കെഎസ്ആര്‍ടിസി : എല്‍എന്‍ജി ബസുകളുടെ സര്‍വീസ് തുടങ്ങി
1 min readതിരുവനന്തപുരം: കേരളത്തില്‍ എല്‍എന്‍ജി ഇന്ധനം ഉപയോഗിച്ച് ആദ്യമായി സര്‍വ്വീസിന് ഉപയോഗിക്കുന്ന ബസ് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം – എറണാകുളം, എറണാകുളം -കോഴിക്കോട് റൂട്ടു കളിലാണ് ബസ് സര്‍വീസ്. തിരുവനന്തപുരം സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 12 മണിയ്ക്കാണ് ആദ്യ സര്‍വീസ് തുടങ്ങിയത്.
ലോകമെമ്പാടും ഹരിത ഇന്ധനങ്ങളിലേക്കുള്ള ചുവടു മാറ്റം വ്യാപകമാകുന്ന സാഹചര്യത്തിലാണ്, കെഎസ് ആര്‍ടിസിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിത ഇന്ധനത്തിലേക്കുള്ള ചുവടു മാറ്റമെന്നും ഇതിലൂടെ ഇന്ധന ചെലവ് കുറയ്ക്കാനാകുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ഡീസല്‍ ബസുകള്‍ ഹരിത ഇന്ധനങ്ങളായ എല്‍എന്‍ ജി യിലേക്കും സി എന്‍ ജി യിലേക്കും മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരുകയാണ്.
നിലവിലുള്ള 400 പഴയ ഡീസല്‍ ബസ്സുകളെ എല്‍എന്‍ജിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവ് നല്‍കിയിട്ടുണ്ട്. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ഉടമസ്ഥതയില്‍ ഉള്ള ഈ രംഗത്തെ പ്രമുഖ സ്ഥാപനമായ പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡ് നിലവില്‍ അവരുടെ പക്കലുള്ള രണ്ട് എല്‍.എന്‍ ജി ബസ്സുകള്‍ മുന്ന് മാസത്തേക്ക് കെഎസ്ആര്‍ടിസിക്ക് വിട്ടു തന്നിട്ടുണ്ട്. കെഎസ്ആര്‍ടി.സി ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ബിജു പ്രഭാകര്‍ ചടങ്ങില്‍ വെച്ച് പെട്രോനെറ്റ് എല്‍എന്‍ജി-യുമായുള്ള ധാരണപത്രത്തില്‍ ഒപ്പുവെച്ചു. മൂന്ന് മാസ കാലയളവില്‍ ഈ ബസുകളുടെ സാങ്കേതികവും സാമ്പത്തികവുമായ സാധ്യതാപഠനം നടത്തും. കൂടാതെ ഡ്രൈവര്‍മാരുടെയും മെയിന്‍റനന്‍സ് വിഭാഗം ജീവനക്കാരുടെയും അഭിപ്രായങ്ങളും ശേഖരിക്കും