പരാതികള്‍ അറിയിക്കാം : ‘പിഡബ്ല്യുഡി 4 യു’ ഇനി ആപ്പ് സ്റ്റോറിലും
23,400 പേര്‍ പത്ത് ദിവസത്തിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട വിവിധ പരാതികളും വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്താനുള്ള പിഡബ്ല്യുഡി 4 യു ആപ്ലിക്കേഷന്‍ ഇപ്പോള്‍ ആപ്പിള്‍ ആപ്സ്റ്റോറിലും ലഭ്യമാകും. റോഡുകളുടേയും പാലങ്ങളുടേയും ഫോട്ടോ അടക്കം അപ് ലോഡ് ചെയ്ത് വകുപ്പിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ഈ ആപ്പ് അവതരിപ്പിച്ചിട്ടുള്ളത്.
നിലവില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലായിരുന്നു ആപ്പ് ലഭ്യമായിരുന്നത്. 23,400 പേര്‍ പത്ത് ദിവസത്തിനകം ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. 4264 പേര്‍ ആപ്പിലൂടെ വ്യത്യസ്ത വിഷയങ്ങള്‍ ശ്രദ്ധയില്‍ പെടുത്തി.ഇതില്‍ 4050 പരാതികളും പരിശോധിച്ചു കഴിഞ്ഞുവെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
നടപടികള്‍ ആവശ്യമായ 1615 പരാതികള്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചു നല്‍കി. ലഭിച്ച കുറേ പരാതികള്‍ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടതല്ലെന്നും മന്ത്രി പറയുന്നു. ആദ്യത്തെ മൂന്നു മാസം പരീക്ഷണ അടിസ്ഥാനത്തിലാണ് ആപ്പിന്‍റെ പ്രവര്‍ത്തനം. ഇതിനു ശേഷം ആവശ്യമെങ്കില്‍ കൂടുതല്‍ സവിശേഷതകള്‍ അവതരിപ്പിച്ച് ആപ്പിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും ശ്രമിക്കുന്നതായാണ് വിവരം