണിയയിലെ ഹോതോണ്‍ ആണ്