September 18, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

നുവാന്‍സിനെ 16 ബില്യണ്‍ ഡോളറിന് മൈക്രോസോഫ്റ്റ് ഏറ്റെടുക്കും  

ലിങ്ക്ഡ്ഇന്‍ വാങ്ങിയശേഷം മൈക്രോസോഫ്റ്റ് നടത്തുന്ന രണ്ടാമത്തെ വലിയ ഏറ്റെടുക്കലാണ് സംഭവിക്കാന്‍ പോകുന്നത്  

സ്പീച്ച് റെക്കഗ്നിഷന്‍ കമ്പനിയായ നുവാന്‍സ് കമ്യൂണിക്കേഷന്‍സിനെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 16 ബില്യണ്‍ ഡോളറിനാണ് നുവാന്‍സിനെ വാങ്ങുന്നത്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകും. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് നുവാന്‍സിനെ മൈക്രോസോഫ്റ്റ് ആദ്യം സമീപിച്ചതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു.

നുവാന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ഓരോ ഓഹരിക്കും ഏകദേശം 56 ഡോളറാണ് വില. ഏകദേശം 16 ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ഏറ്റെടുക്കലായിരിക്കും മൈക്രോസോഫ്റ്റ് നടത്തുന്നത്. ലിങ്ക്ഡ്ഇന്‍ വാങ്ങിയശേഷം മൈക്രോസോഫ്റ്റ് നടത്തുന്ന രണ്ടാമത്തെ വലിയ ഏറ്റെടുക്കലാണ് സംഭവിക്കാന്‍ പോകുന്നത്. 2016 ല്‍ 27 ബില്യണ്‍ ഡോളര്‍ നല്‍കിയാണ് ലിങ്ക്ഡ്ഇന്‍ സ്വന്തമാക്കിയത്. വോയ്‌സ് സോഫ്റ്റ്‌വെയര്‍ സംബന്ധിച്ച തങ്ങളുടെ കഴിവുകളും ശേഷികളും വര്‍ധിപ്പിക്കുന്നതിന് നുവാന്‍സ് ഏറ്റെടുക്കുന്നതിലൂടെ മൈക്രോസോഫ്റ്റിന് സാധിക്കും.

യുഎസ് ബഹുരാഷ്ട്ര കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി കോര്‍പ്പറേഷനാണ് നുവാന്‍സ്. മസാചുസെറ്റ്‌സിലെ ബര്‍ലിംഗ്ടണ്‍ ആസ്ഥാനമായാണ് നുവാന്‍സ് കമ്യൂണിക്കേഷന്‍സ് പ്രവര്‍ത്തിക്കുന്നത്. മനുഷ്യരുടെ സംസാരങ്ങള്‍ തിരിച്ചറിയുന്നതും (സ്പീച്ച് റെക്കഗ്നിഷന്‍) നിര്‍മിത ബുദ്ധിയുമാണ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, എഐ) പ്രവര്‍ത്തന മേഖല.

വാണിജ്യാടിസ്ഥാനത്തില്‍ വലിയ തോതില്‍ സ്പീച്ച് ആപ്ലിക്കേഷന്‍ ബിസിനസ് നടത്തുന്ന മേഖലയിലെ എതിരാളിയായ സ്‌കാന്‍സോഫ്റ്റുമായി 2005 ഒക്‌റ്റോബറില്‍ നുവാന്‍സ് ലയിച്ചിരുന്നു. സീറോക്‌സില്‍നിന്ന് ഉരുത്തിരിഞ്ഞ സ്‌കാന്‍സോഫ്റ്റിനെ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വെയര്‍ സ്‌കാനര്‍ കമ്പനിയായ വിഷനിയര്‍ 1999 ല്‍ വാങ്ങിയിരുന്നു. ലയനശേഷമുള്ള പുതിയ കമ്പനിയാണ് സ്‌കാന്‍സോഫ്റ്റ് എന്ന പേര് സ്വീകരിച്ചത്.

സംഭാഷണസംബന്ധിയായ നിര്‍മിത ബുദ്ധി മേഖലയില്‍ നൂതന രീതികള്‍ കൊണ്ടുവരുന്നവരില്‍ പ്രധാനിയാണ് ഇപ്പോള്‍ നുവാന്‍സ്. ഓരോ ബിസിനസിനും ഓരോ സവിശേഷ സാഹചര്യത്തിനും അനുയോജ്യമായ സാങ്കേതികവിദ്യകള്‍ സൃഷ്ടിക്കുന്നു. 2020 ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ ഏഴ് മില്യണ്‍ ഡോളറിന്റെ അറ്റാദായമാണ് നുവാന്‍സ് നേടിയത്. വരുമാനം 346 മില്യണ്‍ ഡോളര്‍.

തന്ത്രപരമായ സംരംഭങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്നത് തുടര്‍ന്നതായും ആരോഗ്യ രംഗത്തെ തങ്ങളുടെ പ്രധാന പ്ലാറ്റ്‌ഫോമുകളില്‍ ക്ലൗഡ് പരിവര്‍ത്തനത്തിന്റെ വേഗം വര്‍ധിപ്പിക്കുന്നതായും സംരംഭ മേഖലയിലെ ‘ആദ്യം നിര്‍മിത ബുദ്ധി’യെന്ന തങ്ങളുടെ സമീപനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും നുവാന്‍സ് സിഇഒ മാര്‍ക്ക് ബെഞ്ചമിന്‍ പറഞ്ഞു. ആരോഗ്യ രംഗത്ത് തങ്ങളുടെ ക്ലൗഡ് അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്. വര്‍ഷാവര്‍ഷം ക്ലൗഡ് വരുമാനത്തില്‍ 28 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുന്നതായി അദ്ദേഹം വ്യക്തമാക്കി.

Maintained By : Studio3